ജേസിയുടെ ‘ശാപമോക്ഷ’ത്തില്‍ ഒരു ഗായകന്റെ റോളിലഭിനയിച്ച ജയന് സുപ്രിയ ഫിലിംസിന്റെ ബാനറില്‍ ഹരിഹരന് സംവിധാനം ചെയ്ത പഞ്ചമി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് പ്രസിദ്ധനായത്. ഈ ചിത്രത്തിന്റെ ടൈറ്റിലില്‍ ഞങ്ങള്‍ പരിചയപ്പെടുത്തുന്ന പുതുമുഖം ജയന് എന്ന് സ്ക്രീനില്‍ മിന്നിമായുമ്പോള്‍ തീയേറ്ററില്‍ കാണികള്‍ കയ്യടിച്ചു.
കാട്ടാനയുടെ ചവിട്ടേറ്റു മരിക്കുന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ വേഷമാണ് ജയന് അവതരിപ്പിച്ചത്. റേഞ്ചറുടെ വേഷം ചെയ്യാമെന്നേറ്റ ചലച്ചിത്രതാരം കെ.പി. ഉമ്മറിന് ചിത്രീകരണ വേളയില്‍ പറഞ്ഞ ദിവസം എത്താന്‍ കഴിഞ്ഞില്ല. ചെന്നൈയിലെ സത്യ സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം. ഉമ്മര്‍ വരാത്തതുകൊണ്ട് ചിത്രീകരണം നിര്‍ത്തി പോകാനൊരുങ്ങുമ്പോള്‍ നടി ജയഭാരതി, കൂടെ വന്ന ബന്ധുവായ ചെറുപ്പക്കാരനെ ഹരിഹരന് പരിചയപ്പെടുത്തി. റേഞ്ച് ഓഫീസറുടെ വേഷത്തിന് ചേരുമെന്ന് അഭിപ്രായപ്പെട്ടു. ജയനെ കണ്ടതൊരു നിയോഗം പോലെയാണ് ഹരിഹരന് തോന്നിയത്. പിന്നീട് മേക്കപ്പിട്ട് റേഞ്ച് ഓഫീസറുടെ വേഷത്തില്‍ സെറ്റില്‍ വന്നപ്പോള്‍ നിര്‍മാതാവ് ഹരിപോത്തനും, നായകനായ പ്രേംനസീറും, ക്യാമറാമാന് മെല്ലി ഇറാനിക്കും ജയന്റെ ഗെറ്റപ്പ് ഇഷ്ടപ്പെട്ടു. ചിത്രത്തിലെ നായിക ജയഭാരതിക്കും ബഹദൂറിനും ഒപ്പമുള്ള ഒരു രംഗം ജയനെവച്ച് ചിത്രീകരിച്ചു. മൂന്ന്, നാല് രംഗങ്ങളിലെ അനായാസകരമായ ഭാവങ്ങളും നോട്ടവും തിളങ്ങുന്ന കണ്ണുകളും സംഭാഷണ ഗാംഭീര്യവും കണ്ടപ്പോള്‍ തന്നെ പ്രേംനസീര്‍ പറഞ്ഞു ‘ഇവനൊരു സംഭവമായിരിക്കും കേട്ടോ ഹരന്.’
പിന്നീട് ഹരിഹരന് ഇവനെന്റെ പ്രിയപുത്രന്, അടിമക്കച്ചവടം എന്നീ ചിത്രങ്ങളിലും പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ജയന് നല്കി. അദ്ദേഹത്തെ ശരപഞ്ജരത്തിലെ പ്രധാന കഥാപാത്രത്തിന് തീരുമാനിച്ചപ്പോള്‍ ചിലര്‍ക്ക് അതിഷ്ടപ്പെട്ടില്ല. ചിത്രത്തിന്റെ വിതരണക്കാരായ ഹസീന ഫിലിംസ് വിതരണത്തില്‍നിന്ന് പിന്മാറുകയും പകരം ഏയ്ഞ്ചല്‍ ഫിലിംസ് വിതരണം ഏറ്റെടുക്കുകയും ചെയ്തു. നിര്‍മാതാവ് ജി.പി. ബാലന് എല്ലാം സംവിധായകന്റെ ഇഷ്ടത്തിനനുസരിച്ച് വിടുകയായിരുന്നു. കൊടൈക്കനാലില്‍ വച്ചായിരുന്നു ശരപഞ്ജരം കൂടുതലും ചിത്രീകരിച്ചത്. ഒരു ദിവസം കാലത്ത് ചിത്രീകരണ സ്ഥലത്തെ ബംഗ്ലാവിന്റെ മുറ്റത്തേക്കിറങ്ങിയപ്പോള്‍ കുതിരപ്പന്തിയില്‍ കുതിരയുടെ ഉടമസ്ഥന് കുതിരയെ മസാജ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടു. ശരപഞ്ജരത്തിലെ കുതിരക്കാരനായി അഭിനയിക്കുന്ന ജയന്റെ ചന്ദ്രശേഖരന് എന്ന കഥാപാത്രം ഷീലയുടെ കഥാപാത്രമായ സൗദാമിനിയുടെ കാഴ്ചപ്പാടില്‍ കുതിരയെ മസാജ് ചെയ്യുന്ന രംഗത്തിന്റെ പിറവി അങ്ങനെയാണ്.
മറ്റൊരു ദിവസം ജയനും സത്താറും തമ്മിലുള്ള സംഘട്ടനരംഗം ചിത്രീകരിച്ചത് തമിഴ്നാട്, ആന്ധ്ര അതിര്‍ത്തിയിലുള്ള ഒരു വനപ്രദേശത്തെ പാറക്കെട്ടുകളിലായിരുന്നു. രണ്ടുമൂന്നു മണിക്കൂര്‍ കാറില്‍ സഞ്ചരിച്ചാല്‍ മാത്രമേ ഇവിടേക്ക് എത്തുകയുള്ളൂ. ചിത്രീകരണത്തിന് ഒരുങ്ങുമ്പോഴേക്കും സംഘട്ടന സംവിധായകന് ത്യാഗരാജനെ അന്വേഷിച്ച് കാളി എന്ന തമിഴ് ചിത്രത്തിന്റെ പ്രൊഡ്യൂസറും സംഘവുമെത്തി. ചിത്രത്തിലെ നായകനായ രജനീകാന്ത് സ്റ്റുഡിയോയില്‍ കാത്തിരിക്കുകയാണെന്നും ഇത് മറ്റൊരു ദിവസം എടുക്കാമെന്നും പറഞ്ഞ് ത്യാഗരാജന് അവരുടെ കാറില്‍ കയറിപ്പോയി.
എന്തു ചെയ്യണമെന്നറിയാതെ ഹരിഹരന് നില്ക്കുമ്പോള് ജയന് അരികില്‍ ചെന്ന് പറഞ്ഞു ”സാര്‍, ചിന്തിച്ച് വിഷമിക്കേണ്ട. ഫൈറ്റ് സീന്‍ സത്താറിനെ വെച്ച് ഞാന്‍ സെറ്റപ്പ് ചെയ്യാം. സാര്‍ ഷോട്ടുകള്‍ എടുത്താല്‍ മതി” എന്ന്. അങ്ങനെ ജയന് കമ്പോസ് ചെയ്ത ക്ലൈമാക്സിലെ ആ സംഘട്ടനരംഗം ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റായി പരിണമിച്ചു. പിന്നീട് ഈ ശൈലിയിലുള്ള സംഘട്ടനരംഗങ്ങള്‍ വേണമെന്ന് മറ്റു ചിത്രങ്ങളിലെ സംവിധായകര്‍ സംഘട്ടന സംവിധായകരോട് പറയാന്‍ തുടങ്ങി.
തിരുവനന്തപുരത്ത് ഹോട്ടല്‍ താരയില്‍ എം.ടിയുടെ തിരക്കഥയില്‍ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്ന ഹരിഹരനെ, ജിയോ കുട്ടപ്പനാണ് ശരപഞ്ജരം കണ്ട് ആദ്യം വിളിച്ച് അഭിനന്ദനം അറിയിച്ചത്. ”മിസ്റ്റര്‍ ഹരന് നിങ്ങള്‍ മലയാള സിനിമയ്ക്ക് ഒരു മഹാനടനെയാണ് സംഭാവന ചെയ്തത്. നോക്കിക്കോളൂ മലയാള സിനിമയില്‍ ഇനി ജയന്റെ സമയമായിരിക്കും.”
ഫോണ്‍കോളുകള്‍ പ്രവഹിച്ചുകൊണ്ടിരുന്നു. ജയന് എന്ന ചലച്ചിത്ര താരത്തെ കുറിച്ചായിരുന്നു പലരും പറഞ്ഞുകൊണ്ടിരുന്നത്. ഹരിഹരനെ, ജയന് വിളിച്ചത് രാത്രിയിലായിരുന്നു. അഭിനന്ദനങ്ങള്‍ക്ക് മറുപടി പറയാന്‍ വാക്കുകള്‍ കിട്ടാതെ ജയന് പ്രയാസപ്പെടുന്നത് പോലെ തോന്നി. ”ഷൂട്ടിങ് താര ഹോട്ടലിലല്ലേ. ഞാനവിടെ വന്ന് സാറിനെ നേരില്‍ കാണാം.” എന്നു മാത്രം ഒരു വിധം പറഞ്ഞ് ജയന് ഫോണ്‍ വച്ചു.
തിരുവനന്തപുരത്ത് ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയുടെ ലൊക്കേഷനില്‍ അടുത്ത ദിവസം തന്നെ ജയന് വന്നു. അവിടെ മധു, സോമന്, ശങ്കരാടി, ശ്രീവിദ്യ തുടങ്ങിയ ചലച്ചിത്ര താരങ്ങളും ഉണ്ടായിരുന്നു. ജയന് ഓടി വന്ന് ഹരിഹരന്റെ കാലില്‍ തൊട്ട് വന്ദിച്ചു. എന്നിട്ട് വികാരാധീനനായി പറഞ്ഞു ”സിനിമയില്‍ എനിക്കൊരു പുതിയ ജന്മമാണ് സാര്‍ തന്നത്.” അതിനായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല ജയന്. എല്ലാം ഒരു നിയോഗമാണെന്ന് കരുതിയാല്‍ മതി എന്നായിരുന്നു ഹരിഹരന്റെ മറുപടി.
ശരപഞ്ജരത്തിന്റെ വിജയത്തിനുശേഷം പ്രേംനസീര്‍ പറഞ്ഞതുപോലെ ജയന് ഒരു തരംഗമായി മാറിക്കഴിഞ്ഞിരുന്നു. ജയന് ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു. അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
ചെന്നൈയിലെ നുങ്കംപാക്കത്തെ പാംഗ്രോവ് ടൂറിസ്റ്റ് ഹോമിലായിരുന്നു ജയന് താമസിച്ചിരുന്നത്. മലയാള ചലച്ചിത്ര വേദിയിലെ ഒട്ടേറെ നിര്‍മാതാക്കളും സംവിധായകരും ജയനെ തേടി പാംഗ്രോവ് ടൂറിസ്റ്റ് ഹോമില്‍ എത്തിയതിന് ഹരിഹരന് സാക്ഷ്യംവഹിച്ചിട്ടുണ്ട്. പലര്‍ക്കും വേണ്ടി ജയനോട് ശുപാര്‍ശ ചെയ്യേണ്ടതായും വന്നിട്ടുണ്ട്. ഒരു അദ്ധ്യാപകനും ശിഷ്യനും തമ്മിലുള്ള ബന്ധത്തിനപ്പുറം ഒരു സൗഹൃദവും ഇരുവരും തമ്മിലുണ്ടായിരുന്നില്ല എന്നാണ് ഹരിഹരന് പറഞ്ഞിരുന്നത്.
പ്രേംനസീറിനെയും ജയനേയും നായകരാക്കി എടുത്ത അങ്കുരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് തിരക്കുകാരണം സംവിധായകനായ ഹരിഹരനോട് പറയാതെ മറ്റൊരു ചിത്രത്തിലഭിനയിക്കാന്‍ ജയന് പോകേണ്ടി വന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ ജയന്റെ റോള്‍ സുകുമാരന്‍ നല്‍കേണ്ടിവന്നു. ഇതേത്തുടര്‍ന്ന് ജയനും ഹരിഹരനും അകല്‍ച്ചയിലായിരുന്നു. പിന്നീട് ദേവരാജന്റെ നിര്‍ദ്ദേശപ്രകാരം പിണക്കം തീര്‍ക്കാന്‍ ഇരുവരും ഒരു കൂടിക്കാഴ്ച തീരുമാനിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ‘കോളിളക്ക’ത്തിന്റെ ക്ലൈമാക്സ് രംഗത്തിനിടയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജയന് മരിച്ചുപോയത് വേദന പടര്‍ത്തുന്ന അനുഭവമാണ്. 1980 നവംബര്‍ 16 നാണ് ജയന് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.
അജ്ഞാതമായ എന്തോ ഒരാകര്‍ഷണ ശക്തി ജയന്റെ സൗന്ദര്യത്തിലും സിദ്ധിയിലുമുണ്ടായിരുന്നു എന്നു വേണം കരുതാന്‍. ആരാധകരുടെ ഹൃദയത്തില്‍ ഒരു ധ്രുവനക്ഷത്രം പോലെ ആ പ്രതിഭ ഇന്നും ജ്വലിച്ചുകൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: