പ്രൗഢഗംഭീരമായ ദീപാവലി ആഘോഷത്തിനാണ് രാമജന്മഭൂമിയായ അയോദ്ധ്യ തയ്യാറെടുക്കുന്നത്. സരയൂ നദിയുടെ തീരത്ത് 25 മുതല്‍ 28 ലക്ഷത്തിലേറെ ചിരാതുകളിലെ ദീപപ്പൊലിമയുമായി പുതിയ ലോക റിക്കാര്‍ഡ് സൃഷ്ടിക്കാനാണ് യുപി സര്‍ക്കാരിന്റെ ശ്രമം. പരിസ്ഥിതി സൗഹൃദ വിളക്കുകള്‍ മാത്രമായിരിക്കും പ്രകാശിക്കുക. ഒക്ടോ. 29 മുതല്‍ നവം. 1 അര്‍ദ്ധരാത്രി വരെ ക്ഷേത്രദര്‍ശനവുമുണ്ട്.
500 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് രാമന്റെ ജന്മഭൂമിയായ അയോദ്ധ്യയില്‍ ദീപാവലി ആഘോഷത്തിനായി ആയിരക്കണക്കിന് ദീപങ്ങള്‍ തെളിയുന്നതെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി വ്യക്തമാക്കുന്നതായും വാര്‍ത്ത വന്നു.
ഇത്തവണത്തെ ദീപാവലി ഏറെ സവിശേഷവും ചരിത്രസ്മൃതിയുണര്ത്തുന്നതുമാണെന്ന് പറയാതെ വയ്യ. ഒരു വ്യക്തിഗത ആഘോഷം എന്നതിലുപരി വ്യത്യസ്ത സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും സമന്വയിപ്പിച്ചുള്ള ആഘോഷ നിറവുകളാണ് ദീപാവലി എന്നപേരില്‍ ദീപപ്പൊലിമയോടെ ഭാരതമൊട്ടാകെ ആഘോഷിക്കുന്നത്.
ഏതൊരു ആഘോഷത്തിന്റെയും ആചാരത്തിന്റെയും പിന്നില്‍ ഒരു ചരിത്രവും വിശ്വാസവും ഐതിഹ്യവും കാണും. ദീപാവലിക്കുമുണ്ട് അത്തരം ചില നിറം മങ്ങാത്ത ഐതിഹ്യപ്പെരുമകള്‍.
രാവണനിഗ്രഹത്തിനു ശേഷം അഗ്നിശുദ്ധി വരുത്തിയ സീതാദേവിയോടൊപ്പം ശ്രീരാമന് പത്നീസമേതനായി അയോദ്ധ്യയിലേക്ക് പ്രയാണമാരംഭിച്ചത് തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദശിയിലായിരുന്നു.
പത്നീസമേതനായി മടങ്ങിയെത്തിയ ശ്രീരാമചക്രവര്ത്തിയെ അതിരളവുകളില്ലാത്ത ആഘോഷപ്പൊലിമയൊടെ അത്യാഹ്ളാദപുരസരം അയോദ്ധ്യയിലെ ജനങ്ങള്‍ സ്വീകരിച്ചാനയിച്ചതിന്റെ ഓര്‍മപുതുക്കലും കൂടിയാണ് ദീപാവലി ആഘോഷം കൊണ്ട് അര്‍ത്ഥമാക്കുന്നത്. നരകാസുരനെ വിഷ്ണുഭഗവാന് നിഗ്രഹിച്ചു, പത്നീസമേതനായിട്ടായിരുന്നു ഭഗവാന് ആ കൃത്യം നിര്‍വ്വഹിച്ചത്. അതും തുലാമാസത്തിലെ കൃഷണപക്ഷചതുര്ദശയിയില് ആയിരുന്നു.
അസുരനിഗ്രഹത്തില് ആഹ്ളാദംപൂണ്ട ദേവന്മാര് ദീപാലങ്കാരങ്ങളും ദീപക്കാഴ്ച്ചകളും മധുരപലഹാരങ്ങളുമായി ആടിയും പാടിയും നൃത്തച്ചുവടുകള്‍ വെച്ചും പ്രകാശപൂര്‍ണമായ ഒരു ചടങ്ങാക്കി മാറ്റി. വിളവെടുപ്പിന്റെ അവസാനത്തില്‍ ആരംഭിക്കുന്ന ദീപാവലി, സമൃദ്ധിയും സന്തോഷവും പ്രദാനം ചെയ്യുന്നു.
ഈ ആഘോഷം പലപ്പോഴും സമ്പത്തും സന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്കന്ദപുരാണം, പത്മപുരാണം തുടങ്ങിയ പുരാതന സംസ്കൃത ഗ്രന്ഥങ്ങളില്‍ ഉത്സവത്തെ കുറിച്ച് പരാമര്‍ശമുണ്ടെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു.
ആ ചടങ്ങുകള്‍ ഇപ്പോഴും തുടരുന്നു. സ്കന്ദപുരാണം, പത്മപുരാണം തുടങ്ങിയ പുരാതന സംസ്കൃത ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ടെന്നും പൊതുവെ വിശ്വസിക്കപ്പെടുന്നു. അജ്ഞതക്കെതിരെയുള്ള ജ്ഞാനത്തിന്റേയും തിന്മയ്ക്കെതിരെ നന്മയുടെയും ഇരുട്ടിന്റെമേല്‍ വെളിച്ചത്തിന്റെയും വിജയത്തെയാണ് ദീപാവലി പ്രതീകപ്പെടുത്തുന്നത്.
ഗണപതിയുടെയും ലക്ഷ്മിയുടെയും ആരാധനയും തുടര്‍ന്ന് സമ്മാനങ്ങള്‍ കൈമാറുന്നതും സമാധാനവും സമൃദ്ധിയും ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
ദീപാവലി ഭാഗ്യവും സമ്പത്തും നല്കുന്ന ഒരു ഭാഗ്യദിനമാണെന്നും വിശ്വസിക്കപ്പെടുന്നു. ഇത് ഒരു പുതിയ തുടക്കത്തെ സൂചിപ്പിക്കുന്നു.
പുതിയ ബിസിനസുകള്‍ ആരംഭിക്കുന്നതിനുള്ള ശുഭദിനമായി പൊതുവെ കണക്കാക്കപ്പെടുന്നു. ആളുകള്‍ അവരുടെ വീടുകള്‍ അലങ്കരിക്കാനും സ്വാദിഷ്ടമായ മധുരപലഹാരങ്ങള്‍ കഴിക്കാനും സമ്മാനങ്ങള്‍ കൈമാറാനും ആചാരങ്ങള്‍ പാലിക്കാനും മെഴുകുതിരികളും വര്‍ണാഭമായ വിളക്കുകളും കത്തിക്കുന്നതിനാല്‍, ഉത്സവം ആരാധകര്‍ക്കിടയില്‍ ഒരു കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നു.
ദീ എന്നാല്‍ പ്രകാശം. പ എന്നാല്‍ പരത്തുന്നത്, അപ്പോള്‍ ദീപം എന്നാല്‍ പ്രകാശം പരത്തുന്നത്. ആ എന്നാല്‍ വലിയ. വലി എന്നാല്‍ കൂട്ടം, അപ്പോള്‍ ദീപാവലി എന്നാല്‍ പ്രകാശം പരത്തുന്നതിന്റെ വലിയ കൂട്ടം. ഈ വര്‍ഷത്തിലെ ഏറ്റവും ഇരുട്ട് നിറഞ്ഞ രാത്രി ആണ് തുലാമാസത്തിലെ അമാവാസി. അപ്പോള്‍ ഏറ്റവും കറുത്ത ദിനത്തെ പ്രകാശപൂരിതമാക്കി എല്ലാ നെഗറ്റിവിറ്റിയെയും, ഇരുട്ടിനെയും വെളിച്ചം കൊണ്ട് നിറയ്ക്കുന്ന ദിനമാണ് ദീപാവലി. നമ്മുടെ കേരളത്തില്‍ ദീപാവലി ഒരു ദിവസം മാത്രമേ ആഘോഷിക്കുന്നുള്ളൂവെങ്കിലും ഭാരതത്തില്‍ 5 ദിവസങ്ങളിലായാണ് ദീപാവലി ആഘോഷിക്കുന്നത്.
ഒന്നാം ദിനം
ധന്തേരസ്: പാലാഴിമഥനം ചെയ്തപ്പോള്‍ ധന്വന്തരി പ്രത്യക്ഷപ്പെട്ടു. ആരോഗ്യത്തിന്റെ ഈ ദിനമായാണ് ഒന്നാം ദിനമായ ധന്തേരസ് ആഘോഷിക്കുന്നത്. നല്ല ആരോഗ്യം തരാനായി ധന്വന്തരിയെ പൂജിക്കുന്ന ദിവസമാണ് ധന്തേരസ്.
രണ്ടാം ദിനം
നരക ചതുര്‍ത്ഥി: ദേവി കാളിയായി വന്ന് നരകാസുരനെ വധിച്ച ദിനമാണ് ചോട്ടി ദീവാലി എന്ന് വിളിക്കുന്ന ഈ ദിനം. ഈ ദിവസം ആരംഭിക്കുന്നത്, ഉദണ്ഡ് എന്ന് വിളിക്കുന്ന ഒരു പൊടി എണ്ണയില്‍ ചാലിച്ച് മേലാകെ പുരട്ടി അഭയഗസ്നാനം ചെയ്തു കൊണ്ടാണ്. കാളി, കൃഷ്ണന്, രാമന് കൂടാതെ മരണത്തിന്റെ ദേവനായ യമദേവനെയും പൂജിക്കുന്ന ദിനമാണ് നരക ചതുര്‍ത്ഥി. എല്ലാ ഋണാത്മകതയും മാറി ദീര്‍ഘായുസ് എല്ലാവര്ക്കും ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്ന ദിനമാണ്.
മൂന്നാം ദിനം
ദീപാവലി: ഏറ്റവും കറുത്ത ദിനമായ ദീപാവലി ആണ് മൂന്നാം ദിനം. ഐശ്വര്യം വരാനായി മഹാലക്ഷമിയെയും തടസങ്ങള്‍ ഒഴിവാക്കാനായി ഗണപതിയെയും പൂജിക്കുന്ന ഈ ദിവസത്തില്‍ ദീപങ്ങള്‍ കൊളുത്തിയും പടക്കങ്ങള്‍ പൊട്ടിച്ചും ഇരുട്ടിനെ അകറ്റി ഒരു വര്‍ഷം മുഴുവന്‍ നിലനില്ക്കാനായി വെളിച്ചത്തെയും സമ്പത്തിനെയും സമൃദ്ധിയെയും വരവേല്‍ക്കുന്ന ദിനമാണ് ദീപാവലി. നമ്മുടെ നാട്ടില്‍ അമാവാസിക്ക് ബലിയിടുന്ന ചടങ്ങ് പല സ്ഥലങ്ങളിലും ഉണ്ട്. എല്ലാവരുടെ ജീവിതത്തിലും ഐശ്വര്യം നിറയട്ടെ, സമ്യദ്ധി ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാവരും പരസ്പരം മധുരം നല്കി ദീപാവലി ആഘോഷിക്കുന്നു.
നാലാം ദിനം
ഗോവര്ദ്ധന്: ഭഗവാന് ശ്രീകൃഷ്ണന് ഗോവര്‍ദ്ധന പര്‍വതം ഉയര്‍ത്തി ജനങ്ങളെ ഇന്ദ്രന്റെ കോപത്തില്‍ നിന്ന് രക്ഷിച്ചത് ഈ ദിനത്തിലാണ്. ഗോപൂജ നടത്തി പശുവിനും പക്ഷിമൃഗാദികള്‍ക്കും മധുരം നല്കുന്ന ദിനമായാണ് ഗോവര്ദ്ധന് ആഘോഷിക്കുന്നത്. എല്ലാത്തിലും ഈശ്വരനെ കാണുന്ന ഭാരതീയ സംസ്കാരത്തിന്റെ പ്രത്യക്ഷമായ പ്രകടന ദിനമാണ് ഗോവര്ദ്ധന്.
അഞ്ചാം ദിനം
ഭായ് ദൂജ്: സാഹോദര്യ ബന്ധത്തിന്റെയും കുടുംബബന്ധങ്ങളുടെയും തീവ്രത ഊട്ടിയുറപ്പിക്കുന്ന ദിനമാണ് ഭായ് ദൂജ്. ആങ്ങളയുടെ കയ്യില്‍ പെങ്ങള് രാഖി കെട്ടി മധുരം നല്കി കുടുംബബന്ധത്തിന്റെ മാധുര്യം നുകരുന്ന ദിനമാണ് ഭായ് ദൂജ്.
ദീപാവലി അഞ്ച് ദിവസങ്ങളിലായി ശാരീരികവും മാനസികവും സാമൂഹികവും കുടുംബപരമായും എല്ലാ തരത്തിലുമുള്ള ഇരുട്ടിനെ അകറ്റി ശുദ്ധീകരിച്ച് ദീപം തെളിയിച്ച് ഒരു വര്‍ഷം മുഴുവന്‍ നിലനില്‍ക്കാനായുള്ള സമൃദ്ധി നിറയ്ക്കാനായുള്ള ശാസ്ത്രീയമായ ആചാരാനുഷ്ഠാനങ്ങളുടെ ദിനമാണ് ദീപാവലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: