Kerala

കളക്ടര്‍ക്കും ദിവ്യയ്‌ക്കുമെതിരെ ഉറച്ച് നവീന്റെ കുടുംബം; പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു

Published by

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ക്കെതിരായ മൊഴിയില്‍ ഉറച്ച് കുടുംബം. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെയും മറ്റു കുടുംബാംഗങ്ങളുടെയും മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. നവീന്‍ ബാബുവിന്റെ കോള്‍ ലിസ്റ്റിന്റെ കോപ്പിയുമായാണ് അന്വേഷണസംഘം എത്തിയത്.

നവീന്‍ ബാബു വിളിച്ചതാരൊക്കെയാണെന്ന് വ്യക്തത വരുത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ ശ്രമം. യാത്രയയപ്പിലും പെട്രോള്‍ പമ്പ് വിഷയത്തിലും ഗൂഢാലോചന സംശയിക്കുന്നതായി കുടുംബം മൊഴി നല്‍കി. കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തത്.

ഉച്ചയോടെ പത്തനംതിട്ട മലയാലപ്പുഴയിലെ നവീന്‍ ബാബുവിന്റെ വീട്ടിലെത്തിയ അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി എടുത്തശേഷം മടങ്ങി. പി.പി. ദിവ്യ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന് പിന്നിലെ ഗൂഢാലോചന ഉള്‍പ്പടെ സമഗ്രമായ അന്വേഷിക്കണമെന്നാണ് സഹോദര്‍ അടക്കമുള്ളവരുടെ ആവശ്യം. വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് അന്വേഷണ സംഘം മടങ്ങിയത്. മൊഴിയെടുപ്പിനുശേഷം കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

കേസില്‍ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ ഉന്നയിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക