പാലക്കാട്: കള്ളപ്പണ ഇടപാടില്‍ പോലീസും സിപിഎമ്മും ചേര്‍ന്ന് യുഡിഎഫിനെ സംരക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ റെയ്ഡ് നടക്കുമെന്ന കാര്യം പോലീസ് തന്നെ ചോര്‍ത്തി നല്കി. കോണ്‍ഗ്രസ് പാലക്കാട് കള്ളപ്പണം കൊണ്ടുവന്നു എന്നത് പകല്‍ പോലെ വ്യക്തമാണ്. കള്ളപ്പണ ഇടപാടുകളെ പോലീസും സിപിഎമ്മിലെ ഒരുവിഭാഗവും ചേര്‍ന്ന് സംരക്ഷിച്ചുവെന്ന് കെ. സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പാലക്കാട്ടെ ഒരു വിഭാഗം സിപിഎം നേതാക്കള്‍ കോണ്‍ഗ്രസിനെ എല്ലാക്കാലത്തും സഹായിച്ചു വരുന്നവരാണ്. കള്ളപ്പണം മാറ്റാന്‍ കോണ്‍ഗ്രസുകാര്‍ക്ക് പോലീസ് അരമണിക്കൂര്‍ സമയം നല്കി. പോലീസിന്റെ അനാസ്ഥയാണ് തൊണ്ടിമുതല്‍ പിടികൂടാനാവാതെ പോയത്. എല്ലാ മുറികളും പരിശോധിക്കാന്‍ പോലീസ് തയാറായില്ല. സിസിടിവി പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടും ചെയ്തില്ല. കോണ്‍ഗ്രസിനെ സഹായിക്കാനുള്ള നാടകമാണ് കെപിഎം ഹോട്ടലില്‍ നടന്നത്.
യുഡിഎഫും-എല്‍ഡിഎഫും തമ്മില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല പാലക്കാട് ഉണ്ടാക്കിയിട്ടുണ്ട്. ഏറെ ഗൗരവമുള്ള വിഷയം കൈകാര്യം ചെയ്യുന്നതില്‍ പോലീസ് പരാജയപ്പെട്ടു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്കിയ പോലീസ് എന്തുകൊണ്ടാണ് എഫ്ഐആര്‍ ഇടാത്തതും, കേസന്വേഷിക്കാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു. പോലീസ് ഒളിച്ചുകളിക്കുന്നു. എല്‍ഡിഎഫ്-യുഡിഎഫ് ഡീലിന്റെ ഭാഗമായാണ് കള്ളപ്പണ വിവാദം ഉണ്ടായിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ ഐഡി കാര്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പോലീസ് എല്ലാ തെളിവുകളും ശേഖരിച്ചിട്ടും കോടതിയില്‍ ഹാജരാക്കിയില്ല. അതുകൊണ്ടാണ് ഫെനിക്ക് ജാമ്യം ലഭിച്ചത്. ഐഡി കാര്‍ഡ് ഡീല്‍ നടത്തിയ ടീം തന്നെയാണ് കള്ളപ്പണ ഇടപാടിനും പിന്നില്‍.
കള്ളപ്പണ ഇടപാട് ഉയര്‍ത്തിക്കൊണ്ടുവന്ന സിപിഎം പെട്ടെന്ന് മലക്കം മറിഞ്ഞിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നതിന് വേണ്ടി ഇരുമുന്നണികളും ചേര്‍ന്ന് നടത്തിയ ഡീലിന്റെ ഭാഗമാണിത്. പി. സരിനെ ബലിയാടാക്കാന്‍ വേണ്ടിയാണ് ഈ നാടകം. ഡീലിനെതിരായ വിധിയെഴുത്താവും തെരഞ്ഞെടുപ്പില്‍ ഉണ്ടാവുക. പണാധിപത്യം കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ സമ്മതിക്കില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെങ്കിലും നീതിയുക്തമായ റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയുള്ള പുനര്‍ജ്ജനി കേസില്‍ പിണറായി പോലീസ് എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല. പിണറായി വിജയന്റെ ഐശ്വര്യമാണ് വി.ഡി. സതീശനെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസി. പി. രഘുനാഥ്, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: