Thrissur

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മണ്ഡലകാല ശുദ്ധി ചടങ്ങുകള്‍ക്ക് തുടക്കമായി; ഇന്ന് തപാൽ ജീവനക്കാരുടെ ചുറ്റുവിളക്ക്

Published by

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മണ്ഡലകാല ശുദ്ധി ചടങ്ങുകള്‍ക്ക് ആരംഭമായി. ഇന്നലെ സന്ധ്യയ്‌ക്ക് പ്രാസാദശുദ്ധി ചടങ്ങുകളും, ഹോമവും നടന്നു. ഇന്ന് രാവിലെ പഞ്ചകാന്തി ശുദ്ധി ചടങ്ങുകളും, ബിംബ ശുദ്ധിയും നടന്നു. ചുറ്റുവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നടക്കാറുള്ള കാഴ്‌ച്ചശീവേലി ഇന്നുണ്ടാകില്ല. ഇന്ന് രാവിലെ ശീവേലിയ്‌ക്ക് ശേഷം ഭക്തര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി.

മണ്ഡലകാല ദിനാരംഭമായ നാളെ 25 കലശം, പഞ്ചഗവ്യാഭിഷേകം, ഉച്ചപൂജ എന്നിവ ക്ഷേത്രം തന്ത്രി നിര്‍വ്വഹിയ്‌ക്കും. ഞായറാഴ്‌ച്ച മുതല്‍ മണ്ഡലം 40 ദിവസം പഞ്ചഗവ്യാഭിഷേകവും, ഉച്ചപൂജയും ഓതിയ്‌ക്കന്മാര്‍ നിര്‍വ്വഹിയ്‌ക്കും. മണ്ഡലം 41-ാം ദിവസം കളഭാഭിഷേകവും, ഉച്ചപൂജയും ക്ഷേത്രം തന്ത്രി നിര്‍വ്വഹിയ്‌ക്കും. നാളെ മുതല്‍ 30 ദിവസം വീരാണം, ഇടുതുടി തുടങ്ങിയ വിശേഷ വാദ്യങ്ങളോടെ 5 പ്രദക്ഷിണത്തോടേയാണ് രാവിലത്തെ ശീവേലി.

ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ചുറ്റുവിളക്ക് മഹോത്സവത്തിന്റെ 5-ാംദിവസമായ ഇന്ന്, തപാല്‍ ജീവനക്കാരുടെ വകയായുള്ള ചുറ്റുവിളക്ക് സമ്പൂര്‍ണ്ണ നെയ്യ് വിളക്കായി ആഘോഷിയ്‌ക്കും. ക്ഷേത്രത്തില്‍ വൈകിട്ട് കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തിലുള്ള മൂന്നാനകളോടേയുള്ള കാഴ്‌ച്ചശീവേലി, സന്ധ്യയ്‌ക്ക് തായമ്പക, രാത്രി വിളക്കെഴുന്നെള്ളിപ്പിന് പരയ്‌ക്കാട് തങ്കപ്പന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം, ക്ഷേത്രത്തിന് പുറത്ത് രാവിലെ 8 മണിമുതല്‍ വിവിധ കലാപരിപാടികളും ഉണ്ടായിരിയ്‌ക്കും.

ക്ഷേത്രത്തില്‍ നവംബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ ഇന്നലെ പൂര്‍ത്തിയായപ്പോള്‍ 5,10,07,365 രൂപ ലഭിച്ചു. കൂടാതെ 2 കിലോ, 461 ഗ്രാം സ്വര്‍ണ്ണവും, 16 കിലോ, 470 ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 52 നോട്ടും, നിരോധിച്ച ആയിരം രൂപയുടെ 11 നോട്ടുകളും, അഞ്ഞൂറിന്റെ 43 കറന്‍സിയും ഭണ്ഡാരത്തില്‍നിന്നും ലഭിച്ചു.

ഇതിനുംപുറമെ കിഴക്കേ നട ഇ ഭണ്ഡാരം വഴി 2.74 ലക്ഷം രൂപയും, പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരം വഴി 51103 രൂപയും ലഭിച്ചു. കനറാ ബാങ്ക് ഗുരുവായൂര്‍ ശാഖയ്‌ക്കായിരുന്നു ഇത്തവണത്തെ എണ്ണല്‍ ചുമതല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by