Samskriti

അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ട് ‘ഹരിവരാസനം’ സാരാംശം ഇങ്ങനെ …

Published by

ഹരിവരാസനം എന്നാല്‍ ധര്‍മ്മശാസ്താവിന്റെ ഇരിപ്പിനെയാണ് ഉദ്ദേശിക്കുന്നത്. അതായത് ഹരിയെന്ന വാക്കിന് ഇരുപത് എന്നര്‍ത്ഥം സംസ്‌കൃത ശ്ലോകത്തിലുണ്ട്. എന്നാല്‍ വിഷ്ണു, ശിവന്‍, കുതിര, സിംഹം, ആകര്‍ഷിക്കുക, ഇല്ലാതാക്കുക എന്നീ അര്‍ത്ഥങ്ങളും ഇതിനുണ്ട്.

”ഹരിവരാസനം വിശ്വമോഹനം” എന്ന അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ട് കേട്ടിട്ടില്ലാത്തവര്‍ ആരുംതന്നെ ഉണ്ടാവില്ല. 1955-ല്‍ കമ്പക്കൂടി കുളത്തൂര്‍ അയ്യരാണ് ഈ ഗാനം രചിച്ചത്. വാസ്തവത്തില്‍ ഈ ഗാനം അയ്യപ്പസ്തുതിയാണ്. ഉറക്കുപാട്ടിന്റെ തലത്തിലാണ് ഈ ഗാനം.

കച്ചേരികളിലും ഭജനകളിലുമെല്ലാം മദ്ധ്യമാവതി രാഗത്തിലാണ് ഈ ഗാനം മംഗളമായി ആലപിക്കുന്നത്. മറ്റെല്ലാ ആലാപനങ്ങളിലും പിഴവു വന്നാല്‍ മദ്ധ്യമാവതി പാടിയാല്‍ ആ ദോഷങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് സംഗീതശാസ്ത്ര നിഗമനം.

ഹരിവരാസനം

ഭാഷയ്‌ക്കുതന്നെ പുതുമയുള്ള ഒരു പദമാണ് ഹരിവരാസനം. അതായത് സംസ്‌കൃത ഭാഷയില്‍ ഹരിവരാസനം എന്ന പദം നേരിട്ടുള്ളതല്ല. ഹരിവരാസനം എന്നാല്‍ ധര്‍മ്മശാസ്താവിന്റെ ഇരിപ്പിനെയാണ് ഉദ്ദേശിക്കുന്നത്. അതായത് ഹരിയെന്ന വാക്കിന് ഇരുപത് എന്നര്‍ത്ഥം സംസ്‌കൃത ശ്ലോകത്തിലുണ്ട്.
എന്നാല്‍ വിഷ്ണു, ശിവന്‍, കുതിര, സിംഹം, ആകര്‍ഷിക്കുക, ഇല്ലാതാക്കുക എന്നീ അര്‍ത്ഥങ്ങളും ഇതിനുണ്ട്. വിശ്വമോഹനം എന്നതിന് അര്‍ത്ഥമാക്കുന്നത് വിശ്വത്തെ മോഹിപ്പിക്കുന്നതായ ആ ഇരിപ്പിടം ആകര്‍ഷിക്കുന്നുവെന്നാണ്.

ഹരിദധീശ്വരം എന്നതില്‍ ഹരി എന്നുള്ളതിന് വിഷ്ണുവെന്നോ, ശിവനെന്നോ കരുതാം. ഹരി=ദധ=ഈശ്വരം= ഹരിദധീശ്വരം. ഹരി എന്നാല്‍ ദിക്കുകള്‍, ദിക്കുകള്‍ക്ക് അധിപന്‍ അഥവാ നാലു ദിക്കുകളും ഭരിക്കുന്ന രാജാവ് എന്ന അര്‍ത്ഥവും കൂടിയുണ്ട്. ആരാധ്യപാദുകങ്ങള്‍ എന്നുപറഞ്ഞാല്‍ പാദങ്ങളോ, ഇരിപ്പോ ആരാധിക്കപ്പെടേണ്ടതാണ്. അരിവി മര്‍ദ്ദനം എന്നാല്‍ ശത്രുക്കളെ ഇല്ലാതാക്കുന്നതില്‍ കഴിവുള്ളവനും ദിവസവും നടനം ചെയ്യുന്നവനുമായ ശങ്കരനാരായണന്മാരുടെ പുത്രനായ ദേവനെ ആശ്രയിക്കുന്നു.

ശരണ കീര്‍ത്തനം:

ആശ്രിതന്മാരാല്‍ കീര്‍ത്തിക്കപ്പെടുന്നവനാണ് ശ്രീ അയ്യപ്പന്‍. ശരണകീര്‍ത്തനമായ സ്വാമിയേ ശരണമയ്യപ്പാ എന്ന ശരണംവിളിയും ഇതില്‍ അര്‍ത്ഥമാക്കുന്നു. ഏതുകാര്യത്തിനും ഭക്തര്‍ക്ക് ഒരാശ്രയമുണ്ടെന്ന ചിന്ത ഭക്തഹൃദയങ്ങളെ ശക്തമാക്കുന്നു. ലക്ഷോപലക്ഷം ഭക്തന്മാരുടെ ആവലാതികള്‍ കേള്‍ക്കുമ്പോള്‍ അധര്‍മ്മം ഇല്ലാതാക്കുന്ന ആളാണ് ധര്‍മ്മശാസ്താവ്. ആ ദോഷമില്ലാതാക്കുന്നതിനുവേണ്ടി മനസ്സ് ശക്തമാക്കുന്നു. ഇതാണ് ശക്തമാനസം എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഭരണലോലുപം:

രാജകീയ ഭാവത്തിലുള്ള ധര്‍മ്മശാസ്താവ് ഭരിക്കാനും നയിക്കാനും വളരെ ശ്രദ്ധാലുവാണ്. ഭക്തരുടെ ദുഃഖങ്ങളാണ് രാജാവിന്റെ ശത്രുക്കള്‍. ഭക്തന്മാരുടെ മനസ്സാണ് സാമ്രാജ്യം. ഭക്തന്മാരെ സ്നേഹിക്കുകയും രക്ഷിക്കുകയും ചെയ്യുകയാണ് ധര്‍മ്മശാസ്താവിന്റെ ഭരണം.

നര്‍ത്തനാലസം എന്നാല്‍ നടനം ചെയ്ത് അലസനായവന്‍ അഥവാ ഭരണം എന്ന നാടകം അതുമല്ലെങ്കില്‍ ഭക്തന്റെ രക്ഷയെന്നതും ശത്രുവിനെ ഇല്ലാതാക്കുന്നതും ശാസ്താവിന് ഒരു നൃത്തവിനോദം പോലെയാണ്.

അരുണഭാസുരം ഭൂതനായകം എന്ന വാക്കുകള്‍കൊണ്ട് അര്‍ത്ഥമാക്കുന്നത് സൂര്യനെപ്പോലെ സൗന്ദര്യമുള്ളവന്‍ ആണെന്നാണ് ശാസ്താവിന്റെ പ്രഭയെ വര്‍ണ്ണിക്കുന്നത്. സര്‍വ്വ ജീവജാലങ്ങളുടെയും പഞ്ചഭൂതങ്ങളായ ആകാശം, വായു, അഗ്‌നി, ജലം, ഭൂമി ഇവയെക്കൂടി ഉത്പാദിപ്പിച്ചിരിക്കുന്നു.

പ്രണയസത്യകം, പ്രാണനായകം:
സത്യകന്‍ എന്നൊരു പുത്രന്‍ ധര്‍മ്മശാസ്താവിനുണ്ട്. ആ പുത്രനാല്‍ ആരാധിക്കപ്പെട്ടവനും സ്നേഹിക്കപ്പെട്ടവനുമാണ് ധര്‍മ്മശാസ്താവ്. സത്യത്തിലും ധര്‍മ്മത്തിലും താല്പര്യമുള്ളവരാല്‍ ആശ്രയിക്കപ്പെട്ടവനാണ് ധര്‍മ്മശാസ്താവ്. ‘പ്രാണ’ എന്ന ശബ്ദം ജീവനെ കാട്ടുന്നു. പുത്രന്‍ പിതാവിന്റെ പ്രാണാംശമാണ്. സത്യത്തെ അന്വേഷിക്കുന്നവനാണ് സത്യകന്‍. ഈ ജീവജാലങ്ങളെല്ലാം കൂടിയാണ് ധര്‍മ്മശാസ്താവിന്റെ പുത്രന്‍. സത്യകന്‍ ദേഹവും ശാസ്താവ് ആത്മാവുമാകുന്നു.

പ്രണയകല്‍പിതം സുപ്രഭാഞ്ചിതം:

നമസ്‌ക്കരിക്കുന്നവര്‍ക്ക് കല്‍പവൃക്ഷമാണ്. സ്വര്‍ഗ്ഗത്തിലെ എല്ലാം നല്‍കുന്ന വൃക്ഷമാണ് കല്‍പവൃക്ഷം. കല്‍പകം എന്നാല്‍ വേദശാസ്ത്രാന്തര്‍ഗതമായ
തത്വം എന്നും ത്രികാലങ്ങളെന്നും അര്‍ത്ഥമാക്കാം. പ്രഭ എന്നാല്‍ ചേതനാശക്തിയെന്നും ബ്രഹ്മതേജസ്സ് എന്നുമാണ് അര്‍ത്ഥം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by