Sports

66-ാം സംസ്ഥാന സ്‌കൂള്‍ കായിക മേള 2024: തിരിതെളിയുന്നു; ഇന്ന് ഉദ്ഘാടനവും രജിസ്‌ട്രേഷനും മാത്രം

Published by

കൊച്ചി: 66-ാം സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഉദ്ഘാടന ദിവസമായ ഇന്ന് മത്സരങ്ങളൊന്നും ഷെഡ്യൂള്‍ ചെയ്തിട്ടില്ല. കായിക ഇനങ്ങളിലെ പോരാട്ടങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. 15 കായിക ഇനങ്ങളുടെ രജിസ്‌ട്രേഷന്‍ ആണ് ഇന്ന് നടക്കുക. ഏഴ്-11വരെയാണ് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍.

ദേശീയ മത്സരത്തില്‍ പങ്കെടുക്കാനുള്ളത് കൊണ്ട് ഷൂട്ടിങ്ങ് ഇനങ്ങളും ചെസ് മത്സരങ്ങളും ദിവസങ്ങള്‍ക്ക് മുമ്പ് തുടങ്ങിവച്ചിരുന്നു. ഇന്ന് മേളയുടെ പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഉദ്ഘാടന ചടങ്ങ് നടക്കുമ്പോള്‍ ഉച്ചയ്‌ക്ക് രണ്ട് മുതല്‍ കൊച്ചി അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിലാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കും.

മത്സരങ്ങളെല്ലാം നാളെ മുതലായിരിക്കും നടക്കുക. ടെന്നിസ്, ബാഡ്മിന്റണ്‍ മത്സരങ്ങളാണ് ആദ്യദിനം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നാളെ കടവന്ത്ര റീജിയനല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന ടെന്നിസ് മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആണ് ആദ്യം. ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് നടക്കുന്ന രജിസ്‌ട്രേഷനില്‍ ടെന്നിസിന് പുറമെ 15 കായിക ഇനങ്ങളുടെ രജിസ്‌ട്രേഷന്‍ നടക്കും. ബാക്കിയുള്ള അഞ്ച് ഇനങ്ങളുടെ രജിസ്‌ട്രേഷന്‍ നാളെയും മറ്റന്നാളുമായി വിവിധ ഇടങ്ങളില്‍ നടക്കും. ആകെ 20 കായിക ഇനങ്ങളും അത്‌ലറ്റിക്‌സ് മത്സരങ്ങളുമാണ് നടക്കുക. ഏഴ് മുതല്‍ 11 വരെയാണ് അത്‌ലറ്റിക്‌സ്.

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്‌ക്കുള്ള ദീപശിഖാ പ്രയാണവും ജേതാക്കള്‍ക്കുള്ള ട്രോഫിയും വഹിച്ചുകൊണ്ടുള്ള യാത്രകള്‍ തൃപ്പൂണിത്തുറയില്‍ ഒരുമിക്കും. കാസര്‍ഗോഡ് നിന്നാണ് ദീപശിഖാ പ്രയാണം ആരംഭിച്ചത്. ട്രോഫിയും വഹിച്ചുകൊണ്ടുള്ള യാത്ര തിരുവനന്തപുരത്തു നിന്നും തുടങ്ങി.

ഇന്ന് രാവിലെ പത്ത് മണിയോടെ തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇരുയാത്രകളും കൂടിചേരും അവിടെ നിന്നും വിവിധ പ്രദേശങ്ങളിലേക്ക് ഘോഷയാത്രയായി പുറപ്പെട്ട് ഉച്ചയോടെ മറൈന്‍ ഡ്രൈവിലെത്തും. 11 ഓടെ ഇടക്കൊച്ചി വെളി മൈതാനത്തെത്തുന്ന യാത്ര 11.30ന് വൈപ്പിന്‍ ദ്വീപിലെ ഓച്ചന്തുരുത്തിലെ സാന്റാക്രൂസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തിചേരും. അവിടെ നിന്നും ഉച്ചയോടെ മറൈന്‍ഡ്രൈവില്‍. ഇവിടെ നിന്നും പുറപ്പെടുന്ന യാത്രയെ വൈകീട്ട് മൂന്നോടെ ഉദ്ഘാടന വേദിയായ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ സ്വീകരിക്കും.

ദീപശിഖാ പ്രയാണം ഇന്നലെ രാവിലെ പത്തിന് കാലടി ബ്രഹ്‌മോദയം സ്‌കൂളില്‍ എത്തിച്ചേര്‍ന്നു. ആലുവ എസ്എന്‍ഡിപി സ്‌കൂളിലും കളമശേരിയിലെ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പ്രവേശിച്ച് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ വരാപ്പുഴയിലെത്തി. ഉച്ചതിരിഞ്ഞ് സെന്റ്‌ജോര്‍ജ് ഹൈസ്‌കൂള്‍ ഇടപ്പള്ളിയിലെത്തിചേര്‍ന്ന യാത്ര വൈകീട്ടോടെ ചോറ്റാനിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിനില്‍ക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by