Sports

മിലന്റെ റിക്കാര്‍ഡ് ശ്രമത്തിന് അമ്മ സ്‌നേഹത്തിന്റെ പൊന്‍തിളക്കം

Published by

കൊച്ചി: ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ തുടര്‍ച്ചയായി രണ്ടാം തവണയും മിലന്‍ സാബു നേടിയ സ്വര്‍ണ്ണ മെഡലിന് അമ്മ സ്‌നേഹത്തിന്റെ ഇരട്ടിത്തിളക്കം. അമ്മയുടെ രോഗാവസ്ഥയില്‍ കഴിഞ്ഞതവണ കൈവിട്ട ദേശീയ മെഡല്‍ എന്ന സ്വപ്‌നത്തിനായുള്ള പരിശ്രമത്തിലാണ് മിലന്‍. നഷ്ടമായ നേട്ടത്തിന് അരികിലേക്ക് മകന്‍ നടന്നടുക്കുമ്പോള്‍ മൈതാനത്തിലെ ഫെന്‍സിങ്ങിന് വെളിയില്‍ മുടി മുറിച്ച അമ്മ സ്‌നേഹം ചൊരിഞ്ഞ് കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അര്‍ബുദ ചികിത്സയുടെ ഭാഗമായായിരുന്നു അമ്മയ്‌ക്ക് മുനി മുറിക്കേണ്ടിവന്നത്.

4 മീറ്റര്‍ ചാടി മിലന്‍ റിക്കാര്‍ഡിന് അരികിലെത്തിയെങ്കിലും മത്സരം ഏറെ സമയം നീണ്ടുപോയതിനാല്‍ നേട്ടം കണ്ടെത്താനായില്ല. കോട്ടയം ജില്ലയെ പ്രതിനിധീകരിച്ചെത്തിയ മിലന്‍ സാബു പാലാ സെന്റ് തോമസ് എച്ച്എസ്എസിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റിക്‌സ് വിദ്യാര്‍ത്ഥിയാണ്. 11 വര്‍ഷം മുമ്പ് എല്‍കെജിയില്‍ പഠിക്കുന്നതിനിടെ വാഹനപാകടത്തിലാണ് മിലന്റെ പിതാവ് ഏറ്റുമാനൂര്‍ കൊല്ലംപറമ്പില്‍ സാബു ജോസഫ് മരിക്കുന്നത്.

പിന്നീടിങ്ങോട്ട് വീടുകളില്‍ ജോലിക്ക് പോയാണ് മൂന്ന് കുട്ടികളടങ്ങുന്ന കുടുംബത്തെ ഷീജ നോക്കിയിരുന്നത്. മക്കള്‍ രണ്ടുപേരും കായിക അഭിരുചിയുള്ളവരാണ്. ഇവരുടെ വിദ്യാഭ്യാസത്തിനും മത്സരങ്ങള്‍ക്ക് പോകുന്നതിനുമായി കഷ്ടപ്പെടുന്നതിനിടെയാണ് ഷീജയ്‌ക്ക് അര്‍ബുദം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പോള്‍വാള്‍ട്ടില്‍ മിലന്‍ സ്വര്‍ണ്ണം നേടിയതിന് പിന്നാലെ ഡിസംബര്‍ അവസാനത്തോടെയായിരുന്നു രോഗം കണ്ടെത്തിയത്. പിന്നീട് 2024 ജനുവരിയില്‍ നടന്ന ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ മിലന്‍ പോയെങ്കിലും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

ഇപ്പോള്‍ രോഗത്തില്‍ നിന്ന് മുക്തയായി കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് ഷീജ. ഇത്തവണ ദേശീയ റിക്കാര്‍ഡ് സ്വന്തം പേരിലാക്കണമെന്ന ആത്മവിശ്വാസത്തിലാണ് മിലന്‍. റിക്കാര്‍ഡ് മറികടക്കുമെന്ന് വിചാരിച്ചിരുന്നതായി 25 വര്‍ഷമായി പരിശീലക ജോലി ചെയ്യുന്ന സതീഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സ്വര്‍ണ്ണം നേടിയത് 3.60 മീറ്റര്‍ ചാടിയാണ്. ഇത്തവണ മികച്ച ഉയരം കണ്ടെത്താനായെങ്കിലും കടുത്ത ചൂടില്‍ നിര്‍ജ്ജലീകരണം സംഭവിച്ചതും മത്സരം മൂന്നര മണിക്കൂറോളം നീണ്ട് പോയതുമാണ് റിക്കാര്‍ഡ് നഷ്ടമാകാന്‍ കാരണം. നാട്ടില്‍ പരിശീലനത്തിന്‍ 4.10 മീറ്റര്‍ ചാടിയിരുന്നതായും പാലാ ജംസ് അക്കാദമയിലെ കോച്ച് കൂടിയായ സതീഷ് പറഞ്ഞു.

കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ശിവദേവ് രാജീവ് 2022ല്‍ ചാടിയ 4.07 മീറ്റാണ് സംസ്ഥാന റിക്കാര്‍ഡ്. ഇത് മറികടക്കാന്‍ താരത്തിന് സാധിച്ചില്ല.

മകന്റെ വിജയത്തില്‍ അതിയായ സന്തോഷമുണ്ടെന്നും നാട്ടുകാരും കോച്ചുമാണ് കുട്ടികളെ കായിക മത്സരത്തിന് പോകാന്‍ സഹായിക്കുന്നതെന്നും അവര്‍ പറഞ്ഞു. സഹോദരങ്ങള്‍: മെല്‍ബ മേരി സാബു(കഴിഞ്ഞ വര്‍ഷം പോള്‍ വാള്‍ട്ടില്‍ സംസ്ഥാനത്ത് വെള്ളി നേടിയിരുന്നു), മെല്‍ബിന്‍ സാബു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക