Kerala

മുഞ്ചിറ മഠം മൂപ്പില്‍ സ്വാമിയാര്‍ സമാധിയായി

Published by

തൃശ്ശൂര്‍: തോടകാചാര്യ പരമ്പരയിലെ മുഞ്ചിറ മഠം മൂപ്പില്‍ സ്വാമിയാര്‍ ശ്രീമദ് പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥ സമാധിയായി. തിരുവനന്തപുരത്തായിരുന്നു സമാധി. ഭൗതിക ദേഹം ഇരിങ്ങാലക്കുട അവിട്ടത്തൂരിലെ ആശ്രമത്തിലെത്തിച്ച് വിധിപ്രകാരം സമാധിയിരുത്തി.

തൃശ്ശൂര്‍ എടയില്‍ മഠം, താനൂര്‍ തൃക്കൈക്കാട്ട് മഠം, തൃച്ചംബരത്ത് കിഴക്കേ മഠം, കന്യാകുമാരി മുഞ്ചിറ മഠം, തൃശ്ശൂര്‍ അവിട്ടത്തൂര്‍ മഠം, കോട്ടയം തിരുനക്കര മഠം എന്നിവയുടെ മഠാധിപതിയായിരുന്നു. തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരായിരുന്നു. തൃച്ചംബരം തോടക മഠാധിപതി എന്ന നിലയില്‍ ബദരീനാഥ് സ്വാമിയാര്‍ കൂടിയായിരുന്നു. നിരവധി ക്ഷേത്രങ്ങളുടെ ട്രസ്റ്റി, ശ്രീരാഘവപുരം സഭാ യോഗം തുടങ്ങി നിരവധി ധര്‍മ സംഘടനകളുടെയും വേദപാഠശാലകളുടെയും രക്ഷാധികാരി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

വാസുദേവ ബ്രഹ്മാനന്ദ തീര്‍ത്ഥ സ്വാമിയാരുടെ ശിഷ്യനായ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥ ഒരു ദശകമായി സ്വാമിയാരായി അവരോധിതനായിട്ട്. ആയിരക്കണക്കിന് സത്സംഗങ്ങളില്‍ സംസാരിക്കുകയും അദൈ്വത സിദ്ധാന്തം പ്രചരിപ്പിക്കുകയും ചെയ്തു.

ദേവസ്വം സ്വത്തുക്കള്‍ കൈയേറുന്നവര്‍ക്കെതിരേ സ്വാമിയാര്‍ നടത്തിയ പോരാട്ടങ്ങള്‍ കേരളത്തില്‍ ഹൈന്ദവ ജാഗരണത്തിന് കാരണമായി. അന്യാധീനപ്പെടുമായിരുന്ന ശങ്കര മഠങ്ങള്‍ ഭീഷണികളെ അതിജീവിച്ച് സംരക്ഷിച്ചു. നിലവിലെ ഇളമുറ സ്വാമിയാരായ നാരായണ ബ്രഹ്മാനന്ദ തീര്‍ത്ഥ സ്വാമിയാരാണ് പിന്‍ഗാമി.

സമാധിയിരുത്തല്‍ ചടങ്ങില്‍ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി, തെക്കേ മഠം ഇളമുറ സ്വാമിയാര്‍ നരസിംഹാനന്ദ ബ്രഹ്മാനന്ദ ഭൂതി, നടുവില്‍ മഠം ഇളമുറ സ്വാമിയാര്‍ അച്യുത ഭാരതി, മുഞ്ചിറ മഠം ഇളമുറ സ്വാമിയാര്‍ നാരായണ ബ്രഹ്മാനന്ദ തീര്‍ത്ഥ, ശ്രീരാമകൃഷ്ണാശ്രമം പ്രബുദ്ധ കേരളം എഡിറ്റര്‍ സ്വാമി നന്ദാത്മജാനന്ദ, അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിലെ ദേവചൈതന്യാനന്ദ സ്വാമി, മന്ത്രി വി. അബ്ദുറഹിമാന്‍, ആര്‍എസ്എസ് ഉത്തര കേരള പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍, തെക്കേ മഠം മാനേജര്‍ വടക്കുമ്പാട് നാരായണന്‍, നടുവില്‍ മഠം മാനേജര്‍ എടമന വാസുദേവന്‍, തൃക്കൈക്കാട്ട് മഠം മാനേജര്‍ പാവിരി കൃഷ്ണ മോഹന്‍, യോഗക്ഷേമ സഭ ജില്ലാ സെക്രട്ടറി കാവനാട് കൃഷ്ണന്‍, ദ്വിജ ക്ഷേമം ചെയര്‍മാന്‍ പേരാങ്ങോട് വാസുദേവന്‍, പദ്മനാഭ സ്വാമി ക്ഷേത്രം തന്ത്രി നെടുമ്പള്ളി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പന്തല്‍ വൈദികന്‍ ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. സ്വാമിയാരുടെ ഭൗതിക ശരീരം വാദ്യഘോഷങ്ങളോടെ അവിട്ടത്തൂര്‍ മഹാവിഷ്ണു ക്ഷേത്രം പ്രദക്ഷിണം വച്ച് പൂജിച്ച ശേഷമാണ് സമാധിയിരുത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by