ഒരാളുടെ ജാതകത്തിലെ ഭാവങ്ങളില്‍ ചില ഗ്രഹങ്ങളുടെ പ്രത്യേക ബന്ധങ്ങളും, ഭാവ ബലങ്ങളോടും കൂടിയ സ്ഥിതിയെയാണ് യോഗം എന്ന് പറയുന്നത്. യോഗഫലങ്ങള്‍ ഒരു ജാതകന്റെ ജീവിതത്തില്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. പലവിധത്തിലുള്ള യോഗങ്ങളുണ്ടെങ്കിലും അവയില്‍ പ്രധാനപ്പെട്ട യോഗങ്ങള്‍ ഇവയാണ്.
രാജയോഗം
അതിവിശേഷമായി കാണപ്പെടുന്ന യോഗമാണ്. സാധാരണക്കാരായിട്ടാണ് ജനിക്കുന്നതെങ്കിലും ജാതകത്തില്‍ രാജയോഗം ഉണ്ടെങ്കില്‍ ഉന്നതിയില്‍ എത്തുന്നു. ജാതകവശാല്‍ നിങ്ങളുടെ ഗ്രഹങ്ങളുടെ ബലാബലമനുസരിച്ച് ഏതൊക്കെ രാശികള്‍ക്ക് അല്ലെങ്കില്‍ നക്ഷത്രക്കാര്‍ക്ക് രാജയോഗം ഉണ്ടെന്ന് മനസ്സിലാക്കാം. ഏതെങ്കിലും ഒരു ഗ്രഹം ഉച്ചത്തില്‍ നില്‍ക്കുകയും ആ ഗ്രഹത്തിന് ബന്ധുഗ്രഹത്തിന്റെ ദൃഷ്ടി കൂടി ഉണ്ടാവുകയും ചെയ്യുമ്പോള്‍ അത് രാജയോഗത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
ചന്ദ്ര കേന്ദ്രത്തില്‍ (1,4,7,10) വ്യാഴം നിന്നാല്‍ അത് രാജയോഗത്തിലേക്ക് നയിക്കുന്നു. ഇതിന്റെ ഫലമായി സര്‍വ്വവിധ ഭാഗ്യം, സമ്പത്ത്, ദീര്‍ഘായുസ്സ്, ശത്രുനാശം, ഐശ്വര്യം എന്നിവ ലഭിക്കും. ചക്രവര്‍ത്തിതുല്യമായ ജീവിതമായിരിക്കും യോഗകര്‍ത്താവിനു ലഭിക്കുന്നത്. ജീവിതത്തില്‍ ഉന്നത പദവിയില്‍ എത്തും. മറ്റേതു യോഗത്തേക്കാളും ഫലം ലഭിക്കുന്നത് രാജയോഗത്തിനാണ്.
രാജയോഗം കൂടാതെ വിവിധതരത്തിലുള്ള യോഗങ്ങള്‍ വേറയും ഉണ്ട്.
പഞ്ചമഹായോഗങ്ങള്‍
കുജന്‍, ബുധന്‍, ഗുരു, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങള്‍ ലഗ്‌നത്തിലോ, സ്വക്ഷേത്രത്തിലോ നില്‍ക്കുകയും ആ ഭാവം ലഗ്‌നകേന്ദ്രം (1,4,7,10) ആകുകയും ചെയ്താല്‍ പഞ്ചാമഹായോഗമുണ്ടെന്ന് പറയാം. രുചകം, ഭദ്രം, ഹംസം, മാളവ്യം, ശശം എന്നിങ്ങനെയാണ് ഈ അഞ്ചു മഹായോഗങ്ങളുടെ പേരുകള്‍.
രുചകം- കുജനാലുള്ള യോഗം (കോണ്‍ രാശി ലഗ്‌നമായാല്‍ രുചക യോഗം ഇല്ല). ഈ യോഗത്തില്‍ ജനിച്ചാല്‍ ഐശ്വര്യം, ബലമുള്ള ശരീരം, സ്വഭാവഗുണം, ദാനശീലം ഇവ ഫലമാകുന്നു.
ഭദ്രം-ബുധനാലുള്ള യോഗം(കോണ്‍ രാശി ലഗ്‌നമായാല്‍ മാത്രമേ ഭദ്രയോഗം ഉണ്ടാകൂ). യോഗപ്രകാരം ജാതകന് പ്രസംഗ ചാതുര്യം, വിദ്യ, ബുദ്ധി, യോഗശാസ്ത്ര ജ്ഞാനം, ശൗര്യമുള്ള മുഖം എന്നിവ ഫലം.
ഹംസം- വ്യാഴാലുള്ള യോഗം (കോണ്‍ രാശി ലഗ്‌നമായാല്‍ മാത്രമേ ഭദ്രയോഗം ഉണ്ടാകൂ, സ്ഥിര രാശിയില്‍ ഈ യോഗമില്ല). ഉയര്‍ന്ന മൂക്ക്, സൗന്ദര്യം, അധ്യാപനജോലി, സല്‍കര്‍മ്മങ്ങള്‍, അറിവ്, രജോഗുണം ഇവയാണ് യോഗഫലങ്ങള്‍.
മാളവ്യം-ശുക്രനാലുള്ള യോഗം(ഏതു രാശി ലഗ്‌നമായാലും മാളവ്യയോഗം ഉണ്ട്). സമ്പത്ത്, സല്‍ഗുണം, വാഹനയോഗം, ആകര്‍ഷണീയമായ ശരീരം, സല്‍കളത്രം, സല്‍സന്താനം ഇവ ഫലം.
ശശം-ശനിയാലുള്ള യോഗം(കോണ്‍ രാശി ലഗ്‌നമായാല്‍ ശശയോഗം ഇല്ല). മാത്യഭക്തി, ചപലസ്വഭാവം, സേനാനായകത്വം, വിദേശ ബന്ധം ഇവയാണു ഫലങ്ങള്‍.
ഗജകേസരി യോഗം
ചന്ദ്രകേന്ദ്രത്തില്‍ വ്യാഴം നില്‍ക്കുകയും ചന്ദ്രനും വ്യാഴത്തിനും ബലവുമുണ്ടെങ്കിലേ ഈ യോഗം ഫലപ്രദമാകൂ. ചന്ദ്രന്റെ ഒപ്പമോ അല്ലെങ്കില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ നാലാം ഭാവത്തിലോ ഏഴിലോ പത്തിലോ വ്യാഴം നിന്നാല്‍ കേസരി യോഗമായി. ചന്ദ്രനെ ബുധന്‍, ശുക്രന്‍, വ്യഴം എന്നിവര്‍ നോക്കിയാലും ഗജകേസരി യോഗമാണ്(നോക്കുന്ന ഗ്രഹങ്ങള്‍ക്കും ചന്ദ്രനും നീചമോ മൗഢ്യമോ വരരുത്).
ഉദാഹരണം: ലഗ്‌നം ധനു, ചന്ദ്രന്‍ ഇടവത്തില്‍. വ്യാഴം ഇടവത്തിലോ അല്ലെങ്കില്‍ ചന്ദ്രന്റെ കേന്ദ്ര ക്ഷേത്രങ്ങളായ (4,7,10 ) രാശികളായ ചിങ്ങം, ധനു, മീനം എന്നീ രാശികളിലോ നിന്നാല്‍ ഗജകേസരി യോഗമായി.
കേമദ്രുമ യോഗം
ചന്ദ്രന്റെ രണ്ടിലും പന്ത്രണ്ടിലും ഗ്രഹങ്ങള്‍ ഇല്ലെങ്കില്‍ കേമദ്രുമ യോഗം സംഭവിക്കും. ദാരിദ്ര്യം, ദുഃഖം, കുടുംബ സുഖമില്ലായ്മ ഇങ്ങനെ ദോഷഫലങ്ങളാണ് ഈ യോഗം നല്‍കുന്നത്. ഉദാഹരണം: ലഗ്‌നം മിഥുനം. കര്‍ക്കടകത്തിലും(2) ഇടവത്തിലും(12) ഒരു ഗ്രഹങ്ങളും ഇല്ലാതെ വന്നാല്‍ കേമദ്രുമമായി. ഇതേ ജാതകത്തില്‍ തന്നെ ചന്ദ്രന്റെ കേന്ദ്രസ്ഥാനങ്ങളില്‍ (1,4,7,10)കുജന്‍, ഗുരു, ബുധന്‍, ശുക്രന്‍, ശനി ഇവയിലാരെങ്കിലും നിന്നാല്‍ കേമദ്രുമയോഗഭംഗം സംഭവിക്കും. അങ്ങനെ വന്നാല്‍ ഈ യോഗത്തിന്റെ ദോഷഫലങ്ങള്‍ ഇല്ലാതെയാകും.
നീചഭംഗ രാജയോഗം
ഏതെങ്കിലും ഒരു ഗ്രഹം നീചത്തില്‍ നിന്നാല്‍, ആ നീചരാശിയുടെ അധിപനോ അല്ലെങ്കില്‍ ആ നീചരാശി ഉച്ചക്ഷേത്രമായിട്ടുള്ള ഗ്രഹമോ, ചന്ദ്രകേന്ദ്രത്തില്‍ വരിക. അല്ലെങ്കില്‍ ആ നീചരാശി ഉച്ചക്ഷേത്രമായുള്ള ഗ്രഹമൊ നീചരാശിയുടെ അധിപനായ ഗ്രഹത്തിന്റെ ഉച്ചരാശ്യാധിപനോ ഇതില്‍ ഏതെങ്കിലും ഒരു ഗ്രഹം ലഗ്‌നകേന്ദ്രത്തില്‍ വരിക. ഇങ്ങനെ വന്നാല്‍ നീചഭംഗ രാജയോഗമാണ്.
ഫലം: ഉന്നത പദവി, സുഖവും ആഡംബരങ്ങളും നിറഞ്ഞ ജീവിതം. രാജയോഗത്തേക്കാളും ഫലദാനശേഷി കൂടുതലുണ്ട് നീചഭംഗരാജയോഗത്തിന്. ഉദാഹരണം: 1. ജാതകത്തില്‍ വ്യാഴം നീചസ്ഥാനമായ മകരത്തില്‍ നില്‍ക്കുമ്പോള്‍ ഈ രാശിയുടെ അധിപനായ ശനി ചന്ദ്ര കേന്ദ്രത്തില്‍(1,4,7,10 രാശികളില്‍) വരുക. 2. ജാതകത്തില്‍ ബുധന്‍ നീചസ്ഥാനമായ മീനത്തില്‍നില്‍ക്കുമ്പോള്‍ മീനം രാശിയുടെ അധിപനായ വ്യാഴം ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,4,7,10 എന്നീ കേന്ദ്രസ്ഥാനങ്ങളിലൊന്നില്‍ നിന്നാല്‍ നീചഭംഗരാജയോഗമാകും.
കാളസര്‍പ്പയോഗം
ജാതകത്തില്‍ ഗ്രഹങ്ങളെല്ലാം രാഹുവിന്റെയും കേതുവിന്റെയും ഇടയില്‍ ഒരു ഭാഗത്തുമാത്രം നിന്നാല്‍ കാളസര്‍പ്പയോഗമായി.
ഫലം: അല്‍പ്പായുസ്സ്, കഷ്ടത, ദാരിദ്ര്യം, പുരോഗതിയില്ലായ്മ. ഉദാഹരണം: ലഗ്‌നം ധനു. രാഹു മീനത്തിലും കേതു കന്നിയിലും. ഇവിടെ മറ്റെല്ലാ ഗ്രഹങ്ങളും മേടം തൊട്ട് ചിങ്ങം വരെയുള്ള രാശികളില്‍ വരികയാണെങ്കില്‍ കാളസര്‍പ്പയോഗമായി. ഒന്നിലേറെ വിധത്തിലുള്ള കാളസര്‍പ്പയോഗങ്ങള്‍ ഉണ്ടെങ്കില്‍ കാളഹസ്തി ക്ഷേത്രത്തില്‍ നവഗ്രഹപൂജ നടത്തുകയാണ് പരിഹാരം.
ശകടയോഗം
വ്യാഴത്തിന്റെ 6,8 രാശികളില്‍ ചന്ദ്രന്‍ വന്നാല്‍ ശകടയോഗം. എന്നാല്‍ ലഗ്‌നകേന്ദ്രത്തില്‍ ചന്ദ്രനോ വ്യാഴമോ നിന്നാല്‍ ശകടയോഗഭംഗമുണ്ടാകും. ശകടയോഗത്തില്‍ ജനിച്ചവന്റെ ഭാഗ്യം കുറേശ്ശേകുറേശ്ശേ കുറഞ്ഞു വരും. പിന്നീട് കുറേശ്ശേ കൂടിവരികയും ചെയ്യും. ഇവര്‍ക്ക് ഉയര്‍ച്ചതാഴ്ചകള്‍ വന്നുകൊണ്ടിരിക്കും. ഉദാഹരണം: ലഗ്‌നം വ്യശ്ചികം. വ്യാഴം കുംഭത്തില്‍. അപ്പോള്‍ ചന്ദ്രന്‍ കര്‍ക്കിടകത്തിലോ കന്നിയിലോ നിന്നാല്‍ ശകടയോഗം.
ജാതകത്തിലെ വിശേഷ യോഗങ്ങള്‍ അനുസരിച്ചായിരിക്കും നമ്മുടെ ജീവിതം തീരുമാനിക്കപ്പെടുന്നത്. ഇതിലൂടെ ജീവിതത്തിലെ പ്രതിസന്ധികള്‍ എല്ലാം ഇല്ലാതായി ജീവിതത്തില്‍ സന്തോഷവും മാനസികവും ശാരീരികവും ആയ ഒരു ജീവിതം നയിക്കുന്നതിനുള്ള ഭാഗ്യമുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി, സന്തോഷകരമായ കുടുംബ ജീവിതം, നല്ല സ്വഭാവം, ഉയര്‍ന്ന ജീവിതരീതിയും സാഹചര്യങ്ങളും എല്ലാം യോഗങ്ങളുടെ ലക്ഷണങ്ങള്‍ തന്നെയാണ്. പല വിധത്തിലുള്ള യോഗങ്ങള്‍ നമ്മുടെയെല്ലാം ജാതകത്തില്‍ ഉണ്ടാവുമെങ്കിലും ഗ്രഹങ്ങളുടെ ബന്ധങ്ങളും ബലാബലവും ദൃഷ്ടികളും അനുസരിച്ചു മാത്രമേ നമുക്ക് അത് അനുഭവിക്കാനാവു. ഈ യോഗങ്ങള്‍ ജാതകത്തില്‍ ഉണ്ടെന്ന് മനസ്സിലാക്കാനായാല്‍ അത് ജീവിതത്തെ മുന്നോട്ട് നയിക്കുന്നതില്‍ ഏറെ പ്രോത്സാഹനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക