വ്യോമസേനയുടെ കാലഹരണപ്പെട്ട അവ്രോ വിമാനങ്ങള്‍ക്കു പകരമായി 56 സി-295 സൈനിക വിമാനങ്ങള്‍ വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം 2021 സപ്തംബറില്‍ 21,935 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടിരുന്നു. എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസുമായുള്ള കരാര്‍ പ്രകാരം വിതരണം ചെയ്യേണ്ട ആദ്യ 16 വിമാനങ്ങള്‍ സ്പെയിനിലെ സെവില്ലെയിലെ അന്തിമ അസംബ്ലി ലൈനില്‍ നിര്‍മിച്ച് വിതരണം ചെയ്യും. തുടര്‍ന്നുള്ള 40 വിമാനങ്ങള്‍ ഭാരതവും സ്പെയിനും തമ്മിലുള്ള വ്യാവസായിക പങ്കാളിത്തത്തിനു കീഴില്‍ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എല്‍) ഭാരതത്തില്‍ നിര്‍മിച്ച് അസംബിള്‍ ചെയ്യും. നമ്മുടെ രാജ്യത്ത് സൈനിക വിമാനങ്ങള്‍ നിര്‍മിക്കുന്നതില്‍ ഇത്തരത്തിലുള്ള ആദ്യ സഹകരണമാണിത്. ഗുജറാത്തിലെ വഡോദരയില്‍ ടിഎഎസ്എല്‍ ഫൈനല്‍ അസംബ്ലി ലൈന്‍ കേന്ദ്രത്തിന്, 2022 ഒക്ടോബര്‍ 30നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്. സൈനികവിമാനങ്ങള്‍ക്കായുള്ള ഭാരതത്തിലെ ആദ്യത്തെ സ്വകാര്യ ഫൈനല്‍ അസംബ്ലി ലൈന്‍ പണിശാലയാണ് വഡോദരയിലേത്.
2023 സപ്തംബര്‍ 13ന് സ്പെയിനിലെ സെവില്ലെയില്‍ പ്രവര്‍ത്തന സജ്ജമായ ആദ്യ വിമാനം അന്നത്തെ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്. ചൗധരിക്ക് കൈമാറി. ഇതിനകം ആറ് സി-295 വിമാനങ്ങള്‍ പറത്തുന്ന, വഡോദര ആസ്ഥാനമായുള്ള ‘റൈനോസ്’ എന്നറിയപ്പെടുന്ന വ്യോമസേനയുടെ 11 സ്ക്വാഡ്രനെ, 2023 സപ്തംബര്‍ 25ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഹിന്‍ഡന്‍ വ്യോമസേന സ്റ്റേഷനില്‍ ഔദ്യോഗികമായി വ്യോമസേനയില്‍ ഉള്‍പ്പെടുത്തി.
9.5 ടണ്‍ വിക്ഷേപണഭാരവും 70 യാത്രക്കാരെയും 49 പാരാട്രൂപ്പറുകളെയും വഹിക്കാനുള്ള കഴിവുമുണ്ട്. ബഹുമുഖ സൈനിക ഗതാഗത വിമാനമായ സി-295 ന്റെ പ്രവര്‍ത്തന വിജയവും വ്യോമസേനയുടെ ശേഷിക്ക് വളരെയധികം ഉത്തേജനം നല്‍കും. രാപകല്‍ ഭേദമന്യേ ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഈ വിമാനം ലോകമെമ്പാടും വിവിധ വ്യോമസേനകള്‍ ഉപയോഗിക്കുന്നു. സൈനികനീക്കം, എയര്‍ ലോജിസ്റ്റിക്സ്, പാരാട്രൂപ്പിങ്, മെഡിക്കല്‍ രക്ഷാപ്രവര്‍ത്തനം, തെരച്ചില്‍, രക്ഷാപ്രവര്‍ത്തനം, സമുദ്രനിരീക്ഷണം, അന്തര്‍വാഹിനികള്‍ക്കെതിരെ പോരാടല്, പരിസ്ഥിതി നിരീക്ഷണം, അതിര്‍ത്തി നിരീക്ഷണം, വാട്ടര്‍ ബോംബര്‍, വ്യോമമാര്‍ഗമുള്ള മുന്‍കൂര്‍ മുന്നറിയിപ്പ് എന്നിവയുള്‍പ്പെടെ നിരവധി കഴിവുകളുമായാണ് എയര്‍ബസ് സി-295 വരുന്നത്.
സ്പെയിന് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് 2024 ഒക്ടോബര്‍ 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വഡോദരയിലെ ടിഎഎസ്എല്‍ നിര്‍മാണകേന്ദ്രം ഉദ്ഘാടനം ചെയ്തു. ഭാരതത്തിലെ ആദ്യത്തെ സ്വകാര്യ സൈനിക വിമാന നിര്‍മാണ കേന്ദ്രമാണിത്. ‘ഭാരതത്തില്‍ നിര്‍മിച്ച’ ആദ്യ സി-295 വിമാനം 2026 സപ്തംബറില്‍ പുറത്തിറങ്ങും. അവസാന വിമാനം 2031 ആഗസ്റ്റോടെ ഭാരതത്തിന് കൈമാറുമെന്നാണു പ്രതീക്ഷ. ഈ പദ്ധതി രാജ്യത്തെ വിമാന നിര്‍മാണ മേഖലയ്ക്ക് ആവശ്യമായ പ്രചോദനം നല്‍കും. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന നിരവധി എംഎസ്എംഇകള്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ നിര്‍മിക്കുന്നതില്‍ പങ്കാളികളാകും. മൊത്തം 33 എംഎസ്എംഇകളെ എയര്‍ബസ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിന്റെ ഘടകങ്ങളുടെ ഉത്പാദനം ഹൈദരാബാദിലെ പ്രധാന ഘടക കേന്ദ്രത്തില്‍ ഇതിനകം ആരംഭിച്ചു. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (ബിഇഎല്‍) ഭാരത് ഡൈനാമിക്സ് ലിമിറ്റഡും നല്കുന്ന ഇലക്ട്രോണിക് യുദ്ധ (ഇഡബ്ല്യു) സംവിധാനങ്ങള്‍ ഇതിനകം വിമാനത്തില്‍ സംയോജിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, കരാര്‍ ചര്‍ച്ചകളിലും അന്തിമരൂപീകരണത്തിലും നീണ്ട കാലതാമസം വരുന്നതിനാല്‍ ഇവ നവീകരിക്കേണ്ടതുണ്ട്. കൂടാതെ തദ്ദേശീയ ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളുടെ പ്രാധാന്യത്തിന് അമിത ഊന്നല്‍ നല്‍കാനും കഴിയില്ല.
എയ്റോസ്പേസ് മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഈ പരിപാടി ഉത്തേജകമായി പ്രവര്‍ത്തിക്കുമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഭാരതത്തിലെ എയ്റോസ്പേസ്- പ്രതിരോധ മേഖലകളില്‍ 42.5 ലക്ഷത്തിലധികം തൊഴില്‍ മണിക്കൂറുകളുള്ള, ഉയര്‍ന്ന വൈദഗ്ധ്യം വേണ്ട 600 തൊഴിലവസരങ്ങള്‍ നേരിട്ടും 3000ത്തിലധികം തൊഴിലവസരങ്ങള്‍ പരോക്ഷമായും 3000 ഇടത്തരം തൊഴിലവസരങ്ങളും ഈ പരിപാടി സൃഷ്ടിക്കും. മറ്റ് ഒഇഎമ്മുകളില്‍ നിന്ന് എയര്‍ബസ് വാങ്ങുന്ന എയ്റോഎന്ജിനും ഏവിയോണിക്സും ഒഴികെ, മറ്റ് ഘടനാപരമായ ഭാഗങ്ങള്‍ കൂടുതലും ഭാരതത്തില്‍ നിര്‍മിക്കും. ഒരു വിമാനത്തില്‍ ഉപയോഗിക്കുന്ന 14,000 ഭാഗങ്ങളില്‍ 13,000 എണ്ണം അസംസ്കൃത വസ്തുക്കളില്‍ നിന്ന് ഭാരതത്തില്‍ നിര്‍മിക്കും. എന്നിരുന്നാലും, ടിഎഎസ്എല്‍ സമയബന്ധിതമായി 40 വിമാനങ്ങള്‍ നിര്‍മിക്കുന്നതിലായിരിക്കും യഥാര്‍ഥ പരീക്ഷണം. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും നയിക്കുന്നത് എയര്‍ബസാണ്; കൂടാതെ ടിഎഎസ്എല്‍ നിര്‍വഹണവും നടത്തുന്നു. ഭാരതത്തിന്റെ വിമാന നിര്‍മാണ മേഖല അഭിവൃദ്ധി പ്രാപിക്കാനും പുരോഗതി ആര്‍ജ്ജിക്കാനും പ്രാദേശിക ഉല്‍പ്പാദനം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എയ്റോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ് മുഖേനയുള്ള ഗുണനിലവാര നിയന്ത്രണം, ഭാവി അംഗീകാരം, തദ്ദേശീയ പരിശോധന, വിലയിരുത്തല്‍ എന്നിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം.
കഴിഞ്ഞ പത്തുവര്‍ഷമായി ഭാരതത്തിന്റെ സുസ്ഥിരമായ ശ്രമങ്ങള്‍ പ്രതിരോധ മേഖലയുടെ കുതിച്ചുചാട്ടത്തിന് സഹായകമായി. 43,726 കോടി രൂപയില്‍ നിന്ന് 1,27,265 കോടി രൂപയായി വളര്‍ന്ന പ്രതിരോധ ഉല്‍പ്പാദന കണക്കുകളില്‍ ഇത് പ്രതിഫലിക്കുന്നു. ഇതില്‍ 21 ശതമാനവും സ്വകാര്യമേഖലയുടെ സംഭാവനയാണ്. പത്ത് വര്‍ഷം മുമ്പ് 1000 കോടി രൂപയില്‍ താഴെയായിരുന്നു പ്രതിരോധ കയറ്റുമതി. ഇത് കഴിഞ്ഞ വര്‍ഷം 21,000 കോടിയിലേറെയായി ഉയര്‍ന്നു.
ആധുനികവത്കരണ ബജറ്റിന്റെ 75 ശതമാനം ഈ സാമ്പത്തിക വര്‍ഷം ആഭ്യന്തര വ്യവസായങ്ങള്‍ വഴിയുള്ള സംഭരണത്തിനായി നീക്കിവച്ചിട്ടുണ്ട്. സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെയുള്ള സ്വയംപര്യാപ്ത സംരംഭങ്ങള്‍ക്കായുള്ള പോര്‍ട്ടലിന്റെ (ടഞകഖഅച) ആരംഭം, ഗുണപ്രദമായ സ്വദേശിവത്കരണ പട്ടികകളുടെ (ജകഘ) സമാരംഭം, പ്രതിരോധ മികവിനുള്ള നൂതനാശയങ്ങള്‍ , 50,083 കോടി രൂപയുടെ നിക്ഷേപത്തോടെ ഉത്തര്‍പ്രദേശിലും തമിഴ്നാട്ടിലും പ്രതിരോധ വ്യവസായ ഇടനാഴികള്‍ സ്ഥാപിക്കല്‍ എന്നിവയാണ് സര്‍ക്കാര്‍ സ്വീകരിച്ച മറ്റു സംരംഭങ്ങളില്‍ ചിലത്.
സി-295 സൈനികനീക്ക വിമാനങ്ങളുടെ സംയുക്ത നിര്‍മാണത്തിനായുള്ള എയര്‍ബസ് – ടിഎഎസ്എല്‍ പങ്കാളിത്തം വ്യോമയാന മേഖലയ്ക്ക് പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും വെളിച്ചമാണ്. എന്നിരുന്നാലും, സിവില്‍ അംഗീകൃത പതിപ്പും ലഭ്യമായതിനാല്‍ ഈ വിമാനത്തെ ആ രീതിയിലേക്കും ടിഎഎസ്എല്‍ വിപുലീകരിക്കുമോ എന്ന് കണ്ടറിയണം. ഈ സഹകരണത്തിന്റെ മുഴുവന്‍ സാധ്യതകളും തിരിച്ചറിയാന്‍ രാജ്യത്തെ ഉത്പാദനവും ഭാവിയിലെ കയറ്റുമതിയും പരിശോധിക്കേണ്ടതുണ്ട്. ടിഎഎസ്എല്ലുമായുള്ള ഇടപെടല്‍ വിജയകരമായി നടപ്പാക്കിയാല്‍ രാജ്യത്തെ സ്വകാര്യമേഖലയുടെ കൂടുതല്‍ പങ്കാളിത്തത്തിന് ഇതു കാരണമായേക്കാം. അവരുടെ പിന്തുണയില്ലാതെ ഭാരതത്തിന് 2047-ഓടെ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകില്ല.
(സെന്റര്‍ ഫോര്‍ എയര്‍ പവര്‍ സ്റ്റഡീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറലാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: