Article

ആയുഷ്മാന്‍ ഭാരത്: ലോകോത്തരം ഈ അഭിമാന പദ്ധതി

Published by

രാജ്യത്തെ എഴുപത് വയസ് കഴിഞ്ഞ എല്ലാ പൗരന്മാര്‍ക്കും വര്‍ഷംതോറും 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു നല്‍കുന്ന ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ആരോഗ്യ യോജനയുടെ രണ്ടാം ഘട്ടത്തിനു തുടക്കമായി. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് സാര്‍വത്രിക സ്വഭാവമുണ്ടാകണമെന്ന മഹത്തായ ക്ഷേമരാഷ്‌ട്ര സങ്കല്‍പത്തെ അതിന്റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ പദ്ധതി. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. ജനക്ഷേമത്തിനുപരിയായി ഒരു രാഷ്‌ട്രതന്ത്രവുമില്ലെന്ന് ഈ പദ്ധതി വിളമ്പരം ചെയ്യുന്നു. പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ കോടിക്കണക്കായ വയോജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. തീരുമാനം കൊള്ളാം. പക്ഷേ നടപ്പിലാവില്ലെന്നു മാത്രം എന്നാണ് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ഈ പദ്ധതിയെ പരിഹസിച്ചത്.

ഭാരതത്തെ പോലെ ഒരു രാജ്യത്തിന് ഇത്രയും ഭീമമായ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ല എന്നതാണ് ചൂണ്ടിക്കാട്ടിയ കാരണം. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതല്ല, മറിച്ച് നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ സുചിന്തിതമായ തീരുമാനങ്ങളാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പഴുതടച്ച മറുപടി. അത് അക്ഷരംപ്രതി യാഥാര്‍ഥ്യമായി. ഇവിടെ ഡിജിറ്റല്‍ ഇക്കോണമിയുടെ കാര്യത്തിലെന്നപോലെ ആരോഗ്യ പദ്ധതിയുടെ കാര്യത്തിലും അപക്വമായ പ്രസ്താവന നടത്തി കോണ്‍ഗ്രസ്് നാണം കെട്ടു.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത് മുഖ്യമായും സാമ്പത്തിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഇവിടെ വരുമാന പരിധി പരിഗണിക്കാതെ എല്ലാ ജനവിഭാഗങ്ങള്‍ക്കും സമ്പന്ന-ദരിദ്ര ഭേദമന്യേ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പു നല്‍കുന്നു. 13,000 സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ 29,000 ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികള്‍ ആദ്യ ഘട്ടത്തില്‍ ഇതിനായി എംപാനല്‍ ചെയ്തു കഴിഞ്ഞിരിക്കുന്നു. നിലവില്‍ മറ്റേതെങ്കിലും സര്‍ക്കാര്‍/ സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നവര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാണ്. 25 സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ ഉള്‍പ്പെടെ കാര്‍ഡിയോളജി ,നൂറോളജി തുടങ്ങി 1354 മെഡിക്കല്‍ സര്‍ജിക്കല്‍ പാക്കേജുകളും പദ്ധതിയുടെ പരിധിയില്‍ വരും. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന പരാതിക്ക് ഇതോടെ പരിഹാരമാകും. അംഗങ്ങളാവാന്‍ ഇടനിലക്കാരെ ആശ്രയിക്കേണ്ടതില്ല. ആയുഷ്മാന്‍ ഭാരത് സീനിയര്‍ സിറ്റിസണ്‍ സ്‌കീമിനായി വെബ്‌സൈറ്റിലൂടെയും ആയുഷ്മാന്‍ ആപ്പിലൂടെയും അപേക്ഷിക്കാം. അര്‍ഹതപ്പെട്ട ഒരാള്‍ പോലും പുറത്താവില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും.
നമ്മുടെ നാട്ടില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതായാണ് കണക്ക്. ആയുര്‍ദൈര്‍ഘ്യം കൂടുന്നത് വികസ്വര രാജ്യങ്ങളില്‍ കാണുന്ന പൊതുവായ പ്രതിഭാസമാണ്. ഭാരതത്തില്‍ ജനസംഖ്യയുടെ 10.5 ശതമാനം 60 വയസിന് മുകളിലുള്ളവരാണ്. 2050 ആവുമ്പോഴേക്കും അത് 20 ശതമാനം കടക്കുമെന്ന് കരുതുന്നു. ഇവരില്‍ 18 ശതമാനത്തിനു മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്. കാന്‍സര്‍ ഡയാലിസിസ് പോലെ ദീര്‍ഘകാല ചികിത്സ ആവശ്യമുള്ള രോഗങ്ങള്‍ വരുമ്പോള്‍ ഇടത്തരക്കാര്‍ക്കുപോലും സാമ്പത്തിക ബാധ്യത താങ്ങാനാവുന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ കുടുംബങ്ങള്‍ സാമ്പത്തികമായും തകരും. പൊതുചികിത്സാ രംഗത്തു നിന്ന് സര്‍ക്കാര്‍ പാടെ പിന്‍വാങ്ങിയ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ പാവപ്പെട്ട രോഗികള്‍ വന്നുവീഴുന്നത് സ്വകാര്യ ആശുപത്രികള്‍ വിരിക്കുന്ന വലയിലാണ്. ഇവിടെ ഒരു രൂപ പ്രീമിയം പോലും ആവശ്യമില്ലാത്ത മോദിയുടെ ആരോഗ്യ പദ്ധതി ജനങ്ങള്‍ക്ക് അനുഗ്രഹമാകും.

യുദ്ധരംഗത്തെന്ന പോലെ ആരോഗ്യ രംഗത്തും പ്രതിരോധത്തിന് പ്രസക്തിയേറെയാണ്. ആധുനിക കാലത്ത് വ്യാപകമാവുന്ന കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ പ്രാരംഭദിശയില്‍ കണ്ടെത്താനായാല്‍ ചികിത്സിച്ചു ഭേദപ്പെടുത്താനാവും. അതുവഴി രോഗികളുടെ വര്‍ധനവ് നിയന്ത്രിക്കാനുമാവും. എന്നാല്‍ നമ്മുടെ നാട്ടിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥ ദയനീയമാണ്. സോവിയറ്റ് ആസൂത്രണ മാതൃകയെ അന്ധമായി അനുകരിച്ച് ഭാരതത്തിന്റെ ആത്മാവുറങ്ങിക്കിടക്കുന്ന ഗ്രാമങ്ങളെ കോണ്‍ഗ്രസ് അവഗണിച്ചതിന്റെ പരിണിതഫലം. ചികിത്സാ കേന്ദ്രങ്ങളെത്തന്നെ ചികിത്സിക്കേണ്ട സാഹചര്യം!. സ്ഥിരമായി ഡോക്ടര്‍മാരില്ല. ഉണ്ടെങ്കില്‍ത്തന്നെ ചികിത്സാ സൗകര്യങ്ങളില്ല. അങ്ങനെ പോവുന്നു പരാധീനതകള്‍. ഈ സാഹചര്യത്തില്‍ പ്രാഥമിക ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനായി കേന്ദ്ര സര്‍ക്കാര്‍ രാജ്യ വ്യാപകമായി ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ ആരംഭിക്കാനും ഇതോടൊപ്പം തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 1.73 ലക്ഷം ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകള്‍ നിലവില്‍ വന്നു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും ഉപ ആരോഗ്യ കേന്ദ്രങ്ങളും അതോടെ സമഗ്ര ആരോഗ്യ കേന്ദ്രങ്ങളായി മാറും. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ത്തന്നെ ചികിത്സ ഉറപ്പു വരുത്തുന്നതാണ് ഈ സംവിധാനം.

കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം ആരോഗ്യ മേഖലയുടെ സമഗ്രമാറ്റമാണ്. ആയുഷ്മാന്‍ ഭാരത് വയോവന്ദന കാര്‍ഡുകള്‍ വിതരണം ചെയ്ത ചടങ്ങില്‍ വെച്ച് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ ഉള്‍പ്പെടെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ക്കായി നരേന്ദ്ര മോദി 12850 കോടി രൂപ പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണ് .

രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്ത് ആരോഗ്യമുള്ള ജനതയാണെന്ന തിരിച്ചറിവിന്റെ സൃഷ്ടിയാണ് ഈ പദ്ധതി. കോടികള്‍ അംഗങ്ങളാവുന്ന ആരോഗ്യ പദ്ധതിയുടെ വ്യാപ്തി വളരെ വലുതാണ്. ആര്‍ക്കും പരാതിക്കിട നല്‍കാതെ ക്ലെയിം ആന്‍ഡ് സെറ്റില്‍മെന്റ് സുഗമമായി നടക്കാന്‍ ആവശ്യമായ വിപുലമായ ഐ.ടി സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. അപ്പോഴും ഈ ലോകോത്തര പദ്ധതിക്കെതിരെ ദല്‍ഹി, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ്. സ്വന്തമായി ഒന്നും ചെയ്യില്ല. മറ്റാരെയും ചെയ്യാന്‍ അനുവദിക്കുകയുമില്ല എന്നതാണ് ഇവരുടെ പ്രഖ്യാപിത നയം. വികസന വിഷയങ്ങളില്‍ രാഷ്‌ട്രീയം അരുതെന്ന പ്രധാനമന്ത്രിയുടെ ഉപദേശവും ഇവരുടെ കണ്ണു തുറപ്പിച്ചില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നിരവധി. എന്നാല്‍ പദ്ധതികളുടെ പ്രയോജനം എങ്ങനെ ജനങ്ങളിലെത്തിക്കാം എന്നു ചിന്തിക്കുന്നതിന് പകരം എങ്ങനെ മുടക്കാം എന്ന് ഇക്കൂട്ടര്‍ ഗവേഷണം നടത്തുന്നു. ജനവികാരം മോദിക്കനുകൂലമായാലോ എന്നാണ് ഭയം. മൂക്ക് മുറിച്ച് ശകുനം മുടക്കുന്നവര്‍. സമീപ ഭാവിയില്‍ തന്നെ സത്യം തിരിച്ചറിഞ്ഞ് ജനങ്ങള്‍ ഇവര്‍ക്കെതിരെ തിരിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കേരളം ഇന്ന് ഈ പദ്ധതിയുടെ ഭാഗമാണ്. എന്നാല്‍ തുടക്കത്തില്‍ കേരളവും ഇടം തിരിഞ്ഞു നിന്നു. എംപാനല്‍ ചെയ്യേണ്ട ആശുപത്രികളുടെ ലിസ്റ്റ് തരാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും കൊടുക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. കേരളത്തിന്റെ ആരോഗ്യ മേഖല അനാഥമായിട്ട് കാലമേറെയായി. സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി കൊണ്ടുവന്ന മെഡി സെപ് പോലും ഇന്ന് അവതാളത്തിലാണ്. അപ്പോഴും കേരളത്തിന്റെ ആരോഗ്യ മേഖല നമ്പര്‍ വണ്‍ ആണെന്ന് മേനി പറഞ്ഞ് ഇടതു സര്‍ക്കാര്‍ കേന്ദ്ര പദ്ധതിക്കെതിരെ മുഖം തിരിച്ചു. ഒടുവില്‍ ബിജെപിയുടെ സംസ്ഥാന ഘടകം ഇടപെട്ടു. മറ്റുമാര്‍ഗമില്ലെന്നു വന്നപ്പോഴാണ് കേരളവും വഴിക്കുവന്നത്. പ്രധാനമന്ത്രി മുന്നോട്ടുവച്ച ഈ അഭിമാന പദ്ധതി ലക്ഷ്യം കാണേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അവിടെ സങ്കുചിത രാഷ്ടീയ താല്‍പര്യങ്ങള്‍ക്ക് യാതൊരു സ്ഥാനവുമുണ്ടാകരുത്.

( ബിജെപി ദേശീയ സമിതിയംഗമാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക