Kerala

ശബരിമല നട നാളെ തുറക്കും; ദര്‍ശന സമയം കൂട്ടി

Published by

ശബരിമല: മണ്ഡല മകര വിളക്കു തീര്‍ത്ഥാടനത്തിന് ശബരിമല ക്ഷേത്ര നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിയിച്ച് അയ്യപ്പ സ്വാമിയെ ഭക്തജന സാന്നിധ്യമറിയിക്കും. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രം തുറക്കാന്‍ താക്കോലും ഭസ്മവും നല്കി മേല്‍ശാന്തി പി.എം. മുരളി നമ്പൂതിരിയെ യാത്രയാക്കും.

പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിക്കും. അതിനു ശേഷം ഭക്തര്‍ക്കായി പതിനെട്ടാംപടിയുടെ വാതില്‍ തുറക്കും. നിയുക്ത മേല്‍ശാന്തിമാരാണ് ആദ്യം പടി കയറുക. എസ്. അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമലയിലും ടി. വാസുദേവന്‍ നമ്പൂതിരി മാളികപ്പുറത്തും മേല്‍ശാന്തിമാരായി ചുമതലയേല്‍ക്കും.

കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ കലശം പൂജിച്ച് അഭിഷേകം ചെയ്യും. പിന്നീട് കൈപിടിച്ച് ശ്രീകോവിലില്‍ കൊണ്ടുപോയി മൂലമന്ത്രം ചൊല്ലിക്കൊടുക്കും. ആദ്യം ശബരിമല ക്ഷേത്രത്തിലെയും പിന്നീട് മാളികപ്പുറത്തെയും മേല്‍ശാന്തിമാരുടെ അഭിഷേകം നടക്കും. തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ ഡിസംബര്‍ 26ന് വൈകിട്ട് 6.30നാണ്. മകര വിളക്കിനായി ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. മകര വിളക്ക് ജനുവരി 14നാണ്.

മണ്ഡല മകര വിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ 18 മണിക്കൂര്‍ ദര്‍ശന സൗകര്യം ഒരുക്കും. പുലര്‍ച്ചെ മൂന്നിന് നട തുറക്കും. ഉച്ചയ്‌ക്ക് ഒരു മണി വരെയും വൈകിട്ട് മൂന്ന് മുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശനം.

ഒരു ദിവസം 80,000 പേര്‍ക്ക് ദര്‍ശനം അനുവദിക്കും. 70,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തും 10,000 പേര്‍ക്ക് തത്സമയ ബുക്കിങ്ങിലൂടെയുമാണിത്. തത്സമയ ബുക്കിങ്ങിനായി പമ്പയില്‍ ഏഴ് കൗണ്ടറും എരുമേലിയിലും വണ്ടിപ്പെരിയാറിലും ക്രമീകരണവുമൊരുക്കും. തത്സമയ ബുക്കിങ്ങിന് ആധാര്‍ കാര്‍ഡോ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐഡി പകര്‍പ്പോ നിര്‍ബന്ധമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിലയ്‌ക്കല്‍, പമ്പ ഹില്‍ടോപ്പ്, ചക്കുപാലം 2 എന്നിവിടങ്ങളില്‍ ഒരേ സമയം 15,000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. ഫാസ്ടാഗ് വഴിയാണ് പാര്‍ക്കിങ് ഫീസ് സ്വീകരിക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by