Health

തിരക്കിട്ട ജീവിതത്തില്‍ കാര്യമായി ആരോഗ്യം ശ്രദ്ധിക്കാന്‍ കഴിയുന്നില്ലേ?; ആത്തച്ചക്ക കഴിച്ചു നോക്കൂ… ഗുണങ്ങളേറെ!

Published by

ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വന്നതോടെ ആരോഗ്യകാര്യങ്ങളില്‍ ഇന്ന് മിക്കവര്‍ക്കും വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാറില്ല. എന്നാല്‍ ഭക്ഷണങ്ങളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യ ഗുണങ്ങള്‍ ഒരു പരിധി വരെ നേടിയെടുക്കാനാകും. ഇത്തരത്തില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് കസ്റ്റാര്‍ഡ് ആപ്പിള്‍ അഥവാ സീതപ്പഴം (ആത്തചക്ക). വിറ്റാമിനുകള്‍, ധാതുക്കള്‍, അയേണ്‍, കാത്സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയവയൊക്കെ സീതപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായ ആത്തച്ചക്ക ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കുടലിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. സീതപ്പഴത്തില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാല്‍ ഇവ വിളര്‍ച്ചയുള്ളവര്‍ കഴിക്കുന്നത് നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

കണ്ണുകളുടെ ആരോഗ്യത്തിനും ഇവ മികച്ചതാണ്. കലോറി കുറഞ്ഞ സീതപ്പഴം ശരീരഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ സീതപ്പഴം ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by