പത്തനംതിട്ട : എത്ര കണ്ടാലും കൊതിതീരാത്ത ശബരീശ സന്നിധിയിൽ നിന്ന് മനം നിറഞ്ഞ് പടിയിറങ്ങി ശബരിമല, മാളികപ്പുറം മേൽശാന്തിമാർ. ശബരിമല മേൽശാന്തി പി.എം. മഹേഷും മാളികപ്പുറം മേൽശാന്തി പി.ജി മുരളിയുമാണ് ഇന്ന് മലയിറങ്ങിയത്.
ഒരുവർഷം നീണ്ട പൂജകൾ പൂർത്തിയാക്കി പടിയിറങ്ങും മുൻപ് അയ്യപ്പ സന്നിധിയിൽ മണിക്കൂറുകൾ നീണ്ട ധ്യാനത്തിലായിരുന്നു ഇരുവരും . എല്ലാ പൂജകളും കൃത്യതയോടെ നടത്താൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിലാണു മലയിറക്കം.കോടമഞ്ഞ്, തണുപ്പ്, രൂക്ഷമായ പൊടിശല്യം എന്നിവയെല്ലാം ഉണ്ടായിട്ടും ചെറിയ പനി പോലും വരാതെ ഭഗവാൻ കാത്തുസൂക്ഷിച്ചുവെന്നാണ് ഇവർ പറയുന്നത് .
അയ്യപ്പസന്നിധിയിലെ ഒരു വർഷത്തെ ജീവിതം, മനസിനും ആത്മീയ ജീവിതത്തിനും സമാനതകളില്ലാത്ത അനുഭവങ്ങളാണ് നൽകിയതെന്ന് . ഇവരുടെ ഒരു വർഷത്തെ ശബരിമല ഉപാസനയ്‌ക്ക് ശേഷം ഇന്ന് മണ്ഡലകാലം തുടങ്ങുന്നതിനാൽ പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും.കഷ്ടതകൾ അകറ്റണമെന്ന പ്രാർഥനകളുമായി എത്തിയ ഭക്തരെ ഓർത്ത് അവരുടെ പേരും നാളും പറഞ്ഞു പൂജ കഴിച്ചപ്പോൾ മനസ്സിനു ശാന്തി തോന്നി. കിട്ടുന്ന ഇടവേളകളിലെല്ലാം ഇവർ അയ്യപ്പ സന്നിധിയിൽ ധ്യാനത്തിൽ കഴിഞ്ഞു.
ശബരിമല പുതിയ മേൽശാന്തിയായി ശക്തികുളങ്ങര തോട്ടത്തിൽ മഠം നാരായണീയത്തിൽ എസ്.അരുൺകുമാർ നമ്പൂതിരി ഇന്ന് ചുമതലയേറ്റു .ആലുവ തന്ത്രവിദ്യാപീഠത്തിലെ വിദ്യാർഥിയായ മകൻ ജാതദേവൻ അച്ഛനൊപ്പം കുറച്ചുദിവസം പൂജകളിൽ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക