തിരുവനന്തപുരം: വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 15 ന് തുടങ്ങി 2025 ജനുവരി 5 വരെയായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വര്‍ധിച്ച പങ്കാളിത്തം കണക്കിലെടുത്താണ് ഇത്തവണ ദിവസങ്ങള്‍ വര്‍ധിപ്പിച്ചതെന്ന് വി ജോയി എംഎല്‍എ അറിയിച്ചു. തീര്‍ത്ഥാടനത്തിനു മുന്നോടിയായി ശിവഗിരിയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുത്ത മുന്നൊരുക്ക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തുടനീളമുള്ള തീര്‍ത്ഥാടകര്‍ക്ക് ഇതില്‍ സൗകര്യ പ്രദമായ ഒരു ദിവസം എത്തി ശിവഗിരിയിലെ വിശേഷ പൂജകളിലും മറ്റും സംബന്ധിക്കാന്‍ ഇതു വഴിയൊരുക്കുമെന്നും എം എല്‍ എ പറഞ്ഞു.
പതിവുപോലെ തീര്‍ത്ഥാടനത്തിന്റെ ഏറ്റവും പ്രധാന ദിവസങ്ങളായ ഡിസംബര്‍ 30, 31, 2025 ജനുവരി 1 ദിവസങ്ങളില്‍ ലക്ഷകണക്കിന് തീര്‍ത്ഥാടകരാവും എത്തിച്ചേരുക. ആ ദിവസങ്ങളിലെ തിരക്കുകള്‍ ഒഴിവാക്കുകയാണ് തീര്‍ത്ഥാടന ദിവസങ്ങള്‍ വര്‍ധിപ്പിച്ചതു കൊണ്ട് പ്രധാനമായും ലക്ഷ്യം വയ്‌ക്കുന്നത്.
ആരോഗ്യം, പൊലിസ്, പി ഡബ്യൂ ഡി, വൈദ്യുതി അടക്കമുള്ള പ്രധാനപ്പെട്ട വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. തീര്‍ത്ഥാടനത്തിനു മുന്നോടിയായി ഓരോ വകുപ്പുകളും സ്വീകരിക്കേണ്ടുന്ന നടപടികളെ സംബന്ധിച്ച് യോഗത്തില്‍ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
ശിവഗിരി ധര്‍മ്മ സംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി ഋതംബരാനന്ദ സ്വാമി, അടൂര്‍ പ്രകാശ് എം പി തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക