കോഴിക്കോട്: ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനവേദിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജന്മഭൂമിയുടെ മുന്‍ മുഖ്യപത്രാധിപരുമായ പി.നാരായണനെ ആദരിച്ചു. ജന്മഭൂമിയുടെ തുടക്കം മുതല്‍ കാല്‍ നൂറ്റാണ്ടുകാലം സമര്‍പ്പിത സേവനം നടത്തിയ നാരായണ്‍ജി വിദ്യാഭ്യാസത്തിന് ശേഷം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജന്മഭൂമിയിലും പ്രവര്‍ത്തിച്ചത്.
കേരളത്തിലെ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ന്ന പത്രപംക്തി എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ‘സംഘപഥത്തിലൂടെ’ എന്ന ജന്മഭൂമിയിലെ പ്രതിവാരപംക്തി കാല്‍നൂറ്റാണ്ടിന് ശേഷം ഇന്നും തുടരുകയാണ്. വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണ്. ജന്മഭൂമി കുടുംബത്തിലെ കാരണവര്‍ക്ക് പുതിയ തലമുറ നടത്തിയ പാദനമസ്‌കാരമായി നാരായണ്‍ജിക്കുള്ള ആദരം.
1975 ല്‍ ജന്മഭൂമിയുടെ തുടക്കത്തില്‍ ആദ്യ പത്രാധിപരായിരുന്ന പി.വി.കെ. നെടുങ്ങാടിയുടെ സഹായികളായ പത്രപ്രവര്‍ത്തകരിലൊരാളായ ശ്രീ രാമചന്ദ്രന്‍ കക്കട്ടിലിനെയും ചടങ്ങില്‍ ആദരിച്ചു. ദേശീയ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ സജീവമായിരുന്ന രാമചന്ദ്രന്‍ പത്രപ്രവര്‍ത്തന രംഗത്ത് പ്രവേശിച്ച് ഏതാനും മാസം പിന്നിട്ടപ്പോള്‍ തന്നെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ നടപടികളുടെ ഭാഗമായി പത്രാധിപരടക്കമുള്ളവരുടെ കൂടെ രാമചന്ദ്രനും പോലീസ് പിടിയിലായി. അടിയന്തിരാവസ്ഥയ്‌ക്കെതിരായ നിലപാട് സ്വീകരിച്ച ജന്മഭൂമി തുടര്‍ന്ന് ഭരണാധികാരികള്‍ അടച്ചുപൂട്ടിക്കുകയായിരുന്നു. തുടക്കക്കാലത്ത് മാസങ്ങള്‍ മാത്രം നീണ്ട സാഹസികമായ പത്രപ്രവര്‍ത്തന ജീവിതം നയിച്ചയാളാണ് രാചന്ദ്രന്‍ കക്കട്ടില്‍.
ഡിജിറ്റല്‍ ഗാഡ്ജെറ്റ് വിപണന രംഗത്ത് ദക്ഷിണേന്ത്യയിലെ തന്നെ മുന്‍നിര സംരംഭമായ മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജി, 2015 മുതല്‍ കോഴിക്കോട്ട് ലോകോത്തര നിലവാരമുള്ള വാസസ്ഥലങ്ങള്‍ ഒരുക്കിനല്‍കുന്ന ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്സിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ കെ. അരുണ്‍ കുമാര്‍ എന്നിവരെയും ജന്മഭൂമി സുവര്‍ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആദരിച്ചു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് നാലുപേരെയും പൊന്നാടയണിയിച്ചും ഉപഹാരവും ആദരണപത്രവും നല്‍കിയും ആദരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: