പേട്ട: കഥകളി ശില്പി കരിക്കകം ത്രിവിക്രമന്റെ കരവിരുതില്‍ ഒരുങ്ങിയ നര്‍ത്തകി ശില്പങ്ങള് ശ്രദ്ധേയമാകുന്നു. യാഥാര്ത്ഥ്യതയെ തൊട്ടുണര്‍ത്തുന്ന വിധം താളത്തിനൊത്ത് ചുവടുകള്‍ വയ്ക്കുന്ന വിധത്തിലാണ് ശില്പങ്ങള് ഒരുങ്ങിയിരിക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നീ നൃത്തങ്ങള്‍ ചെയ്യുന്ന നര്‍ത്തകിമാരെയാണ് ത്രിവിക്രമന്‍ തന്റെ ഭാവനാസൃഷ്ടിയില്‍ ശില്പങ്ങളാക്കിയത്. നൃത്തങ്ങള്ക്കാസ്പദമായ ചുവടുവയ്പ്പും കൈമുദ്രകളും ഭാവവ്യത്യാസങ്ങളും ശില്പങ്ങളില് പ്രകടമാക്കുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ആറടിയോളം ഉയരം ശില്പങ്ങള്ക്കുണ്ട്. കുമ്പിള് തടിയില്‍ സ്ത്രീയുടെ രൂപത്തില്‍ ശില്പം നിര്‍മിച്ച ശേഷം അതില്‍ വസ്ത്രങ്ങളും ആടയാഭരണങ്ങളും അണിയിച്ചൊരുക്കിയിരിക്കുന്നു.
വേദിയില്‍ നര്‍ത്തകിമാര്‍ ഇത്തരം നൃത്തം അവതരിപ്പിക്കാന്‍ ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമാണ് ശില്പത്തിലും അണിയിച്ചതെന്ന് ത്രിവിക്രമന്‍ പറയുന്നു. കോളജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് ഡിപ്ലോമ നേടിയ ഇദ്ദേഹം കഴിഞ്ഞ നാല്പത് വര്‍ഷമായി കരകൗശല ശില്പ നിര്‍മാണം നടത്തിവരികയാണ്. കഥകളിയുടെ വിവിധ വേഷങ്ങളെ ആസ്പമാക്കിയുള്ള ശില്പങ്ങളാണ് ത്രിവിക്രമന്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളത്. ആദ്യമായിട്ടാണ് നര്‍ത്തകി ശില്പങ്ങള് നിര്‍മിച്ചത്. കഥകളി അഭിനയത്തിലൂടെയാണ് ത്രിവിക്രമന്‍ കലാരംഗത്ത് എത്തുന്നത്. കഥകളി വേഷങ്ങളില്‍ ചുട്ടി അണിയിക്കല്‍, ചെണ്ടമേളം എന്നിവയിലും ത്രിവിക്രമന്‍ പ്രാഗത്ഭ്യമുണ്ട്. കരിക്കകം ചാമുണ്ഡീ കലാപീഠത്തിന്റെ ചെണ്ട അധ്യാപകനും കൂടിയാണ് ഇദ്ദേഹം. നിരവധി പുരസ്കാരങ്ങളും കഥകളി ശില്പ നിര്‍മാണത്തില്‍ ലഭിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: