ആലപ്പുഴ: തമിഴ്നാട്ടിലെ കുറുവാ സംഘം ആലപ്പുഴ ജില്ലയിൽ വീണ്ടുമെത്തി മോഷണം നടത്തിയതായി സ്ഥിരീകരണം. ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷൻ പരിധിയിലാണ് കുറുവാ മോഷണ സംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. മണ്ണഞ്ചേരിയിലും കോമളപുരത്തുമായി നാലിടത്ത് മോഷണം നടത്തി. മുഖം മറച്ച് അര്‍ധ നഗ്നരായി എത്താറുള്ള കുറുവാ സംഘം പൊതുവേ അക്രമകാരികളായ മോഷ്ടാക്കളായാണ് അറിയപ്പെടുന്നത്.
പുലർച്ചെ വാതിൽ തുറന്ന് അകത്തു കടന്ന സംഘം മണ്ണഞ്ചേരി സ്വദേശിനി ഇന്ദുവിന്റെ മൂന്ന് പവൻ മാല കവർന്നു. മണ്ണഞ്ചേരി പഞ്ചായത്തിലെ താമസക്കാരനായ അജയകുമാ റിന്റെ ഭാര്യ ജയന്തിയുടെ മാലയാണ് സംഘം കവർന്നത്. ഇതിന് പുറമെ പ്രദേശത്തെ മൂന്നു വീട്ടിലും മോഷണം നടന്നു. സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് പോലീസ് മുന്നറിയിപ്പ് നൽകി.
കുറുവ ഭീഷണി നേരിടാൻ പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ വൈകിട്ട് യോഗം ചേരുമെന്നും അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുമെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 30ന് ആലപ്പുഴയിലെ നേതാജി ജംക്ഷനിൽ സംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ട് വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് മേഖലയിലെ നാട്ടുകാർ രാത്രി പട്രോളിങും മറ്റും നടത്തി കുറച്ച്ദിവസം ജാഗരൂകരായതോടെ സംഘം തിരിച്ചു പോയിരിക്കുമെന്നാണ് നാട്ടുകാർ കരുതിയിരുന്നത്.
എന്നാൽ, പുതിയ സംഭവ വികാസങ്ങൾ കുറുവാ സംഘം ആലപ്പുഴയിൽ തന്നെ തമ്പടിച്ചിട്ടുള്ളതായാണ് സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക