Kerala

സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു; ചില്ലറ വിപണിയിൽ കിലോഗ്രാമിന് 88 രൂപ വരെ, ഒരാഴ്ചയ്‌ക്കിടെ ഉണ്ടായത് വൻ വിലവർദ്ധനവ്

Published by

കൊച്ചി: സംസ്ഥാനത്ത് സവാള വില കുതിച്ചു കയറുന്നു. മൊത്തവിപണിയിൽ 75 മുതൽ 80 രൂപ വരെയാണ് സവാളയ്‌ക്ക വില. കൊച്ചിയിൽ ചില്ലറ വിപണിയിൽ കിലോഗ്രാമിന് 88 രൂപയാണ് വില. ഒരാഴ്ചയ്‌ക്കിടെ വൻ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. കാലാവസ്ഥാമാറ്റവും നവരാത്രി, ദീപാവലി ആഘോഷങ്ങൾക്ക് ശേഷമുള്ള വിലക്കയറ്റവുമാണ് ഇപ്പോഴുള്ളതെന്ന് വ്യാപാരികൾ പറയുന്നു.

മഹാരാഷ്‌ട്രയിലെ പുനെയിൽ നിന്നും നാസിക്കിൽ നിന്നുമാണ് കേരളത്തിലേക്ക് വ്യാപകമായി സവാള എത്തുന്നത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി തുടർച്ചയായി 10 ദിവസം മഹാരാഷ്‌ട്രയിലെ മാർക്കറ്റ് അവധിയായിരുന്നു. നാസിക്കിൽ നിന്നും പ്രധാനമായും തമിഴ്നാട്ടിലേക്കാണ് സവാള എത്തുന്നത്. പിന്നീട് കോയമ്പത്തൂരിലെ എം.ജി.ആർ മാർക്കറ്റ് വഴി ഇത് കേരളത്തിലേക്കെത്തുന്നു.

സവാളയുടെ മൊത്ത വ്യാപാര കേന്ദ്രമായ മഹാരാഷ്‌ട്രയിലെ നാസിക്കിലും സവാള വിലയിൽ വർധനവുണ്ട്. കോയമ്പത്തൂരിൽ സ്റ്റോക്കുള്ള ഉള്ളിയാണ് ഇപ്പോൾ കേരളത്തിലേക്ക് എത്തിയിരിക്കുന്നത്. സ്റ്റോക്ക് തീരുന്നതോടെ വീണ്ടും വില ഉയരും. ക്വിന്‍റലിന് റെക്കോഡ് നിരക്കായ 5400 രൂപയാക്കാണ് സവാള ലേലത്തിനു പോകുന്നത്.

2021ൽ സവാള വില കുതിച്ചുയർന്ന് കിലോയ്‌ക്ക് 150 രൂപയിൽ എത്തിയിരുന്നു. അതേ സാഹചര്യമാണ് ഇപ്പോഴും നിലവിലുള്ളത്. ഒരാഴ്ച മുമ്പ് വരെ 50-60 നിരക്കിലായിരുന്നു ചില്ലറ വിൽപ്പന. ഓരോ ദിവസവും വില ഉയരുന്നത് ഹോട്ടലുകളെയും സാധാരണക്കാരെയും ഏ റെ പ്രതിസന്ധിയിലാക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by