ചവറ: മഹാഗുരു ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥാനമായ പന്മന ആശ്രമത്തിലെ മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ (93) സമാധിയായി. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് 2.40ന് പന്മന ആശ്രമത്തിലായിരുന്നു സമാധി.
പൂര്‍വാശ്രമത്തില്‍ കുന്നത്തൂര്‍ ഐവര്‍കാല ഗോവിന്ദന്‍ നായര്‍-പാര്‍വതി ദമ്പതികളുടെ മകനായ അദ്ദേഹം കൊട്ടാരക്കര ഗവ. ഹൈസ്‌കൂളിലെ പ്രഥമാധ്യാപകനായിരുന്നു. കേശവന്‍ നായരെന്നായിരുന്നു പേര്. 1988 ല്‍ സ്‌കൂളില്‍ നിന്ന് പെന്‍ഷനായി. അതിനുശേഷം സദാനന്ദപുരം അവധൂതാശ്രമത്തിലും പന്മന ആശ്രമത്തിലും നിത്യസന്ദര്‍ശകനായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംസ്‌കൃതം, വേദാന്തം, ഭഗവത്ഗീത, നാരായണീയം എന്നിവയില്‍ ക്ലാസുകള്‍ എടുത്തു.
തീര്‍ത്ഥപാദ പ്രസ്ഥാനത്തിന്റെ ആചാര്യനായ പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമികളില്‍ നിന്ന് സംന്യാസദീക്ഷ നേടിയ അദ്ദേഹം വേദാന്തദര്‍ശനത്തില്‍ വലിയ പാണ്ഡിത്യം നേടിയിരുന്നു. തുടര്‍ന്ന് പന്മന ആശ്രമം മഠാധിപതിയായി. പ്രണവാനന്ദ സ്വാമികള്‍ അവസാനമായി എഴുതിയ ‘മഹാഗുരുവിന്റെ ധര്‍മജയന്തി’ എന്ന ലേഖനം പ്രസിദ്ധീകരിച്ചത് ‘ജന്മഭൂമി’യാണ്
ഭാര്യ: റിട്ട. അധ്യാപിക പി. ശാരദാമ്മ. മക്കള്‍: പരേതനായ എസ്.കെ. ജയപ്രകാശ് (റിട്ട. നേവി), ജയശ്രീ. എസ്. (റിട്ട.എച്ച്എം), പരേതയായ എസ്.കെ. ജയകുമാരി (റിട്ട. അധ്യാപിക), എസ്.കെ. ജയബാല (റിട്ട. എച്ച്എം), പരേതനായ എസ്.കെ. ജയരാജ്. മരുമക്കള്‍: സുധാമണി ഡി. (റിട്ട. അധ്യാപിക), എന്‍. ബാലകൃഷ്ണപിള്ള (റിട്ട. എച്ച്എം), പരേതനായ രാധാകൃഷ്ണപിള്ള (റിട്ട. ബിഎസ്എഫ്), ചന്ദ്രബാബു ടി. ആര്‍. (റിട്ട. എസ്‌ഐ). സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് 3ന് പന്മന ആശ്രമത്തിന് സമീപമുള്ള താമരയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക