ഭീകരവാദികള്‍ക്ക് അഭയകേന്ദ്രമൊരുക്കി തകര്‍ന്നുതരിപ്പണമായ രാജ്യമാണ് പാകിസ്ഥാന്‍. മതമൗലികവാദ-ഭീകരവാദ സംഘടനകള്‍ നിയന്ത്രിക്കുന്ന ഭരണകൂടങ്ങളും അവയുടെ നയങ്ങളുമാണ് പാകിസ്ഥാന്റെ ഇന്നത്തെ ദുരിതാവസ്ഥയ്‌ക്ക് കാരണം. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പരസ്യ പിന്തുണ നല്‍കിയ ഭരണകൂടങ്ങളും രാജ്യങ്ങളും അധികകാലം അവശേഷിച്ചിട്ടില്ല എന്നതാണ് ലോകനീതി. കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരും ഏറെക്കുറെ ആ പാതയിലേക്കാണ് പോകുന്നത്. ഭാരതവും കാനഡയും തമ്മില്‍ ഉടലെടുത്ത നയതന്ത്ര സംഘര്‍ഷങ്ങള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ കാനഡയുടെ പരമാധികാരത്തിന് തന്നെയാണ് വിഘാതം സൃഷ്ടിക്കാന്‍ പോകുന്നത്. ഇതുസംബന്ധിച്ച് ഗൗരവതരമായ പ്രതികരണം നടത്തിയിരിക്കുന്നത് കേന്ദ്രമന്ത്രിയും പഞ്ചാബില്‍ നിന്നുള്ള നേതാവുമായ രവനീത് സിങ് ബിട്ടുവാണ്. പഞ്ചാബ് പാകിസ്ഥാനെ പകരം വെയ്‌ക്കാനുള്ള ശ്രമത്തിലാണ്. ഭാരതത്തിനും പഞ്ചാബിനും കാനഡയുമായി ഉയര്‍ന്ന തലത്തിലുള്ള ബന്ധവും അടുപ്പവുമാണുള്ളത്. എന്നാല്‍ പാകിസ്ഥാനില്‍ ജീവിക്കുന്നവര്‍ കാനഡയിലേക്കുള്ള കുടിയേറ്റം വര്‍ധിപ്പിച്ചിരിക്കുന്നു. അവര്‍ക്ക് നല്ല ഫണ്ടിംഗാണ് ഗുരുദ്വാരകളുടെ പേരില്‍ ലഭിക്കുന്നത്. ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരാവട്ടെ കാനഡയിലെ ന്യൂനപക്ഷ മതവിഭാഗങ്ങളെ പൂര്‍ണ്ണമായും വേര്‍തിരിച്ച് ഭിന്നിപ്പിക്കാനുള്ള ശ്രമത്തിലാണ്, കേന്ദ്രമന്ത്രി പറയുന്നു. കാനഡയില്‍ പാക് ചാരസംഘടനയായ ഐഎസ്ഐ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാനഡയ്‌ക്ക് തന്നെ വിനയായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.
എന്നാല്‍ വിദേശകാര്യ വിദഗ്ധനായ റോബീന്ദര്‍ സച്ദേവ് പറയുന്നത് മറ്റൊന്നാണ്. ഭാരതത്തെ പാഠം പഠിപ്പിക്കാന്‍ കാനഡ ശ്രമിക്കുകയാണ്. പാശ്ചാത്യരാജ്യങ്ങള്‍ക്ക് മേധാവിത്വമുള്ള ലോകക്രമത്തിന് ഭാരതത്തിന്റെ വളര്‍ച്ച ഭീഷണിയാണെന്ന് സ്ഥാപിക്കാനാണ് കാനഡയുടെ ശ്രമമെന്ന് അദ്ദേഹം പറയുന്നു. ഇതിനായി യുഎസിന്റെയും ബ്രിട്ടന്റെയും മൗനാനുവാദമുണ്ടെന്ന് കരുതുന്ന മറ്റു വിദേശകാര്യ വിദ്ഗധരുമുണ്ട്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടന്ന വിദേശകാര്യ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ പല കോണ്‍ഗ്രസ് എംപിമാരും ‘ആശങ്കപ്പെട്ടതും’ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പരിശ്രമിച്ചതും യുഎസിന്റെ ഇക്കാര്യത്തിലുള്ള നിലപാടിനെപ്പറ്റി നിരന്തരം ചോദിച്ചുകൊണ്ടായിരുന്നു എന്നതു കൂടി കൂട്ടിവായിക്കേണ്ടതുണ്ട്. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിച്ച് ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയും അടുത്തടുത്ത മാസങ്ങളില്‍ നടന്ന മോദി- വ്ളാദമിര്‍ പുടിന്‍ കൂടിക്കാഴ്ചകളും ഇതിന് സമാന്തരമായി നടക്കുന്നു എന്നതും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.
കാനഡയിലെ നാലു കോടിയോളം വരുന്ന ജനസംഖ്യയില്‍ 7.7 ലക്ഷം പേര്‍ മാത്രമാണ് സിഖുകാര്‍. അതില്‍ തന്നെ ചെറിയൊരു ശതമാനമാണ് ഖാലിസ്ഥാനി ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നവര്‍. 2021ലെ ജനസംഖ്യ പ്രകാരം എട്ടര ലക്ഷം ഹിന്ദുക്കള്‍ കാനഡയിലുണ്ട്. ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, ആല്‍ബര്‍ട്ട എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് കാനഡയിലെ സിഖ് സമൂഹത്തിന്റെ വളര്‍ച്ച. 388 അംഗ കനേഡിയന്‍ പാര്‍ലമെന്റില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നായി 18 സിഖുകാരാണ് വിജയിച്ചിട്ടുള്ളത്. എട്ട് സീറ്റുകള്‍ പൂര്‍ണ്ണമായും സിഖ് സ്വാധീന മേഖലകളാണ്. 15 സീറ്റുകളിലെ നിര്‍ണ്ണായക സ്വാധീന ശക്തിയും സിഖ് സമൂഹമാണ്. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്കൊപ്പമാണ് 13 സിഖ് എംപിമാര്‍. കൂടാതെ സിഖുകാരനായ ജഗ്മീത് സിങ് നയിക്കുന്ന എന്‍ഡിപിയുടെ 25 എംപിമാരും ട്രൂഡോ സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നു. കഴിഞ്ഞ തവണ നാല് സിഖ് മന്ത്രിമാര്‍ ട്രൂഡോയ്‌ക്കുണ്ടായിരുന്നുവെങ്കില്‍ ഇത്തവണ അത് രണ്ടായിട്ടുണ്ട്. ഭാരത വംശജരായ ഒരു ഹിന്ദു മന്ത്രിയും ഒരു മുസ്ലിം മന്ത്രിയും ട്രൂഡോ സര്‍ക്കാരിലുണ്ട്. പൂര്‍ണ്ണമായും മത രാഷ്‌ട്രീയം വെച്ചുള്ള രാഷ്‌ട്രീയ നേട്ടത്തിന് തന്നെയാണ് ജസ്റ്റിന്‍ ട്രൂഡോയുടെ ശ്രമമെന്നാണ് ഭാരതത്തിന്റെ വിലയിരുത്തല്‍. ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുമ്പോള്‍ രാജ്യത്തെ ജനസംഖ്യയുടെ 2.3 ശതമാനം വരുന്ന ന്യൂനപക്ഷ ജനവിഭാഗമായ ഹിന്ദുക്കള്‍ക്ക് സംരക്ഷണമൊരുക്കാന്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന് സാധിക്കുന്നില്ല എന്നതു തന്നെ കാരണം.
ഞായറാഴ്ച ഒന്റാരിയോയിലെ ബ്രാംപ്റ്റണില്‍ ഹിന്ദുസഭ ക്ഷേത്രത്തിന് നേര്‍ക്കുണ്ടായ ഖാലിസ്ഥാനി ആക്രമണം ട്രൂഡോ സര്‍ക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അംഗീകരിക്കാനാവാത്ത ആക്രമണമാണ് ക്ഷേത്രത്തിന് നേര്‍ക്ക് നടന്നതെന്നും മതവിശ്വാസം സ്വതന്ത്രമായി നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ട്രൂഡോ പറയുമ്പോഴും കാനഡയില്‍ തുടര്‍ച്ചയായി ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ട്. നവംബര്‍ 2,3 തീയതികളിലായി കാനഡയുടെ വിവിധ ഭാഗങ്ങളിലുള്ള ഭാരതത്തിന്റെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേര്‍ക്ക് ഖാലിസ്ഥാനികളുടെ ആക്രമണം നടന്നതായാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. ഭാരതത്തിന്റെ കോണ്‍സുലേറ്റ് ഓഫീസുകള്‍ക്ക് നേര്‍ക്ക് ഖാലിസ്ഥാനി ഭീകരരുടെ പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോള്‍ വിദേശ നയതന്ത്ര സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിവില്ലാത്ത സര്‍ക്കാരായി ട്രൂഡോ സര്‍ക്കാര്‍ മാറിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ കനേഡിയന്‍ എംപിയായ ചന്ദ്ര ആര്യ നടത്തിയ വെളിപ്പെടുത്തലുകള്‍ ഏറെ ഗൗരവകരമാണ്. ഹിന്ദുസഭാ ക്ഷേത്രത്തിന് നേര്‍ക്ക് നടന്ന ആക്രമണം ഖാലിസ്ഥാനികള്‍ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. കാനഡയുടെ നിയമ സംവിധാനങ്ങളില്‍ ഖാലിസ്ഥാനികള്‍ സമര്‍ത്ഥമായി നുഴഞ്ഞുകയറിക്കഴിഞ്ഞിരിക്കുന്നു. ക്ഷേത്രത്തിനുള്ളില്‍ കയറി നടത്തിയ ആക്രമണം കാനഡയില്‍ ഖാലിസ്ഥാനി വിഘടനവാദികള്‍ എത്ര ശക്തമായി എന്നതിന്റെ തെളിവു കൂടിയാണ്. എഡ്മന്റണിലെ സ്വാമിനാരായണ്‍ ക്ഷേത്രം, മിസിസോഗയിലെയും ബ്രാംപ്റ്റണിലെയും വിന്റ്സറിലെയും ക്ഷേത്രങ്ങള്‍, ഗ്രേറ്റര്‍ ടൊറന്റോയിലെയും ബ്രിട്ടീഷ് കൊളംബിയയിലെയും ക്ഷേത്രങ്ങള്‍, കാനഡയിലെ മറ്റു ചില ഭാഗങ്ങളിലെ ക്ഷേത്രങ്ങള്‍ എന്നിവയെല്ലാം കഴിഞ്ഞ നാളുകളില്‍ തകര്‍ക്കപ്പെട്ടതായും കനേഡിയന്‍ എംപി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിയറി പൊളിവര്‍ അടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. മതപരമായ ആക്രമണങ്ങളില്‍ നിന്ന് കാനഡയിലെ ഹിന്ദു സമൂഹത്തെ രക്ഷിക്കാന്‍ ട്രൂഡോ സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് ഇന്തോ-അമേരിക്കന്‍ കോണ്‍ഗ്രസ് മാന്‍ തനേദറും കുറ്റപ്പെടുത്തി. കനേഡിയന്‍ സര്‍ക്കാര്‍ രാഷ്‌ട്രീയം കളിക്കുകയാണ്. കാനഡയിലെ ചില ന്യൂനപക്ഷ സമൂഹത്തെ പ്രീണിപ്പിക്കുകയാണ് ട്രൂഡോ സര്‍ക്കാര്‍. ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെ നടക്കുന്നത് ഭീകരാക്രമണമാണ്. ട്രൂഡോ സര്‍ക്കാര്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു, തനേദര്‍ പറയുന്നു.
രാജ്യത്തിനകത്തുള്ള വിഘടനവാദ സംഘടനകളോട് സ്വീകരിക്കുന്ന കര്‍ശന നിലപാടുകളാണ് ഭാരതത്തിന്റെ കരുത്ത്. വടക്കുകിഴക്കന്‍ മേഖലയിലും കശ്മീരിലും പഞ്ചാബിലും അടക്കം ഭാരതം സ്വീകരിച്ചിട്ടുള്ള നിലപാട് ഒന്നുതന്നെയാണ്. ഇത്രയധികം ആഭ്യന്തര പ്രശ്നങ്ങള്‍ നേരിടുമ്പോഴും ഭാരതം ശക്തമായി നിലകൊള്ളുന്നത് വിഘടനവാദത്തോട് സ്വീകരിച്ച സന്ധിയില്ലാ സമീപനം കൊണ്ടു മാത്രമാണ്. കാനഡ ഭാരതത്തില്‍ നിന്ന് പഠിക്കേണ്ടതും ഇതു തന്നെ. ഭാരതം ഭീകരവാദിയായി പ്രഖ്യാപിച്ച ഹര്‍ദ്ദീപ് സിങ് നിജ്ജര്‍ എന്ന ഖാലിസ്ഥാനി വിഘടനവാദി നേതാവ് കഴിഞ്ഞ വര്‍ഷം കാനഡയില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ ഭാരതമാണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനയോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നത്. കാനഡയിലെ ഇടപെടലുകള്‍ക്ക് പിന്നില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന പ്രസ്താവന ബന്ധം കൂടുതല്‍ മോശമാക്കി. ആഭ്യന്തരമന്ത്രി അമിത് ഷായെ ലക്ഷ്യമിട്ട് കാനഡ നടത്തിയ പരാമര്‍ശങ്ങള്‍ നയതന്ത്രബന്ധത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നു. ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പരസ്പരം പുറത്താക്കി ബന്ധം സാധാരണ നിലയിലല്ല പോകുന്നതെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. കാനഡ കേന്ദ്രീകരിച്ച് ഖാലിസ്ഥാനി ഭീകരപ്രസ്ഥാനങ്ങള്‍ ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിനെ യാതൊരു തരത്തിലും ്അംഗീകരിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് മോദി സര്‍ക്കാര്‍. മറ്റൊരു രാജ്യത്തിനെതിരായ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം മണ്ണ് വിട്ടുകൊടുത്ത വിഡ്ഢിയായി കാലം ജസ്റ്റിന്‍ ട്രൂഡോയെ അടയാളപ്പെടുത്തുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക