ചെങ്ങന്നൂര്‍: മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ശബരിമലയുടെ പ്രവേശന കവാടമായ ചെങ്ങന്നൂരില്‍ മുന്നൊരുക്കങ്ങള്‍ ഒന്നുമായില്ല. മന്ത്രി സജി ചെറിയാന്റെയും ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെയും അധ്യക്ഷതയില്‍ രണ്ട് അവലോകനയോഗങ്ങള്‍ നടന്നിട്ടും കാര്യങ്ങള്‍ മുന്നോട്ടുപോയിട്ടില്ല.
പ്രധാന ഇടത്താവളമായ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ നടത്തേണ്ട ദേവസ്വം ബോര്‍ഡ് സമയബന്ധിതമായി ഇടപെടുന്നില്ല. ക്ഷേത്രത്തിന് സമീപം കുന്നത്തുമലയില്‍ തീര്‍ത്ഥാടകര്‍ക്കായി ദേവസ്വം ബോര്‍ഡ് സജ്ജമാക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണം ഇപ്പോഴും ഇഴയുകയാണ്. പ്രധാന സ്നാനഘട്ടങ്ങളായ മിത്രപ്പുഴകടവിലും പാറക്കടവിലും മുന്നൊരുക്കങ്ങളായിട്ടില്ല. പാറക്കടവില്‍ കഴിഞ്ഞ വര്‍ഷം രണ്ട് ഇതരസംസ്ഥാന തീര്‍ത്ഥാടകര്‍ മുങ്ങിമരിച്ചിരുന്നു. മിത്രപ്പുഴകടവ് ചെളി നിറഞ്ഞും മാലിന്യം അടിഞ്ഞും ശോച്യാവസ്ഥയിലാണ്.
പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം പോലും ഒരുക്കാന്‍ നഗരസഭയും തയാറായിട്ടില്ല. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ടേക്ക് എ ബ്രേക്ക് പദ്ധതി ഉദ്ഘാടനം ചെയ്യാതെ നോക്കുകുത്തിയാണ്. നഗരത്തിലെ ഓട വൃത്തിയാക്കലും റോഡ് അറ്റകുറ്റപണികളും വൈകുന്നത് തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കും.
തീര്‍ത്ഥാടകരുടെ പ്രധാന ആശ്രയമായ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനും ഗതികെട്ട അവസ്ഥയിലാണ്. തീര്‍ത്ഥാടനകാലത്ത് പമ്പ സ്പെഷല്‍ സര്‍വീസിനായി എത്തുന്ന 55 ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടം തേടുകയാണ് കെഎസ്ആര്‍ടിസി. സ്വകാര്യ ഭൂമിയില്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു മുന്‍വര്‍ഷങ്ങളിലെ പതിവ്. എന്നാല്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഈ ഭൂമി ഇക്കുറി ലഭിക്കില്ല. പൊളിച്ചിട്ടിരിക്കുന്ന ശാസ്താംപുറം മാര്‍ക്കറ്റില്‍ സ്ഥലം ആവശ്യപ്പെട്ടെങ്കിലും നിര്‍മാണത്തിനായി വലിയ കുഴികള്‍ എടുത്തത് തടസമായി.
കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് കെട്ടിടം ജീര്‍ണാവസ്ഥയിലാണ്. ഓഫിസ് പ്രവര്‍ത്തനം പഴയ കെട്ടിടത്തില്‍ നിന്ന് ഗാരിജ് കം ഓഫിസ് കോംപ്ലക്സിലേക്കു മാറ്റിയെങ്കിലും സ്റ്റേഷന് മാസ്റ്ററുടെ ഓഫിസ് പഴയ കെട്ടിടത്തില്‍ തന്നെയാണ്. റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍ വേണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: