ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന എം.എ. നിഷാദ് ചിത്രം ഒരു മാധ്യമപ്രവര്‍ത്തകന്‍ നടത്തുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തനവും അതില്‍ നിന്നും കണ്ടെത്തുന്ന ഞെട്ടിക്കുന്ന സത്യങ്ങള്‍ മനസിലാക്കി നീതി നിഷേധിക്കപ്പെട്ടവര്‍ക്കായി നടത്തുന്ന പോരാട്ടവുമാണ്. അയാളുടെ ദുരൂഹതയെ പിന്തുടരുന്ന ഒരു സംഘം പോലീസ് ഉദ്യോഗസ്ഥര്‍ തമസ്‌കരിക്കപ്പെട്ട കുറ്റകൃത്യങ്ങളിലേക്കെത്തുന്നു. ഒരു സാധാരണ ക്രൈംതില്ലര്‍ പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകനു മുന്നില്‍ ഒന്നിലധികം സാമൂഹ്യവിഷയങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രത്യേകതയാണ് ചിത്രത്തിനുള്ളത്. തിരക്കഥയും സംവിധാനവും അഭിനയവും എന്ന ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത എം.എ. നിഷാദ് ഡിഐജിയായി വിരമിച്ച തന്റെ പിതാവ് പി.എം. കുഞ്ഞുമൊയ്തീന്റെ പോലീസ് അനുഭവങ്ങള്‍ ചിത്രത്തിലേക്ക് പകര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കണ്ടു പരിചയിച്ച പോലീസ് അന്വേഷണരീതികള്‍ അല്ല പ്രേക്ഷകര്‍ക്കു മുന്നില്‍ സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകനായ ജീവന്‍ തോമസിന്റെ തിരോധാനത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. വാകത്താനം കൊലക്കേസ് പ്രതികളെ കോടതിയില്‍ എത്തിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോയ ജീവന്‍ അവിടെ നിന്നും അപ്രത്യക്ഷനാവുന്നു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ട ബന്ധുക്കള്‍ തുടരന്വേഷണത്തിന് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുന്നതോടെ കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് കോടതി ഉത്തരവിടുന്നു. മാധ്യമപ്രവര്‍ത്തകനായതിനാല്‍ വലിയ താല്‍പര്യം കാട്ടാത്ത ഉന്നത ഉദ്യോഗസ്ഥര്‍ പൊതുവെ ഉഴപ്പുന്ന കോട്ടയം ക്രൈംബ്രാഞ്ചിന്റെ തലയിലേക്ക് കേസ് വച്ചുകൊടുക്കുന്നു. കേരള പോലീസില്‍ സ്വാധീനമുപയോഗിച്ച് തലവേദനയുള്ള കേസില്‍ നിന്നും ഊരുന്ന ചില ഉദ്യോഗസ്ഥരുടെ പ്രതീകമായിട്ടാണ് എം.എ. നിഷാദ് അവതരിപ്പിക്കുന്ന ഡിവൈഎസ്പി ഐസക്ക് മാമന്‍ രംഗത്തെത്തുന്നത്. എന്നാല്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ഐസക്ക് മാമന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് നടക്കുന്നില്ല. എന്നാല്‍ ടീം രൂപീകരിക്കപ്പെട്ടതോടെ, എസ്‌ഐയില്‍ തുടങ്ങി ഡിവൈഎസ്പിയിലെത്തിയ ഐസക്ക് മാമന്റെ അനുഭവസമ്പത്തിലൂടെ കൃത്യതയോടും ചടുലതയോടും നടത്തുന്ന അന്വേഷണം ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ വഴിമാറുന്നതാണ് ചിത്രം കാണിക്കുന്നത്. ജീവന്‍ തോമസ് കൊല്ലപ്പെട്ടുവെന്നു കരുതുന്നിടത്ത് നിന്ന് ചിത്രം വഴിമാറുമ്പോള്‍ മറ്റൊരു കുറ്റകൃത്യത്തിന്റെ അന്വേഷണത്തിലേക്കുള്ള സംഘത്തിന്റെ യാത്ര പുനരാരംഭിക്കുകയാണ്.
കുടുംബബന്ധങ്ങളുടെ ഊഷ്മളതയും സൗഹൃദങ്ങളുടെ ആഴവും കൊവിഡ് കാലം ജീവിതങ്ങളെ മാറ്റിമറിക്കുന്നതും പോലീസ് ജീവിതത്തിലെ സംഘര്‍ഷങ്ങളുമെല്ലാം പ്രേക്ഷകനു മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്. ഒരുപാട് കഥാതന്തുക്കളിലൂടെ ചിത്രം കടന്നുപോകുന്നത് ഉണ്ടാക്കുന്ന ദൈര്‍ഘ്യവും ചില സംഭാഷണ ശകലങ്ങളും ചിത്രത്തിന്റെ ഒഴുക്കിന് ചെറിയ തോതിൽ തടസം വരുത്തിയിട്ടുണ്ട്.
കായികമേഖലയില്‍ നടക്കുന്ന അപചയം സിനിമയിലെ പ്രധാന കഥാതന്തുവാണ്. പഞ്ചാബില്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പിന് പോകുന്ന ഓട്ടോതൊഴിലാളിയായ ഉബൈദിന്റെ മകളുടെ ഭക്ഷ്യവിഷബാധയേറ്റുണ്ടായ മരണത്തിലെ ദുരൂഹത സിനിമ ചര്‍ച്ച ചെയ്യുമ്പോള്‍ സിനിമ കണ്ടിറങ്ങുന്ന പ്രക്ഷേകരില്‍ ചിലരുടെയെങ്കിലും മനസില്‍ മലയാളികള്‍ മറന്നുപോയ പത്തുവയസുകാരി പെണ്‍കുട്ടിയുടെ മുഖം ഓടിയെത്തും. 2022 ഡിസംബറില്‍ നാഗ്പൂരില്‍ നടന്ന ജൂനിയര്‍ സൈക്കിള്‍പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നുപോയ സൈക്കിള്‍ പോളോ ടീമിലെ ആലപ്പുഴക്കാരിയായ നിദ ഫാത്തിമയുടെ മരണത്തിലെ ദുരൂഹത രക്ഷിതാക്കള്‍ക്ക് നാളിതുവരെയും മാറിയിട്ടില്ല. അസോസിയേഷനുകളുടെ ശീതസമരത്തില്‍ രണ്ട് അസോസിയേഷനുകളുടെ ടീമുകളാണ് അന്ന് ടൂര്‍ണമെന്റിനെത്തിയത്. പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ മകന് സ്വാധീനമുള്ള അസോസിയേഷന് സൈക്കിള്‍ പോളോ ഫെഡറേഷനും സംഘാടകരും അനുമതി നല്‍കിയപ്പോള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള ടീം കോടതിയെ സമീപിച്ച ശേഷമാണ് മത്സരത്തിനെത്തിയത്. എന്നാല്‍ ഈ ടീമിന് താമസസൗകര്യമോ ഭക്ഷണമോ സംഘാടകര്‍ ഒരുക്കിയില്ല. പുറത്തുനിന്ന് ഭക്ഷണം കഴിച്ച ടീമിലെ അംഗമായിരുന്നു നിദ ഫാത്തിമ. ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ട നിദ ഫാത്തിമയ്‌ക്ക് ഇഞ്ചക്ഷന്‍ നല്‍കിയതോടെ മരണം സംഭവിച്ചുവെന്ന വിവരം മാത്രമാണ് രക്ഷിതാക്കള്‍ക്ക് ലഭിച്ചത്. മരണത്തില്‍ അന്വേഷണം വേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ കായികമേഖലയില്‍ ‘വേണ്ടപ്പെട്ട’വരെ പങ്കെടുപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളും പിന്നാമ്പുറക്കഥകളും ചിത്രം തുറന്നുകാട്ടുന്നുണ്ട്. എട്ടു ലൊക്കേഷനുകളും 64 പേരടങ്ങുന്ന താരനിരയുമായിയെത്തിയ ചിത്രത്തില്‍ ഷൈന്‍ടോം ചാക്കോയാണ് ജീവന്‍ തോമസിനെ അവതരിപ്പിക്കുന്നത്. വാണി വിശ്വനാഥിന്റെ തിരിച്ചുവരവും മനോഹരമായിട്ടുണ്ട്. ഭവാനിപുരത്തെ ശിവമല്ലി എന്ന വനിതാ ഗ്യാങ്സ്റ്ററുടെ റോളില്‍ വാണി വിശ്വനാഥ് കയ്യടി നേടി. സമുദ്രക്കനിയുടെ പോലീസ് വേഷവും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതാണ്.
സാസ്വിക, ദുര്‍ഗാകൃഷ്ണ, സായ്കുമാര്‍, മുകേഷ്, വിജയ്ബാബു, സുധീര്‍ കരമന, ഗൗരി പാര്‍വതി, പ്രശാന്ത് അലക്‌സാണ്ടര്‍, ഷഹീന്‍ സിദ്ദിഖ്, ബിജു സോപാനം, ബൈജു, ജോണി ആന്റണി, അശോകന്‍, കലാഭവന്‍ ഷാജോണ്‍, അനുമോള്‍ രമേഷ് പിഷാരടി, ശിവദ, മഞ്ജുപിള്ള, കോട്ടയം നസീര്‍, കൈലാഷ്, കലാഭവന്‍ നവാസ്, പി. ശ്രീകുമാര്‍, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി തുടങ്ങിയ ഒരു വലിയ താരനിര ചിത്രത്തിലുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിവേക് മേനോനാണ് ഛായാഗ്രഹണം നിര്‍ഹിച്ചിരിക്കുന്നത്. പ്രഭാവര്‍മ്മ, ഹരിനാരായണന്‍, പളനിഭാരതി എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് എം. ജയചന്ദ്രനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: