തെക്കന്‍ ഭാരതത്തെ ഭക്തിയുടെ ശരണാരവത്തില്‍ മന്ത്രമുഖരിതമാക്കുന്ന മണ്ഡലകാലത്തിലേക്ക് ഒരാഴ്ച ദൂരം മാത്രം. ഓരോ മണ്ഡലകാലം എത്തുമ്പോഴും സമഭാവനയുടെ സന്നിധാനം തത്ത്വമസിപ്പൊരുളിന്റെ മന്ത്രമുഗ്‌ദ്ധമായ അലയൊലിയില്‍ ആകെ മുഴുകും. കേരളത്തിനു പുഖമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര അടക്കമുള്ള ദക്ഷിണ ഭാരതം മുഴുവന്‍ അയ്യപ്പഭക്തിയുടെയും ശരണ കീര്‍ത്തനങ്ങളുടെയും ദീപ്തിയില്‍ പുനര്‍ജനിക്കും. ഭാരതത്തിന് അകത്തും പുറത്തും എവിടെയെല്ലാം ഹൈന്ദവരുണ്ടോ അവിടെയെല്ലാം അയ്യപ്പ സംസ്‌കൃതിയുടെ പ്രഭാവലയത്തില്‍ അന്തഃകരണ വിശുദ്ധിയും ആത്മോത്ക്കര്‍ഷവും കളിയാടുന്ന നാളുകളാണ് വരാനിരിക്കുന്നത്.
ഇതൊരു അത്ഭുത പ്രതിഭാസമായി ആണ്ടോടാണ്ട് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. വൃശ്ചിക പൊന്‍പുലരി മുതല്‍ 41-നാള്‍ കാറ്റിന് പോലും കര്‍പ്പൂരഗന്ധം പകര്‍ന്നു ഭക്തിയുടെ ചന്ദന വഴികള്‍ താണ്ടി ഭക്തലക്ഷങ്ങള്‍ ശബരിമലയിലേക്ക് അണമുറിയാതെ ശരണ കീര്‍ത്തന ആരവങ്ങളോടെ തത്ത്വമസിയുടെ അകം പൊരുള്‍ തേടി തീര്‍ത്ഥ സഞ്ചാരം തുടങ്ങുകയായി.
മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ആചാര അനുഷ്ഠാനങ്ങളാണ് കാനനവാസന്റെ പൊന്നമ്പലത്തെ വേറിട്ടു നിര്‍ത്തുന്നത്.
താന്ത്രിക വിധിപ്രകാരമുള്ള ആചാരങ്ങള്‍ക്കാണ് ശബരിമലയില്‍ പ്രാധാന്യം.
യോഗ പീഠത്തില്‍ ചിത്മുദ്രാധരനായാണ് ഭഗവാന്‍ ഭക്തര്‍ക്ക് ദര്‍ശനം അരുളുന്നത്. ധ്യാനമഗ്‌നനായി വാണരുളുന്ന അയ്യപ്പദര്‍ശനത്തിന് ഒട്ടേറെ ചിട്ടകള്‍ പാലിക്കണം. അതേപോലെ ദര്‍ശനകാലത്തിനും നിയന്ത്രണങ്ങളുണ്ട്. വ്രതാ നുഷ്ഠാനത്തോടെ മുദ്രയണിഞ്ഞാല്‍ ഉപാസനാമൂര്‍ത്തിയുടെ പേരില്‍ ഭക്തര്‍ അറിയപ്പെടുന്ന ഒരേ ഒരുക്ഷേത്രമാണ് ശബരിമല.
സര്‍വ്വ മതസാരവും ഏകമെന്ന് വിളംമ്പരം ചെയ്യുന്ന സനാതന ധര്‍മ്മത്തിന്റെ സംഗമ ഭൂമിയാണ് ശബരിഗിരീശന്റെ പുണ്യമല. അത് സമഭാവനയുടെ സന്നിധാനവുമാണ്. രാമായണ കാലത്തിനു മുന്‍പേ സര്‍വ്വ സംഗപരിത്യാഗികളായ മഹര്‍ഷിമാരുടെ സാന്നിധ്യം കൊണ്ട് പവിത്രമായിരുന്നു പൂങ്കാവനം. മനോഹരമായ ഈ മലനിരകള്‍ പരമ പവിത്രമാണെന്ന് ഇതിഹാസങ്ങളിലും വിവക്ഷിക്കുന്നുണ്ട്
ദേവസാന്നിധ്യം തൊട്ടറിഞ്ഞ പുണ്യസങ്കേതമായതിനാല്‍ ആണ് അയ്യപ്പസ്വാമി തപസ്സിനായി ശബരിമല തിരഞ്ഞെടുത്തത്. നന്തനാര്‍ ചിദംബരക്ഷേത്രത്തില്‍ ലയിച്ചതു പോലെ, രമണമഹര്‍ഷി തിരുവില്വ മലയില്‍ വിലയം പ്രാപിച്ചതു പോലെ പന്തളം രാജകുമാരനായ ശ്രീഅയ്യപ്പനും ശബരിമലയിലെ ധര്‍മ്മശാസ്താ ചൈതന്യത്തില്‍ ലയിച്ച് ചേര്‍ന്നു എന്നാണ് വിശ്വാസം. ഇത്രയേറെ ജന്തുസ്യ വൈവിധ്യം ഉള്ള കാനനം ഇന്ന് പുറം ലോകം അറിയുന്നത് കലിയുഗ വരദാനനായ ശ്രീ അയ്യപ്പസ്വാമിയിലൂടെയാണ്.
പന്തള രാജകുമാരന്‍
വേട്ടയ്‌ക്കായി വനത്തില്‍ പോയ പന്തളം രാജാവിന് പമ്പ തീരത്ത് നിന്ന് മണികണ്ഠന്‍ എന്ന ദിവ്യ തേജസ് ഉള്ള കുഞ്ഞിനെ ലഭിച്ചെന്നും പന്തളത്ത് ജീവിച്ചുവളര്‍ന്ന് ആയുധാഭ്യാസങ്ങളില്‍ മികവ് പുലര്‍ത്തി മഹിഷീ നിഗ്രഹമെന്ന അവതാരോദ്ദേശ്യം പൂര്‍ത്തീകരിച്ച ശേഷം പന്തളരാജന്‍ പണി കഴിപ്പിച്ച ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ വിലയം പ്രാപിച്ചു എന്നാണ് ഐതിഹ്യം. ഈ ഐതിഹത്തെ ബലപ്പെടുത്തുന്ന ഒട്ടേറെ തിരുശേഷിപ്പുകളും ആചാരങ്ങളും ഇന്നും പന്തളം കൊട്ടാരത്തില്‍ കാണാന്‍ കഴിയും.
പന്തള രാജകുമാരനായി ഭഗവാന്‍ വളര്‍ന്നതിനാല്‍ പന്തളം കൊട്ടാരത്തിന് പവിത്ര സ്ഥാനമാണ് ഭക്തര്‍ നല്‍കുന്നത്. ഇത് കാത്തുസൂക്ഷിച്ച് പരമ്പരാഗത ആചാരങ്ങളും അനുഷ്ഠാനങ്ങളും നൂറ്റാണ്ടുകളായി പിന്തുടര്‍ന്ന് തലമുറകള്‍ പലതുമാറിയിട്ടും അതേപടി തുടരാന്‍ ഇന്നും പന്തളം രാജകുടുംബാംഗങ്ങളും ശ്രദ്ധിക്കുന്നു
വലിയ കോയിക്കല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ കൊട്ടാരത്തിലെ തേവാര മൂര്‍ത്തിയായ ധര്‍മ്മശാസ്താവിന്റേതാണ്. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലാണ് രാജാവ് തങ്കത്തില്‍ തീര്‍ത്ത ഭഗവാന്റെ തിരുവാഭരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത.് ധനു മാസം 28-നാണ് തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് തിരിക്കുന്നത്. കൊട്ടാരത്തിലെ മുതിര്‍ന്ന രാജകുടുംബാംഗത്തെ അയ്യപ്പന്റെ പിതൃ സ്ഥാനത്തു കരുതിപ്പോരുന്നു.
ചരിത്രമുറങ്ങുന്ന മണ്ണ്
കേരളത്തിലെ മറ്റ് നാട്ടുരാജ്യങ്ങളെ പോലെ പന്തളവും ഒരു കൊച്ചു നാട്ടുരാജ്യം മാത്രമായിരുന്നു. പുരാതനകാലത്ത് തെക്കേ ഇന്ത്യയിലെ പ്രഖ്യാതമായ മൂന്ന് രാജവംശങ്ങളില്‍ പാണ്ഡ്യ രാജവംശവുമായാണ് പന്തളത്തിന് ബന്ധം. പാണ്ഡ്യ ശാഖയായ ചെമ്പഴന്നൂരിലെ അംഗങ്ങള്‍ മന്ത്രിമാരായിരുന്ന നായ്‌ക്കന്മാരുടെ ഐക്യമില്ലായ്മ കാരണം ശിഥിലമായപ്പോള്‍ അതില്‍ ഒരു ശാഖ മധുരയെ ഉപേക്ഷിച്ച് പാലായനം ചെയ്തു പടിഞ്ഞാറു ഭാഗത്തേക്ക് നീങ്ങി. അവര്‍ വന്ന വഴിയിലുള്ള പ്രദേശങ്ങള്‍ അധീനപ്പെടുത്തി 200 വര്‍ഷം കൊണ്ട് പന്തളത്ത് എത്തിച്ചേര്‍ന്നതായാണ് ചരിത്ര രേഖകള്‍ പറയുന്നത്. ഇവര്‍ കടന്നുവന്ന ചെങ്കോട്ട, കോന്നി തുടങ്ങിയ സ്ഥലങ്ങളും തൊടുപുഴ വരെയുള്ള പ്രദേശങ്ങളും ചേര്‍ത്ത് 18 മലകള്‍ അടക്കം ഏകദേശം ആയിരം ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണം ഉള്ള ഭൂഭാഗം പന്തളം രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. അച്ചന്‍കോവിലാറിന്റെ തീരത്ത് കൂടി കടന്നു വന്നവര്‍ നദിയാല്‍ ചുറ്റപ്പെട്ടതും സുരക്ഷിതവും ജലലഭ്യത ഉള്ളതും കൃഷി യോഗ്യവുമായ പന്തളം ആസ്ഥാനമാക്കുകയായിരുന്നു.
സ്വാഗതമരുളി പത്തനംതിട്ട
ശബരിമലയുടെ പ്രവേശന കവാടമാണ് പത്തനംതിട്ട. പത്തനംതിട്ട ജില്ലയെ ശരീരമായി പരിഗണിച്ചാല്‍ അതിന്റെ ആത്മാവാണ് ശബരിമല. ഭരണകാര്യങ്ങളുടെ സാങ്കേതികാര്‍ത്ഥത്തില്‍ മാത്രമല്ല ശബരീശനുമായി ബന്ധപ്പെട്ട ചരിത്രങ്ങളും വിശ്വാസങ്ങളും എല്ലാം ഈ മണ്ണുമായി അത്രമേല്‍ ഇഴുകിച്ചേര്‍ന്ന് കിടക്കുന്നു ശബരീശ സാന്നിധ്യം ആദ്യം വെളിപ്പെട്ട പമ്പാതടവും അയ്യപ്പന്‍ കളിച്ചു വളര്‍ന്ന പന്തളം കൊട്ടാരവും എല്ലാം ഈ ജില്ലയിലാണ്. ദക്ഷിണ ഭാഗീരഥിയായ പമ്പ അതിന്റെ സ്വച്ഛപ്രയാണം നടത്തുന്ന നാട്. മണ്ഡല- മകരവിളക്ക് കാലത്ത് ദക്ഷിണഭാരതത്തിന്റെ പരിച്ഛേദം തന്നെ ഇവിടെ കാണാം. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ ഭക്തലക്ഷങ്ങള്‍ മലകയറും മുമ്പ് പല മാര്‍ഗങ്ങളിലായി ജില്ലയിലെ പുണ്യ സങ്കേതങ്ങളില്‍ എത്തി വിരിവച്ച് വിശ്രമിക്കും. അങ്ങനെ ഓരോ മണ്ഡലകാലത്തും എല്ലാ അര്‍ത്ഥത്തിലും പത്തനംതിട്ട കറുപ്പും കാവിയും അണിഞ്ഞ തീര്‍ത്ഥാടന ഭൂമിയായി മാറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: