ലോകമാകെ മരണത്തിനും വൈകല്യത്തിനും വഴിവയ്ക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് സ്ട്രോക്ക് (മസ്തിഷ്കാഘാതം അഥവാ പക്ഷാഘാതം). സ്ട്രോക്കിനെ കുറിച്ചറിയുക, ലക്ഷണങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കുക, എങ്ങനെ സ്ട്രോക്ക് പ്രതിരോധിക്കാം എന്നീ ആശയങ്ങളോട് കൂടിയാണ് വേള്‍ഡ് സ്ട്രോക്ക് ഓര്ഗനൈസേഷന് 2006 മുതല്‍ ഒക്ടോബര്‍ 29 ലോക സ്ട്രോക്ക് ദിനമായി ആചരിക്കുന്നത്. വേള്‍ഡ് സ്ട്രോക്ക് ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് പ്രതിവര്‍ഷം ഏകദേശം 12 മില്ല്യണ്‍ (ദശലക്ഷം) ആളുകള്‍ക്ക് സ്ട്രോക്ക് സംഭവിക്കുന്നു. അതില്‍ 6.6 ദശലക്ഷം പേര് സ്ട്രോക്ക് മൂലം പ്രതിവര്‍ഷം മരിക്കുന്നു. ആഗോളതലത്തില്‍ സ്ട്രോക്കിന്റെ ആജീവനാന്ത അപകടസാധ്യത നാലില്‍ ഒരാള്‍ക്ക് എന്നതാണ്. പ്രായമായവരില്‍ സംഭവിച്ചേക്കാവുന്ന രോഗാവസ്ഥയാണ് സ്ട്രോക്ക് എന്നതൊരു തെറ്റിദ്ധാരണയാണ്. പ്രായഭേദമന്യേ ആര്‍ക്കും പക്ഷാഘാതം സംഭവിക്കാം.
തലച്ചോറിന്റെ ഒരു ഭാഗത്തേക്ക് രക്തയോട്ടം തടസപ്പെടുമ്പോള്‍ സ്ട്രോക്ക് സംഭവിക്കുന്നു. തലച്ചോറിലെ കോശങ്ങള്‍ക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കാത്തതിനാല്‍ തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നു. രണ്ട് രീതിയിലാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. തലച്ചോറിലെ രക്തക്കുഴലില്‍ ബ്ലോക്ക് വരുമ്പോള്‍ സംഭവിക്കുന്ന ഇസ്കിമിക് സ്ട്രോക്കും (Ischemic stroke) തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടി തലച്ചോറില്‍ രക്തസ്രാവം സംഭവിക്കുന്ന ഹെമറേജിക്ക് സ്ട്രോക്കും ( hemorrhagic ). ഒരു വ്യക്തിയെ മരണത്തിലേക്ക് നയിക്കാവുന്ന രണ്ടാമത്തെ കാരണമായി സ്ട്രോക്കിനെ കണക്കാക്കുന്നു. മരണകാരണം എന്നതിലുപരി സ്ട്രോക്ക് ഉണ്ടാക്കുന്ന ശാരീരിക-മാനസിക-സാമ്പത്തിക പ്രശ്നങ്ങള്‍, വെല്ലുവിളികള്‍ വളരെ വലുതാണ്. സ്ട്രോക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നത് ഗുണനിലവാരമുള്ള ചികിത്സ വൈകിപ്പിക്കുന്നു. അത് മരണത്തിലേക്കോ സ്ഥിരമായ വൈകല്യങ്ങളിലേക്കോ രോഗിയെ നയിക്കാന്‍ ഇടയാക്കുന്നു. സ്ട്രോക്കിനെ സംബന്ധിച്ച് ‘സമയം തലച്ചോറാണ്’ എന്നു പറയും. അതായത് നഷ്ടമാകുന്ന ഓരോ നിമിഷവും തലച്ചോറിലെ കോശങ്ങള്‍ നശിച്ചു കൊണ്ടേയിരിക്കുന്നു.
ശക്തമായ തലവേദന, ശരീരത്തിന്റെ ഒരു വശത്ത് പെട്ടന്നുണ്ടാകുന്ന ബലക്ഷയവും മരവിപ്പും, മുഖം ഒരു വശത്തേക്ക് കോടല്‍, സംസാരം അവ്യക്തമാവുക, ബാലന്‍സ് പ്രശ്നങ്ങള്‍, കാഴ്ച നഷ്ടമാവുക അല്ലെങ്കില്‍ പെട്ടന്ന് ഉണ്ടാകുന്ന മങ്ങിയ കാഴ്ച, തലകറക്കം, ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങള്‍. സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ സമയോചിതമായി തിരിച്ചറിയുകയും ചികിത്സ ഉറപ്പാക്കേണ്ടതും ഏറെ പ്രധാനമാണ്.
90 ശതമാനം സ്ട്രോക്കുകളും സംഭവിക്കുന്നത് പരിഷ്കരിക്കാവുന്ന അപകട സാധ്യതാ ഘടകങ്ങള്‍ നിയന്ത്രിക്കാത്തതോ അവഗണിക്കുന്നതോ കൊണ്ടാണ്. സ്ട്രോക്ക് പ്രതിരോധിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
1. രക്താതിസമ്മര്‍ദ്ദം, അമിതമായ കൊളസ്ട്രോള്‍, പ്രമേഹം എന്നിവ കൃത്യമായി ചികിത്സിക്കുക.
2. ചിട്ടയായ വ്യായാമം പതിവാക്കുക. ദിവസവും 30 മിനിറ്റുവച്ച് ആഴ്ചയില്‍ ചുരുങ്ങിയത് 150 മിനിറ്റെങ്കിലും നടക്കുക. കുട്ടികളില്‍ വ്യായാമശീലം വളര്‍ത്തിയെടുക്കുക.
3. ആരോഗ്യകരമായ ഭക്ഷണരീതി-സമീകൃതാഹാരം
4. അമിതവണ്ണവും കുടവയറും കുറയ്ക്കുക, ശരീരഭാരം നിയന്ത്രിക്കുക
5. പുകവലി, മദ്യപാനം, മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുക.
6. ഗര്‍ഭനിരോധന ഗുളികകളുടെ അശാസ്ത്രീയ ഉപയോഗം ഒഴിവാക്കുക
7. ഏട്രിയല്‍ ഫിബ്രില്ലേഷന്, മറ്റു ഹൃദ്രോഗങ്ങള്‍ കൃത്യമായി ചികിത്സിക്കുക.
(മലപ്പുറം ഡോ.അജയ് രാഘവന്’സ് ക്ലിനിക്ക് കാര്‍ഡിയോളജി സ്പെഷ്യല്‍ ഒ.പി. വിഭാഗം ഡയറക്ടറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: