വഖഫ് (ഭേദഗതി) ബില്‍, 2024-ന്റെ പ്രധാന ലക്ഷ്യം, വഖഫ് ആക്ട്, 1995ല്‍ ഭേദഗതി വരുത്തി വഖഫ് സ്വത്തുക്കളുടെ നിയന്ത്രണത്തിലും പരിപാലനത്തിലും നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുകയെന്നതാണ്. ഈ ഭേദഗതി ബില്‍, രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ ഭരണവും മാനേജ്മെന്റും മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇതിലൂടെ, നിലവിലെ നിയമത്തിലെ പരിമിതികളെ മറികടക്കുകയും, നിയമത്തിന്റെ പേരുമാറ്റം, വഖഫ് വ്യാഖ്യാനങ്ങളുടെ പുതുക്കല്‍, രജിസ്ട്രേഷന് പ്രക്രിയ മെച്ചപ്പെടുത്തല്‍, വഖഫ് രേഖകളുടെ പരിപാലനത്തില്‍ സാങ്കേതിക വിദ്യയുടെ പങ്ക് വര്‍ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുത്തുന്നതിലൂടെ, വഖഫ് ബോര്‍ഡുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയാണ് ഉദ്ദേശിക്കുന്നത്.
എന്താണ് വഖഫ്?
വഖഫ് എന്നത് ഇസ്ലാമിക നിയമപ്രകാരം മതപരമായോ ധാര്‍മ്മികമായോ ഉള്ള ലക്ഷ്യങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന സ്വത്തുക്കളാണ്. ആ സ്വത്ത് വേറൊരാവശ്യത്തിനോ വില്‍പ്പനയ്ക്കോ ഉപയോഗിക്കാന്‍ സാധിക്കില്ല. സ്വത്തിന്റെ ഉടമസ്ഥാവകാശം വഖഫ് ചെയ്ത വ്യക്തിയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട് അല്ലാഹുവിന്റെ അവകാശമായി നിലനില്‍ക്കുന്നതായി സൂചിപ്പിക്കുന്നു. വഖഫ് സ്ഥാപിക്കുന്ന വ്യക്തിയെ ‘വാഖിഫ്’ എന്നു വിളിക്കുന്നു.
19–ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രിട്ടീഷ് ഭരണകാലത്ത് വഖഫ് സ്വത്തുമായി ബന്ധപ്പെട്ട ഒരു വിവാദം ലണ്ടനിലെ പ്രിവി കൗണ്‍സിലില്‍ എത്തി. കേസ് പരിശോധിച്ച നാല് ബ്രിട്ടീഷ് ന്യായാധിപന്മാര് വഖഫ് അസാധുവാണെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഈ വിധി ഭാരതത്തില്‍ അംഗീകരിക്കപ്പെട്ടില്ല, 1913ലെ മുസല്മാന് വഖഫ് സാധൂകരണ നിയമം വഖഫ് സ്ഥാപനത്തെ സംരക്ഷിച്ചു. പിന്നീട്, ഇത് നിയന്ത്രിക്കാനായി യാതൊരു ശ്രമവും ഉണ്ടായിട്ടില്ല. 1954-ലെ വഖഫ് നിയമം വഖഫുകളുടെ കേന്ദ്രീയവത്കരണത്തിന് വഴിയൊരുക്കി. 1964-ല്‍ 1954-ലെ വഖഫ് നിയമപ്രകാരം സര്‍ക്കാര്‍ കേന്ദ്ര വഖഫ് കൗണ്‍സില്‍ സ്ഥാപിച്ചു. ഈ കേന്ദ്ര സംവിധാനമാണ് വിവിധ സംസ്ഥാന വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നത്, ഇവ 1954-ലെ വഖഫ് നിയമത്തിന്റെ 9(1) വകുപ്പ് പ്രകാരം സ്ഥാപിക്കപ്പെട്ടു. 1995ലെ വഖഫ് നിയമം മുസ്ലിം മത വിശ്വാസികള്‍ക്ക് അനുകൂലമായ രീതിയിലാക്കി. വഖഫ് സ്വത്തുകളുടെ ഭരണത്തിനായാണ് 1995-ലെ വഖഫ് നിയമം കൊണ്ടുവന്നത്. ഇത് വഖഫ് കൗണ്‍സില്‍, സംസ്ഥാന വഖഫ് ബോര്‍ഡുകള്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരുടെ അധികാരങ്ങള്‍ക്കും ചുമതലകള്‍ക്കും നിര്‍ദേശങ്ങള്‍ നല്കുന്നു, കൂടാതെ മുത്തവല്ലിയുടെ ചുമതലകളും വ്യക്തമാക്കുന്നു. ഈ നിയമം വഖഫ് ട്രൈബ്യൂണലിന്റെ അധികാരങ്ങളും നിയന്ത്രണങ്ങളും വ്യക്തമാക്കുന്നു. ട്രൈബ്യൂണല്‍ അതിന്റെ അധികാരപരിധിയില്‍ സിവില്‍ കോടതിയായി പ്രവര്‍ത്തിക്കുന്നു. സിവില്‍ കോടതിയുടെ എല്ലാ അധികാരങ്ങളും ട്രൈബ്യുണലുകളില്‍ നിക്ഷിപ്തമാണ്.ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമവും ബാധകവുമാണ്, സിവില്‍ കോടതിയില്‍ കേസ് കൊടുക്കാനോ നിയമ നടപടികള്‍ക്ക് വിധേയമാക്കാനോ സാധിക്കില്ല. ഇതിലൂടെ ട്രൈബ്യൂണലിന്റെ തീരുമാനം സിവില്‍ കോടതിയേക്കാള്‍ ഉയര്‍ന്നതായിത്തീര്‍ന്നു. ഒരു സ്വത്തിനെ വഖഫ് ആയി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍, അത് എല്ലായ്പ്പോഴും വഖഫ് ആയിരിക്കും, എല്ലാ ഇസ്ലാമിക് രാജ്യങ്ങള്‍ക്കും വഖഫ് സ്വത്തുകള്‍ ഇല്ല. ടര്‍ക്കി, ലിബിയ, ഈജിപ്ത്, സുഡാന്, ലെബനന്, സിറിയ, ജോര്‍ദാന്‍, ടുണീഷ്യ, ഇറാഖ് തുടങ്ങിയ ഇസ്ലാമിക് രാജ്യങ്ങളില്‍ വഖഫ് സ്വത്തുകള്‍ ഇല്ല. വഖഫ് ബോര്‍ഡുകള്‍ക്ക് നിലവില്‍ രാജ്യത്തുടനീളം 8.7 ലക്ഷം സ്വത്തുക്കള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. അതില്‍ 9.4 ലക്ഷം ഏക്കര്‍ സ്ഥലവും നിയന്ത്രിക്കുന്നു, ഇത് ഏകദേശം 1.2 ലക്ഷം കോടി രൂപ മൂല്യമാണെന്ന് കണക്കാക്കപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വഖഫ് സ്വത്തുകളുള്ളത് ഭാരതത്തിലാണ്.
വഖ്ഫ് സംബന്ധമായ വിഷയങ്ങളില്‍ ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന് നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. വഖഫ് ഭൂമിയുടെ കടന്നുകയറ്റം, വഖഫ് സ്വത്തുക്കളുടെ തെറ്റായ നടത്തിപ്പ് തുടങ്ങിയ പ്രശ്നങ്ങളില്‍ മന്ത്രാലയത്തിന് നിരവധി പരാതികളും നിവേദനങ്ങളും ലഭിച്ചിട്ടുണ്ട്. ലഭിച്ച പരാതികളുടെ സ്വഭാവവും അളവും മന്ത്രാലയം വിശകലനം ചെയ്തപ്പോള്‍, 2023 ഏപ്രില്‍ മുതല്‍ ലഭിച്ച 148 പരാതികള്‍ പ്രധാനമായും ഭൂമികയ്യേറ്റം, വഖഫ് ഭൂമിയുടെ അനധികൃത വില്‍പ്പന, സര്‍വേയിലേയും രജിസ്ട്രേഷനിലേയും കാലതാമസം, വഖഫ് ബോര്‍ഡുകള്‍ക്കും മുത്തവല്ലിസ്സിനുമെതിരായ പരാതികളും അടങ്ങുന്നതാണ് 2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ സന്ട്രലൈസ്ഡ് പബ്ലിക് ഗ്രീവന്‍സ് റിഡ്രസ്സല്‍ ആന്‍ഡ് മോണിറ്ററിംഗ് സിസ്റ്റം വഴി ലഭിച്ച പരാതികളും മന്ത്രാലയം വിശകലനം ചെയ്തു. ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം വിശകലനം ചെയ്തപ്പോള്‍, ട്രൈബ്യൂണലുകളില്‍ 40,951 കേസുകള്‍ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. ഇതില്‍ 9,942 കേസുകള്‍ വഖഫ് നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ മുസ്ലിം സമൂഹം ഫയല്‍ ചെയ്തതാണ്.
വഖഫ് ആക്ട്, 1995 ന്റെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കാന്‍ മന്ത്രാലയം തീരുമാനിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആക്റ്റില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതില്‍ ഏകകണ്ഠമായ അഭിപ്രായം ഉയര്‍ന്നുവന്നു.
വഖഫ് (ഭേദഗതി) ബില്‍, 2024 സവിശേഷതകള്‍:
1. വഖഫ് ആക്ട്, 1995 ന്റെ പുനര്‍നാമകരണം: വഖഫ് ബോര്‍ഡുകളുടെയും സ്വത്തുക്കളുടെയും കാര്യക്ഷമതയും നിര്‍വഹണവും മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈ ആക്ട് ”യൂണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി, ആന്‍ഡ് ഡെവലപ്മെന്റ് ആക്ട്, 1995” എന്ന് പുനര്‍നാമകരണം ചെയ്യുന്നു.
2. വഖഫിന്റെ രൂപീകരണം: പ്രഖ്യാപനം, ദീര്‍ഘകാല ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള അംഗീകാരം, വംശാവലിക്ക് അവസാനമാകുമ്പോള്‍ സമര്‍പ്പണം എന്നിവ വഴി വഖഫ് രൂപീകരിക്കാന്‍ ആക്ട് അനുവദിക്കുന്നു. 5 വര്‍ഷത്തിലേറെയായി ഇസ്ലാം മതം അനുഷ്ഠിച്ചുവരുന്ന വ്യക്തി മാത്രമേ വഖഫ് പ്രഖ്യാപിക്കാവൂ എന്ന് ബില്‍ വ്യക്തമാക്കുന്നു.
3. വഖഫ് ആയി കണ്ടെത്തിയ സര്‍ക്കാര്‍ സ്വത്ത് ഇനിമുതല്‍ അങ്ങനെ കണക്കാക്കപ്പെടില്ല എന്ന് ബില്‍ വ്യക്തമാക്കുന്നു. ആ നാട്ടിലെ കളക്ടര്‍ക്ക് ഉടമസ്ഥാവകാശത്തില്‍ സംശയം ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സര്‍ക്കാര്‍ സ്വത്ത് എന്ന് കണ്ടെത്തിയാല്‍, വരുമാന രേഖകളില്‍ പരിഷ്കാരമുണ്ടാകും.
4. വഖഫ് ആണോയെന്ന് നിര്‍ണ്ണയിക്കുന്നതിനുള്ള അന്വേഷണം നടത്താന്‍ വഖഫ് ബോര്‍ഡിന് നിലവിലുള്ള നിയമപ്രകാരം അധികാരമുണ്ട്, എന്നാല്‍ ബില്‍ ഇതിനെ നീക്കുന്നു.
5. വഖഫ് സര്‍വേകള്‍ക്കായി കമ്മീഷണറെ നിയമിക്കാന്‍ ഇപ്പോഴുള്ള വ്യവസ്ഥകള്‍ക്കുപകരം, കളക്ടര്‍ക്ക് സര്‍വേ നടത്താന്‍ അധികാരം നല്കുന്നു. സംസ്ഥാന വരുമാന നിയമങ്ങള്‍ക്കനുസരിച്ച് ബാക്കി സര്‍വേകള്‍ നടത്തും.
6. സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും വഖഫ് ബോര്‍ഡുകളെയും ഉപദേശിക്കാന്‍ സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ നിലവിലുണ്ട്. കൗണ്‍സിലില്‍ വരുന്ന അംഗങ്ങള്‍ മുസ്ലിം ആയിരിക്കണം, അതില്‍ രണ്ടുപേര്‍ സ്ത്രീകള്‍ ആയിരിക്കണം എന്ന് ആക്ട് നിര്‍ദേശിക്കുന്നു. ബില്‍ പകരം, രണ്ട് അംഗങ്ങള്‍ മുസ്ലിം അല്ലാത്തവരായിരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. അംഗങ്ങളില്‍, മുസ്ലിം സംഘടനാ പ്രതിനിധികള്‍, ഇസ്ലാമിക നിയമവിദഗ്ധര്‍, വഖഫ് ബോര്‍ഡുകളിലെ അധ്യക്ഷര്‍ എന്നിവരുടെ പ്രതിനിധികള്‍ മുസ്ലിം ആയിരിക്കണം. ഇതില്‍ രണ്ടു പേര് സ്ത്രീകളായിരിക്കണം.
7. വഖഫ് ബോര്‍ഡില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യും; അവര്‍ മുസ്ലിം ആയിരിക്കേണ്ടതില്ല. ബോര്‍ഡില്‍: രണ്ട് മുസ്ലിം ഇതര അംഗങ്ങള്‍, ഷിയാ, സുന്നി, പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ഒരംഗം വീതം വേണം. ബോര, ആഗഖാനി വിഭാഗത്തില്‍ നിന്നുള്ള അംഗങ്ങളും വേണം.
8. വഖ്ഫ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനത്ത് ട്രൈബ്യൂണലുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ബില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി പരസ്പരം വ്യത്യസ്തമാക്കുന്നു.
9. ട്രൈബ്യൂണല്‍ ഉത്തരവുകളെ ഹൈക്കോടതിയില്‍ അപ്പീല്‍ ചെയ്യാന്‍ 90 ദിവസം വരെ അനുവദിക്കുന്നു.
10. കേന്ദ്ര സര്‍ക്കാരിന്റെ അധികാരങ്ങള്‍: വഖ്ഫ് രജിസ്ട്രേഷന്, അക്കൗണ്ടുകളുടെ പ്രസിദ്ധീകരണം തുടങ്ങിയ കാര്യങ്ങളില്‍ ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം ഉണ്ടായിരിക്കും.
( യുവമോര്‍ച്ച ആലപ്പുഴ ജില്ലാ പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: