Kerala

ഇസ്രയേല്‍ വിനോദ സഞ്ചാരികളെ അപമാനിച്ച സംഭവത്തിൽ പോലീസിന് വീഴ്ച ഉണ്ടായെന്ന് ആക്ഷേപം; ടൂറിസം മേഖലയ്‌ക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക

Published by

കുമളി: ഇസ്രയേല്‍ വിനോദ സഞ്ചാരികളെ കശ്മീരി വ്യാപാരികള്‍ കടയില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നു. കേരളത്തിലെ ടൂറിസം മേഖലയെ ബാധിക്കുന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.

അന്താരാഷ്‌ട്ര സമൂഹത്തിന് മുന്നില്‍ ഭാരതത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുന്ന സംഭവം ഉണ്ടായിട്ടും സ്ഥലത്ത് എത്താനോ കേസ് എടുക്കാനോ പോലീസ് തയാറായില്ലെന്ന പരാതിയാണ് ഉയരുന്നത്.

വിഷയത്തില്‍ പോലീസിന്റെയും സര്‍ക്കാരിന്റെയും വീഴ്‌ച്ച സംബന്ധിച്ച് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കശ്മീരി വ്യാപാരികള്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയും കര്‍ശന നിലപാട് സ്വീകരിച്ചു.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഇസ്രയേല്‍ വിനോദ സഞ്ചാരികളെ അപമാനിച്ച സംഭവം ഉണ്ടായത്. കശ്മീരി സ്വദേശികള്‍ നടത്തുന്ന വ്യാപാര സ്ഥാപനത്തില്‍ എത്തിയവര്‍ ഇസ്രയേല്‍ സ്വദേശികളാണെന്ന് മനസിലാക്കിയതോടെയാണ് ഉടമ ഹയാസ് അഹമ്മദ് റാത്തര്‍ ഇസ്രയേലുകാര്‍ക്ക് സാധനം നല്കില്ലെന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തത്. പ്രശ്‌നത്തില്‍ നാട്ടുകാര്‍ ഇടപെട്ടതോടെയാണ് കശ്മീരി സ്വദേശികള്‍ മാപ്പ് പറയാന്‍ തയാറായത്.

ഇന്ത്യയിലെത്തുന്ന ഇസ്രയേലി പൗരന്മാര്‍ക്ക് പ്രത്യേക സംരക്ഷണവും പരിഗണനയും ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കിയിട്ടുള്ളതാണ്. ഇത് നിലനില്‍ക്കെയാണ് സംസ്ഥാന സര്‍ക്കാരും പോലീസും സംഭവത്തെ ലഘുവാക്കി കണ്ടത്. കശ്മീരി വ്യാപാരികളുടെ പശ്ചാത്തലമോ മറ്റ് ബന്ധങ്ങളോ അന്വേഷണ വിധേയമാക്കാന്‍ പോലീസ് തയാറായിട്ടില്ല. പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കില്ലെന്ന നിലപാടിലാണ് പോലീസ്.

വിഷയം ചര്‍ച്ചയായതോടെയാണ് വ്യാപാരസ്ഥാപനത്തിലേക്ക് ഉടമകളായ കശ്മീരി വ്യാപാരികള്‍ എത്തരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്കിയത്. ഇവര്‍ക്ക് സ്ഥാപനം നടത്താന്‍ സൗകര്യം നല്കില്ലെന്ന നിലപാടിലാണ് കെട്ടിട ഉടമയും.

സംസ്ഥാന സര്‍ക്കാരിന്റെയും പോലീസിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് കാസയും ന്യൂനപക്ഷ മോര്‍ച്ചയും ഇന്നലെ കുമളിയില്‍ സംയുക്ത പ്രതിഷേധം നടത്തി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by