അന്നമയനാണ് മനുഷ്യന് എന്ന പരാമര്‍ശം വൈദിക സാഹിത്യത്തിന്റേതാണ്. അതിന്റെ സാംഗത്യമാവട്ടെ, പൗരാണികരുടെ ജന്മസങ്കല്പ്പത്തെ സാധൂകരിക്കുകയും ചെയ്യുന്നു. ജീവിച്ചിരിക്കെ ചെയ്ത കര്‍മഫലങ്ങളുടെ കള്ളികള്‍ ശൂന്യമാകുമ്പോള്‍ ആത്മാവ് അഥവാ ജീവചൈതന്യം ജല നിര്‍മിതമായ ശരീരവുമായി ചന്ദ്രലോകത്തുനിന്നും പ്രയാണമാരംഭിക്കുന്നു എന്നതാണല്ലോ ആ ജന്മസങ്കല്പം. ആകാശത്തിലെത്തി ക്രമത്തില്‍ പുകയായും, മഞ്ഞായും മേഘമായും രൂപം മാറുന്ന ആത്മാവ് മഴയായി വര്‍ഷിക്കവേ, ജലബിന്ദുക്കളായി ഭൂമിയിലെത്തുകയും സസ്യങ്ങളായി ജനിക്കുകയും ചെയ്യുന്നു. ആഹരിക്കപ്പെട്ട പുരുഷന്റെ ശരീരത്തിലെത്തിയ ശേഷം മാതൃഗര്ഭത്തിലെത്തുന്ന ജീവചൈതന്യം പുതുശരീരം സ്വീകരിച്ച് ജാതനാകവേ ഒരാവൃത്തി ഒടുങ്ങുകയും മറ്റൊന്ന് പ്രയാണമാരംഭിക്കുകയും ചെയ്യുന്നു. പൂര്വ്വജന്മ കര്മ്മങ്ങളിലെ ഋണബാധ്യതകളുടെ ഫലങ്ങളത്രെ അത്.അതിലെ പാപകര്മ്മങ്ങളത്രയും രോഗങ്ങളായി കൈകൊള്ളാതെ വയ്യ.”പൂര്‍വ്വ ജന്മകൃതം പാപം വ്യാധിരൂപേണ ജായതേ”എന്ന് ആയുര്‍വേദം ആ സങ്കല്‍പ്പത്തെ പിന്താങ്ങുന്നുണ്ട്.ഒപ്പം,
”തഛാന്തിരൗഷധൈര്ദ്ധാനെര്-
ജപ ഹോമാര്ച്ചനാദിപി”,
എന്ന് ശാന്തി നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. രോഗങ്ങളായി ജനിക്കുന്ന പാപകര്‍മ്മങ്ങള്‍ക്ക്, ഉപശാന്തി ഔഷധത്തോടൊപ്പം ജപവും, ഹോമവും, ദാനവും തന്നെയെന്നത്രെ ആയുര്‍വേദമതം.
രാഗാദിയായതാണ് രോഗമെന്ന് നിര്വ്വചിക്കുന്നതിനോടൊപ്പം വൈരാഗ്യത്തെ അതിനുള്ള ഉപായമായി ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നുമുണ്ട്. തുച്ഛവിഷയങ്ങളില് നിന്നുള്ള വിടുതല്‍ തന്നെയത്രേ വൈരാഗ്യം. രോഗമെന്നത് ദോഷവൈഷമ്യമാണെന്നും അതിനു കാരണമാകുന്നത് അഹിതാചരണമാണെന്നും പ്രഖ്യാപിച്ച പ്രാചീന വൈദ്യശാഖ ആയുര്‍വേദം മാത്രമാണ്. അതത് കാലത്ത് അത്തരം അഹിതാചരണങ്ങളില് താല്പര്യമുണ്ടാക്കുന്നത് പൂര്വ്വകര്മാര്ജ്ജിതമായ പാപങ്ങള്‍ തന്നെയത്രേ.
”തദൈ്വഷമ്യം പാപ കര്‍മ്മ പ്രേരിതൈ:
കാല ചോദിതൈ,അഹിതാചരണെരേവ:”
എന്ന് ആയുര്‍വേദ ഗ്രന്ഥമായ ‘ സുഖസാധകം’ പറയുന്നു. മുന്‍പ് ചെയ്ത പാപകര്‍മങ്ങള്‍ തന്നെയാണ് രോഗമെന്ന അവസ്ഥക്കു നിദാനമെന്നറിഞ്ഞ അസ്മാദൃശ്യന്മാരായ ഋഷീശ്വരന്മാര് ഒരു കാര്യം കൂടി അറിയിക്കുന്നുണ്ട്. ഏത് പേര് ചൊല്ലി വിളിച്ചാലും രോഗം ഒന്നേയുള്ളു എന്ന സത്യം തന്നെയത്രേ അത്.”ഏകോ രോഗ:” ഒറ്റ രോഗമേയുള്ളൂ.ശരീരത്തിന്റെ സുസ്ഥിതി നഷ്ടപ്പെടുക എന്ന ദുഃഖംതന്നെയാണത്. ഇന്ദ്രിയങ്ങളും മനസ്സും ആത്മാവും പ്രസന്നങ്ങളാകുമ്പോള് ശരീരം സുസ്ഥിരമാകുന്നു എന്നതത്രേ പ്രാചീന മതം. ആ സുസ്ഥിതി നഷ്ടപ്പെട്ടാല്‍ ദുഖമുണ്ടാകുന്നു.
”സമദോഷ സമാഗ്നിശ്ച
സമധാതു മലക്രിയ
പ്രസന്നാമാമിന്ദ്രിയ മന:
സ്വസ്ഥ ഇത്യഭിധീയതേ”
എന്നതാണ് ആ സുസ്ഥിതിയെ സംബന്ധിച്ച വൈദീകവീക്ഷണം. ചികിത്സാ പദ്ധതിയില്‍ ആത്മീയതയെ ഉള്‍ച്ചേര്‍ത്തുകൊണ്ട് രോഗശമനം ത്വരിതപ്പെടുത്തനാകുമോ എന്ന് ആദ്യം ചിന്തിച്ചത് ഭാരതീയ ആയുര്‍വേദമാണ്. ഈശ്വരാന്വേഷണത്തിന്റെ പരിപൂര്‍ണ്ണതയായ സമാധിക്ക്,വിപരീതമായതാണ് രോഗമെന്ന്,അതിനെ വ്യാധിയെന്ന് വിശേഷിപ്പിച്ചതിലൂടെ ആയുര്‍വേദം വ്യക്തമാക്കുന്നുണ്ട്.
ആര്‍ഷസിദ്ധാന്തമനുസരിച്ച് പുരുഷാര്‍ത്ഥങ്ങളെ പ്രാപിക്കുക എന്നത് തന്നെയാണ് മനുഷ്യന്റെ ജന്മലക്ഷ്യം. ആ ലക്ഷ്യത്തെ തടസപ്പെടുത്തുന്നതെന്തും രോഗങ്ങള്‍ തന്നെ. പുരുഷാര്ത്ഥത്തിനായുള്ള ഉപായങ്ങള്‍ ശരീരത്തില്‍ തന്നെയുണ്ടെന്ന് ഉപനിഷത്തുകള്‍ പറയുന്നു. യോഗദര്ശനമൊഴികെ മറ്റെല്ലാം ഹൃദയം, നാഭി, ശിരസ്സ് എന്നിവയെ ഊര്‍ജ്ജ കേന്ദ്രങ്ങളായി സങ്കല്പിക്കുമ്പോള് യോഗശാസ്ത്രം ഒന്‍പത് കേന്ദ്രങ്ങളെ ഉപദേശിക്കുന്നു. ആ കേന്ദ്രങ്ങളെ ഊര്‍ജ്ജത്താല്‍ നിയന്ത്രിക്കുന്നത് മനുഷ്യന്റെ ഇച്ഛാശക്തിയാണ്. ബോധമനസ്സ് ഭൗതികശരീരത്തെയും ഉപബോധമനസ്സ് ആത്മീയശരീരത്തെയും സ്വാധീനിക്കുന്നു. തിരിച്ചറിയാനാകാതെ കിടക്കുന്ന സിദ്ധികളുടെ കേന്ദ്രമാണ് ഉപബോധമനസ്സ്. ഉപബോധ മനസ്സിനെ സ്വാധീനിക്കാനാവുന്ന മാധ്യമം ശ്വസനനിയന്ത്രണം തന്നെയാണ് എന്നാണ് അഭിജ്ഞമതം.
സ്വാസ്ഥ്യജീവിതവും സൂര്യനും തമ്മിലുള്ള പാരസ്പര്യം സുവിദിതമത്രെ. സകല ജീവികളുടെയും ആത്മാവ് സൂര്യനാണ് എന്നര്‍ത്ഥം വരുന്ന (സൂര്യ ആത്മാ ജഗതസ്തസ്ഥുഷശ്ച) ഋഗ്വേദത്തിലെ പ്രാചീന പരാമര്‍ശം ആ പാരസ്പര്യത്തെ സാക്ഷ്യപ്പെടുത്തുന്നു. രോഗശമനത്തിനുള്ള സമാന്തരന്വേഷണങ്ങളില് പ്രാമുഖ്യവും സൂര്യോപാസനക്കാണ്.
ഒരുതരത്തിലെങ്കില്‍ മറ്റൊരു തരത്തില്‍ സകലജീവജാലങ്ങളും സൂര്യന്റെ ഊര്‍ജം കൊണ്ടാണ് പുലരുന്നത്. പക്ഷാഘാതങ്ങളുടെയും ഹൃദയാഘാതങ്ങളുടെയും നിരക്ക്,രാത്രികളിലാണ് കൂടുതല്‍ എന്നത് സൂര്യകേന്ദ്രീകൃതമായ ജൈവ വൈദ്യുതിയുടെ പ്രാധാന്യമാണ് എടുത്തു കാണിക്കുന്നത്. രാത്രികളില്‍ രക്തസമ്മര്‍ദ്ദം കുറഞ്ഞിരിക്കുന്നതും സൂര്യോദയത്തില്‍ ഹൃദയസ്പന്ദന നിരക്ക് ഉയര്‍ന്നിരിക്കുന്നതും അന്തരീക്ഷത്തിലെ ജൈവവൈദ്യുതിയുടെ പ്രാധാന്യത്തെ കാണിക്കുന്നു.
യോഗശാസ്ത്ര പ്രകാരം ശരീരത്തിന് ഏഴ് ഊര്ജ്ജകേന്ദ്രങ്ങളുണ്ട്. മൂലാധാരം മുതല്‍ സഹസ്രാരം വരെയുള്ള ഏഴുകേന്ദ്രങ്ങളും ഊര്‍ജ്ജത്താല്‍ സംഭൃതമത്രെ. ഈ ചക്രങ്ങളിലെ ഊര്‍ജ്ജനഷ്ടം രോഗമായി അനുഭവപ്പെടുന്നു. ആഗിരണം ചെയ്യപ്പെടുന്ന ജീവശക്തിയുടെ കുറവ്, ഊര്‍ജ്ജ സ്വീകരണത്തിലെ അസന്തുലനം എന്നിവ പലതരം രോഗങ്ങള്‍ക്ക് വഴി വെച്ചേക്കാം. സൂര്യനമസ്കാരത്തെ പ്രാചീനര്‍ തങ്ങളുടെ ജീവിതശൈലിയുടെ ഭാഗമാക്കിയതും സൂര്യോപാസനയുടെ ഫലമറിഞ്ഞിട്ടു തന്നെയാകണം.
ആത്മാവിനെ സംബന്ധിക്കുന്നതാണല്ലോ ആത്മീയത. രോഗശമനത്തില്‍ ഏറിയകൂറും,മനസ്സും ശരീരവും ആത്മാവും ഏകീകരിക്കപ്പെടുമ്പോഴാണ് സംഭവിക്കുന്നത്.ആരോഗ്യമെന്നാല്‍ രോഗത്തിന്റെ അഭാവമല്ല മറിച്ചു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികപരവും ഒപ്പം ആത്മീയപരവും കൂടിയായ പരിപൂര്‍ണ്ണ സ്വാസ്ഥ്യം കൂടിയാണത്. നമ്മുടെ പൂര്‍വികര്‍ ക്ഷേത്രങ്ങളില്‍ പോയിരുന്നത് പ്രാര്‍ത്ഥിക്കാന്‍ മാത്രമായിരുന്നില്ല, രോഗശമനത്തിന് വേണ്ടികൂടെയായിരുന്നു.കേരളത്തിലെ ചില ക്ഷേത്രങ്ങളെങ്കിലും ആയുര്‍വേദ സമ്പ്രദായത്തെ തങ്ങളുടെ സ്വന്തം നിലയില്‍ പോഷിപ്പിച്ചിട്ടുണ്ട്.അത്തരം ഇടങ്ങളില്‍ അഭിഷേകം കഴിഞ്ഞു വരുന്ന ജലം ഔഷധമൂല്യം കൂടി ഉള്ളതായി പരിഗണിക്കപ്പെട്ടു വരുന്നു.
വൈദ്യശാസ്ത്രവിജ്ഞാനം മുമ്പത്തേക്കാള്‍ വളരെ വര്‍ധിച്ചു എങ്കിലും പൂര്‍വികരുടെ കാലത്തേക്കാള്‍ പിന്നിലാണ് നമ്മുടെ ആരോഗ്യനിലവാര സൂചികകള്‍ ഇപ്പോഴും. അതിപ്രാചീന കാലത്ത് ഋഗ്വേദത്തിലെ ഔഷധിസൂക്തങ്ങളില് നിസ്സാരമായി പരാമര്‍ശിക്കപ്പെട്ടിരുന്ന രോഗങ്ങള്പ്പോലും ഇന്ന് മഹാരോഗങ്ങളായി വളര്‍ന്ന് മനുഷ്യപുരോഗതിക്കു മുന്നില്‍ വഴിമുടക്കി നില്ക്കുന്നു എന്നതാണവസ്ഥ.രോഗങ്ങളുടെ കാര്യത്തില്‍ നാമിന്നെത്തിനില്ക്കുന്നത് കൂടുതല്‍ അരക്ഷിതവും ഭയാനകവുമായ ഇടങ്ങളിലാണ്.ആദ്യമായി വൈദ്യസദാചാര സംഹിത നിര്‍വചിച്ചത് പ്രാചീന വൈദിക സംസ്കൃതിയാണ് എന്നതോര്‍ക്കുക. ജീവിച്ചിരിയ്ക്കുമ്പോള്‍ ധര്‍മ്മത്തിന്റെയും മരിച്ചാല്‍ സ്വര്‍ഗ്ഗത്തിന്റെയും സിദ്ധിയെ മാത്രം ആശ്രയിക്കുന്നവനായും,ഉറക്കത്തിലും ഉണര്‍വിലും സകലപ്രാണികളുടെയും സുഖത്തെ ചിന്തിക്കുന്നവനുമാകണം എന്നാണ് ‘ചരകം’വൈദ്യവിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന ആശംസ.
രോഗമെന്നത് സത്യത്തില്‍ ഒരു നിസ്സഹായാവസ്ഥ കൂടിയാണ്. ആ നിസ്സഹായാവസ്ഥയില്‍ അഭയം നല്കാനാവാത്തതൊന്നും ശാസ്ത്രമല്ല മറിച്ചു ശസ്ത്രമാണെന്നേ വരൂ.ശാസ്ത്രവും ശസ്ത്രവും അതിനു യോഗ്യതയുള്ളവര്‍ അഭ്യസിച്ചാലേ സമൂഹത്തിനു പ്രയോജനമുള്ളൂ എന്ന് കൂടി വിശ്വസിച്ച ജ്ഞാനവൃദ്ധരുടെ ഒരു സംസ്കൃതി മുന്‍പ് നിലനിന്നിരുന്നു. രോഗത്തിനോ മരണത്തിനോ മുന്നില്‍ അധീരരാകാതെ അവര്‍ തെളിയിച്ചു കാണിച്ചത് അതൊന്നും ജീവിതത്തിന്റെ അവസാനമല്ല എന്നതാണ്. അചഞ്ചലമായ മനസ്സും ആരോഗ്യപൂര്‍ണമായ ശരീരവുമാണ് ലക്ഷ്യമെങ്കില്‍ അതിനു ആത്മീയത മുന്നോട്ട് വെക്കുന്ന കൂടുതല്‍ വിശാലവും യുക്തവുമായ മാര്‍ഗ്ഗങ്ങളുണ്ട് എന്ന ചിന്ത പങ്കു വെക്കുക മാത്രമാണ് ഈ ലേഖനോദ്ദേശ്യം. ജിജ്ഞാസുക്കള്‍ക്ക് അന്വേഷിക്കാന്‍ അനേകം വഴികള്‍ മുന്നിലുണ്ടല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: