ഭാരതത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിന് മികച്ച പോഷകാഹാരം അത്യന്താപേക്ഷിതമാണ്. രാജ്യത്തിന്റെ ആരോഗ്യത്തിനും വികസനത്തിനും ഇതു നിര്‍ണായകമാണ്. മതിയായ പോഷകാഹാരം, പ്രത്യേകിച്ച് ഗര്‍ഭകാലത്ത് ഉറപ്പാക്കുന്നത് ആരോഗ്യമുള്ള കുഞ്ഞുങ്ങളുടെ ജനനത്തിലേക്ക് നയിക്കും. അതിലൂടെ അവര്‍ ജീവിതത്തിലുടനീളം മെച്ചപ്പെട്ട ആരോഗ്യഫലങ്ങള്‍ ആസ്വദിക്കും. ഗര്‍ഭധാരണം മുതല്‍ ആദ്യത്തെ 1000 ദിവസങ്ങളില്‍ പോഷകാഹാരത്തിനു മുന്‍ഗണന നല്‍കുന്നത് തലമുറകളിലുടനീളമുള്ള പോഷകാഹാരക്കുറവിന്റെ ചക്രം തകര്‍ക്കുന്നതിന് അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ വര്‍ഷത്തെ കോപ്പന്‍ഹേഗന്‍ സമവായത്തില്നിന്നുള്ള റിപ്പോര്‍ട്ടനുസരിച്ച്, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ തന്ത്രം പോഷകാഹാരത്തില്‍ നിക്ഷേപിക്കലാണ്.
പോഷകാഹാരക്കുറവ് ശാരീരിക ആരോഗ്യത്തിനപ്പുറം ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അത് സാമൂഹ്യ- സാമ്പത്തിക സാഹചര്യങ്ങളെയും സാരമായി ബാധിക്കുന്നു.
സക്ഷം അങ്കണവാടികളും പോഷണവാടികകളും
പോഷകാഹാര ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കുട്ടികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കിടയിലെ പോഷകാഹാരക്കുറവിന്റെ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സക്ഷം അങ്കണവാടി, പോഷന്‍ 2.0 തുടങ്ങിയ പരിപാടികള്‍. സക്ഷം അങ്കണവാടി സംരംഭത്തിന് കീഴില്‍, അങ്കണവാടി കേന്ദ്രങ്ങള്‍ അടിസ്ഥാന പോഷകാഹാര പിന്തുണയ്ക്കപ്പുറം സമഗ്രമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഈ സേവനങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണം, പ്രസവത്തിനു മുമ്പുള്ളതും പ്രസവാനന്തരവുമായ പരിചരണം, മുലയൂട്ടല്‍ രീതികള്‍, ന്യൂനതകള്‍ പരിഹരിക്കുന്ന ഭക്ഷണത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്നു. പതിവ് ആരോഗ്യ പരിശോധനാ രീതികളിലൂടെ, കുട്ടികളിലെ പോഷകാഹാരക്കുറവും മറ്റ് ആരോഗ്യപ്രശ്നങ്ങളും വിലയിരുത്തുന്നു. ഉചിതമായ ഇടപെടലുകള്‍ നടത്തുന്നു.
കുട്ടിക്കാലത്തെ വികസനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മാതൃ-ശിശു പോഷകാഹാര ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ തുടര്‍ച്ചയായ പരിചരണം വാഗ്ദാനം ചെയ്യുന്നതിനാണ് അങ്കണവാടി കേന്ദ്രങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പോഷകാഹാരക്കുറവിനെ ചെറുക്കുന്നതിനുള്ള നയരൂപീകരണത്തില്‍ വസ്തുതാധിഷ്ഠിത പരിഹാരങ്ങള്‍ ഉറപ്പാക്കുന്നതിലെ ശ്രദ്ധേയമായ മുന്നേറ്റമാണ് ‘പോഷണ്‍ ട്രാക്കര്‍’. പോഷകാഹാര സേവനങ്ങളുടെ ആസൂത്രണം, നിര്‍വഹണം, നിരീക്ഷണം, പോഷകാഹാരക്കുറവുള്ള കുട്ടികളെ തിരിച്ചറിയാന്‍ അങ്കണവാടി പ്രവര്‍ത്തകരെ സഹായിക്കല്‍, സേവനങ്ങള്‍ എല്ലായിടത്തും ഉറപ്പാക്കല്‍ എന്നിവയ്ക്ക് ഊര്‍ജസ്വലമായ ഈ സംവിധാനം സഹായകമാണ്.
പോഷണ വാടികകള് (പോഷകാഹാര ഉദ്യാനങ്ങള്‍) അവതരിപ്പിക്കുന്നതാണ് ഈ പദ്ധതിക്കു കീഴിലുള്ള മറ്റൊരു സംരംഭം. അങ്കണവാടികളില്‍ സ്ഥാപിക്കുന്ന അടുക്കളത്തോട്ടങ്ങള്‍, ശുദ്ധവും പ്രാദേശികമായി വിളയിച്ച പച്ചക്കറികളും പഴങ്ങളും നല്കി കുട്ടികളുടെയും സ്ത്രീകളുടെയും പോഷകാഹാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. ഈ സംരംഭം ഏറ്റവും ദുര്‍ബലരായവര്‍ക്ക് ലഭ്യമായ ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. സ്വയംപര്യാപ്തതയും സുസ്ഥിര പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ സമൂഹങ്ങളെ ശാക്തീകരിക്കുന്നു. ഭക്ഷണ വൈവിധ്യത്തെയും സുസ്ഥിര ഭക്ഷണ ശീലങ്ങളെയും പിന്തുണയ്ക്കുന്ന, പ്രാദേശിക കാര്‍ഷിക-കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഇത് അനുവദിക്കുന്നു.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കിടയില്‍ ഭക്ഷ്യ സമ്പ്രദായങ്ങളുടെ കരുത്തുചോരുന്ന സ്ഥിതിക്കു ബദലായി, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്നതും ഉയര്‍ന്ന പോഷക ഗുണമുള്ളതുമായ ചെറുധാന്യങ്ങള്‍ക്ക് ഭാരതം പ്രോത്സാഹനമേകിയിട്ടുണ്ട്. 2023നെ ഐക്യരാഷ്ട്ര പൊതുസഭ ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വര്‍ഷമായി അംഗീകരിച്ചിരുന്നു. ഈ വിളകളില്‍ പ്രോട്ടീന്‍, അവശ്യം വേണ്ട ഫാറ്റി ആസിഡുകള്‍, ഡയറ്ററി ഫൈബര്‍, ബി-വിറ്റാമിനുകള്‍, പ്രധാന ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. സ്ത്രീകളിലും കുട്ടികളിലും ഉള്‍പ്പെടെ, വിളര്‍ച്ച പോലുള്ള കുറവുകള്‍ പരിഹരിക്കാന്‍ ഇതു സഹായിക്കുന്നു. പോഷണപദ്ധതിയുടെ പ്രധാന ഘടകമാണ് ചെറുധാന്യങ്ങള്‍. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും ചെറിയ കുട്ടികള്‍ക്കും അങ്കണവാടികള്‍ വഴി നല്കുന്ന അനുബന്ധ പോഷകാഹാരത്തില്‍ ഇതുള്‍പ്പെടുത്തിയിട്ടുണ്ട്.
പോഷകാഹാരക്കുറവ് എന്നത് വിവിധതല പ്രതിവിധി ആവശ്യപ്പെടുന്ന പ്രതിസന്ധിയാണ്. പോഷകാഹാരക്കുറവുള്ള കുട്ടികളെ കൈകാര്യം ചെയ്യുന്നതിനായി വനിതാ-ശിശു വികസന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്തമായി പുറപ്പെടുവിച്ച നടപടിക്രമങ്ങള്‍, കുട്ടികള്‍ക്കിടയിലെ, പ്രത്യേകിച്ച് കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കിടയിലെ പ്രശ്നം കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള പ്രശംസനീയമായ ചുവടുവയ്പാണ്.
ഗുരുതര പോഷകാഹാരക്കുറവുള്ള (എസ്എഎം) കുട്ടികളെ, അവരുടെ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ പരിശോധിക്കുമ്പോള്‍ ഗ്രാമീണ ആരോഗ്യം, ശുചിത്വം, പോഷകാഹാരം നല്‍കേണ്ട ദിവസം എന്നിവയെക്കുറിച്ചുള്ള അധിക നിര്‍ണയം പരിപാടിക്കു സഹായകമാകുന്നു. സങ്കീര്‍ണതകളോ വിശപ്പില്ലായ്മയോ ഉള്ളതായി കണ്ടെത്തുന്നവരെ പോഷകാഹാര പുനരധിവാസ കേന്ദ്രങ്ങളിലേക്കോ (എന്‍ആര്‍സി) അല്ലെങ്കില്‍ പോഷകാഹാരക്കുറവിനുള്ള ചികിത്സാ കേന്ദ്രങ്ങളിലേക്കോ (എംടിസി) പോകാന്‍ നിര്‍ദേശിക്കുന്നു. അതേസമയം വൈദ്യശാസ്ത്രപരമായ സങ്കീര്‍ണതകളില്ലാത്ത കുട്ടികളെ അങ്കണവാടി കേന്ദ്രങ്ങളില്‍ പരിപാലിക്കുന്നു. സാമൂഹ്യ ക്രമീകരണങ്ങളില്‍ എസ്എഎമ്മിന്റെ സങ്കീര്‍ണമല്ലാത്ത കേസുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതിന് പല സംസ്ഥാനങ്ങളിലും മുന്‍നിര തൊഴിലാളികളായ അങ്കണവാടി പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ തമ്മിലുള്ള യോഗങ്ങളും നടക്കുന്നു.
മെച്ചപ്പെടുത്തലിനുള്ള അവസരങ്ങള്‍
പോഷകാഹാരക്കുറവിനെതിരായ പോരാട്ടത്തില്‍ നാം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. എന്നിരുന്നാലും വെല്ലുവിളികള്‍ നിലനില്ക്കുന്നു. കുട്ടികളില്‍ മിതമായതും കഠിനവുമായ പോഷകാഹാരക്കുറവ് നിരക്ക് മെച്ചപ്പെടുത്താനും ഗര്‍ഭിണികളുടെ പോഷകാഹാരഫലങ്ങള് വര്‍ധിപ്പിക്കാനും നിലവിലുള്ള പരിപാടികള്‍ ശക്തമായ അടിത്തറ പാകിയിട്ടുണ്ട്. ഗര്ഭിണികളല്ലാത്തവര്ക്കും മുലയൂട്ടാത്ത സ്ത്രീകള്‍ക്കും വിളര്‍ച്ച പോലുള്ള പോഷകാഹാരക്കുറവുകളാല് ബുദ്ധിമുട്ടുന്ന കൗമാരക്കാരികള്ക്കുമായി പ്രത്യേക ഇടപെടലുകളും സംവിധാനങ്ങളും ആവശ്യമാണ്.
സര്‍ക്കാര്‍ ഏജന്‍സികള്‍, ആരോഗ്യ സംരക്ഷണ ദാതാക്കള്‍, സാമൂഹ്യസംഘടനകള്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരുള്‍പ്പെടെ എല്ലാ പങ്കാളികളും തമ്മിലുള്ള സഹകരണം അനിവാര്യമാണ്. കൂടുതല്‍ ഫലപ്രദവും ദീര്‍ഘകാലം നിലനില്ക്കുന്നതുമായ മാറ്റം കൈവരിക്കുന്നതിന് സഹകരണപരവും സമഗ്രവുമായ സമീപനം സഹായകമാകും.
(മെഡിസിന് ആന്‍ഡ് എന്‍ഡോക്രൈനോളജിയില്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്സില്‍നിന്ന് വിരമിച്ച മുതിര്‍ന്ന ഉപദേഷ്ടാവാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: