ഭൗതിക ശാസ്ത്രവും ആത്മീയതയും തമ്മില്‍ ഒരിക്കലും യോജിക്കില്ലെന്നാണ് പലരുടെയും ധാരണ. വൈരുദ്ധ്യാത്മക ഭൗതിക വാദികളും യുക്തിവാദികളും ചാര്‍വാകരും ഇവരില്‍പ്പെടുന്നു. എന്നാല്‍ സ്വാമി വിവേകാനന്ദന് സമര്‍ത്ഥിച്ച പോലെ ആത്മീയത തേടിയുള്ള മനുഷ്യന്റെ ആന്തരിക സഞ്ചാരം ഭൗതികത്തിന്റെ സ്ഥൂലാവസ്ഥയില്‍ നിന്ന് നേര്‍ത്തുനേര്‍ത്ത് ഒടുവില്‍ ആത്യന്തികമായിട്ടുള്ള സൂക്ഷ്മാവസ്ഥയില്‍ ചെന്നവസാനിക്കുന്നു. ഇതുതന്നെയാണ് ആത്മീയലോകം. ഇതില്‍ എവിടെയാണ് വിടവുകള്‍? മഞ്ഞുരുകി ജലമാകുമ്പോഴും ആവിയാകുമ്പോഴും ദ്രവ്യം ഒന്നുതന്നെ, അവസ്ഥകളില്‍ മാത്രമാണ് വ്യത്യാസം. ഇപ്രകാരം ഭാരതത്തിന്റെ അമൂല്യ സമ്പത്താകുന്ന വൈദിക ജ്ഞാനത്തില്‍ ഭൗതികമായ വിരാട് ലോകവും, അഖണ്ഡമായ സൂക്ഷ്മലോകവും ഒരേ സത്യത്തിന്റെ പല അവസ്ഥകളാകുന്നു.
ഇപ്രകാരം ആത്മീയതയ്ക്കും ഭൗതിക ലോകത്തിനും തമ്മില്‍ വിടവു കല്പിക്കേണ്ടതില്ലെന്ന നിഗമനമാണ് രാധാകൃഷ്ണ പണിക്കര്‍ തന്റെ ഗവേഷണ ഫലമായി പ്രസിദ്ധീകരിച്ച ‘ഇീി്ലൃഴലിരല ീള ങീറലൃി ടരശലിരല മിറ ഢലറശര ടുശൃശൗേമഹശ്യേ’ എന്ന ഗ്രന്ഥത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ആധുനിക ശാസ്ത്രത്തിന്റെയും, വേദങ്ങളിലെ ആത്മീയതയുടെയും സംഗമം എന്നര്‍ത്ഥമാക്കുന്ന ഈ പുസ്തകത്തിന്റെ ഉള്ളടക്കം അതീന്ദ്രിയ അനുഭവത്തെയും ശാസ്ത്രം കണ്ടുപിടിച്ചു തരുന്ന സത്യത്തെയും എപ്രകാരമെല്ലാം സമന്വയിപ്പിക്കാമെന്ന വിഷയത്തില്‍ ബൃഹത്തായ ഒരാഖ്യാനമാണ്.
ശാസ്ത്രലോകം സ്വീകരിച്ച ‘ബിഗ്ബാങ്’ സിദ്ധാന്തം പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചു പറയുന്നതാണല്ലോ. പ്രപഞ്ചത്തിലെ മഹാസ്ഫോടനത്തെ പരീക്ഷണ ശാലയില്‍ കൃത്രിമമായി സൃഷ്ടിച്ചപ്പോള്‍ ആ സ്ഫോടനം ശബ്ദതരംഗങ്ങളുടേതാണെന്ന് തെളിയിക്കപ്പെട്ടു. ഈ വാസ്തവം പുരാതന ഭാരതത്തിലെ വൈദികജ്ഞാനം ഉദ്ഘോഷിച്ചിരുന്നതു തന്നെയാണ്. ദൃശ്യപ്രപഞ്ചത്തിന്റെ തുടക്കം ശബ്ദ ബ്രഹ്മം അഥവാ ഓങ്കാരമാണെന്നാണല്ലോ ഭാരതീയ ദര്‍ശനം. സൂക്ഷ്മതലത്തിലുള്ള ദൈവിക കണങ്ങളുടെ ചുവടുവയ്പാണ് ഈ പ്രപഞ്ച ഘടനയെ നിര്‍ണയിക്കുന്നതെന്ന ഭാരതീയ ദര്‍ശനം ആനന്ദ കുമാര സ്വാമി സൂചിപ്പിച്ചതിനെ ആശ്രയിച്ചുകൊണ്ട് ഫ്രിജോഫ് കാപ്ര പ്രസിദ്ധപ്പെടുത്തിയ ‘ടാവോ ഓഫ് ഫിസിക്സ്’ എന്ന പുസ്തകം ഏറെ സുപരിചിതമാണല്ലോ. ആത്മീയ തലത്തിന്റെ യാഥാര്‍ത്ഥ്യം സ്ഥാപിക്കുന്നതിനായി രാധാകൃഷ്ണ പണിക്കര്‍ തന്റെ ഗ്രന്ഥത്തില്‍ ഭൗതിക ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്കു പുറമെ ആധുനിക മനഃശാസ്ത്രത്തിന്റെയും, അതിന്റെ അതിരുകള്‍ കടന്നു പോകുന്ന പാരാ സൈക്കോളജിയുടെയും (അതീന്ദ്രിയ മനഃശാസ്ത്രം) നിഗമനങ്ങള്‍ കൂടി ഉപയോഗപ്പെടുത്തുന്നു. ഇവയെല്ലാം നല്കുന്ന സൈദ്ധാന്തിക വിജ്ഞാനത്തിനുപരി ചില അതീന്ദ്രിയാനുഭവങ്ങളുടെ സാക്ഷ്യം കൂടി പുസ്തകത്തിലുള്പ്പെടുത്തുന്നുണ്ട്. ഇത് വിജ്ഞാന തലത്തെ, വ്യക്തിഗതമായിട്ടാണെങ്കിലും, ആനുഭവിക തലത്തിന്റെ യാഥാര്‍ത്ഥ്യത്തിലൂന്നി നിര്‍ത്താന്‍ സഹായിക്കുന്നു.
ഭാരതീയ ദര്‍ശനമനുസരിച്ച് വിഷയിയെ വിട്ട് വിഷയത്തെ മാത്രം തേടുന്ന ഭൗതിക ശാസ്ത്രം പൂര്‍ണത കൈവരിക്കുന്നില്ല. ബോധസ്വരൂപമാകുന്ന വിഷയിയെ ബാഹ്യദൃഷ്ടികള്‍ക്ക് പ്രാപിക്കാനാവില്ല. അതിന് ആന്തരിക ചക്ഷുസ്സുകള്‍ തുറക്കണം. വിഷയിയെത്തേടുന്ന സത്യാന്വേഷികള്‍ ആന്തരികമായി യാത്ര ചെയ്യേണ്ടതുണ്ട്. ശാസ്ത്രത്തിന്റെ പരീക്ഷണങ്ങളുടെ ഫലമായാലും ഓരോരുത്തരും സ്വന്തം അനുഭവത്തിലൂടെയാണ് അതറിയുന്നത്. അനുഭവം മനസ്സിന്റേതാണ്. അതിനാല്‍ ശാസ്ത്രം കണ്ടുപിടിച്ചിട്ടുള്ള ടെലസ്കോപ്, മൈക്രോസ്കോപ് തുടങ്ങിയ ബാഹ്യോപകരണങ്ങളെ മാത്രമല്ല ശാസ്ത്രജ്ഞര്‍ ആശ്രയിക്കേണ്ടത്. മനസ്സിന്റെ സൂക്ഷ്മതലങ്ങളെ കൂടുതല്‍ പഠിക്കുകയും ഉപയോഗപ്പെടുത്തുകയും വേണമെന്നാണ് ഗ്രന്ഥകാരന് നിര്‍ദേശിക്കുന്നത്. മനസ്സിനെ സംബന്ധിക്കുന്ന ആഴത്തിലുള്ള ഗവേഷണം ശാസ്ത്രജ്ഞരെ ഊര്ജാവസ്ഥകളുടെ ബാഹ്യതലത്തില്‍ നിന്ന് ആന്തരികമായിട്ടുള്ള ബോധ തലത്തിലേക്കും നയിക്കുന്നതാണ്. പ്രസിദ്ധ ബ്രിട്ടിഷ് തത്ത്വശാസ്ത്രജ്ഞന്‍, ബര്‍ട്രാന്‍ഡ് റസ്സല്‍ തന്റെ ‘ന്യൂട്രല്‍ മോണിസം’ എന്ന സിദ്ധാന്തത്തില്‍ പറയുന്നത് ആധുനിക മനഃശാസ്ത്രം മനസ്സിന്റെ നിഗൂഢത കാരണം ആ തലം വിട്ട് ബാഹ്യതലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നാണ്. ഇതിന്റെ ഭാഗമായാണ് മനസ്സിനെ തലച്ചോറിന്റെ അതായത് ഭൗതിക ശരീരത്തിന്റെ പ്രവര്‍ത്തനമായി മാത്രം കാണാന്‍ ശ്രമിക്കുന്നത്. എന്നാല്‍ രാധാകൃഷ്ണ പണിക്കര്‍ മുന്നോട്ടുവയ്ക്കുന്ന വാദ പ്രകാരം ചിത്സ്വരൂപത്തെ ഊര്ജതലവുമായി യോജിപ്പിക്കുന്നതിനായി മനഃശാസ്ത്രവും ഭൗതിക ശാസ്ത്രവും മനസ്സിന്റെ ഉപരിപ്ലവ തലം കടന്ന് അതിന്റെ അഗാധ തലങ്ങളെ പഠിക്കേണ്ടതും ഉപയോഗപ്പെടുത്തേണ്ടതുമാണ്. ആര്‍ഷ സംസ്കാരം സഞ്ചരിച്ച ഈ പാതയിലൂടെ സയന്‍സ് സഞ്ചരിക്കുമ്പോള്‍ അതില്‍ ചിത്സ്വരൂപവും ഊര്‍ജ തലവും ഒരുമിക്കുമെന്നാണ് പണിക്കര്‍ സമര്‍ത്ഥിക്കുന്നത്.
ഭൗതിക ശാസ്ത്രത്തിന്റെ പരിമിതികളെക്കുറിച്ചും പുസ്തകം പരാമര്‍ശിക്കുന്നു. പരിണാമ സിദ്ധാന്തത്തിലെ വിട്ടുപോയ കണ്ണികള്‍, സൂക്ഷ്മ ദര്‍ശിനികളുടെ സീമയും വിട്ടു നില്ക്കുന്ന ഡാര്‍ക്ക് മാറ്റര്‍, ആന്ററി മാറ്റര്‍ തുടങ്ങി അനേകം പ്രശ്നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഭൗതിക ശാസ്ത്രത്തിന്, ഇനിയും തോമസ് കൂണ് നിര്‍വചിച്ച ‘പാരഡൈം ഷിഫ്ട്’ (അടിസ്ഥാനപരമായ മാറ്റം) സംഭവിക്കാമെന്ന യുക്തിയും ഈ പുസ്തകം അവതരിക്കുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ഉണ്ടായ ഇത്തരം പരിപവര്ത്തനങ്ങളുടെ ഫലമാണല്ലോ റിലേറ്റിവിറ്റി തിയറിയും ക്വാണ്ടം തിയറിയും.
ഊര്‍ജത്തിന്റെ വിവിധങ്ങളായിട്ടുള്ള അവസ്ഥകളാണ് ദ്രവ്യമെന്നത് ഭൗതിക ശാസ്ത്രം കണ്ടുപിടിച്ചെങ്കിലും ബോധത്തെ ഇതുവരെയും അതിലുള്പ്പെടുത്തിയിട്ടില്ല. അഖണ്ഡബോധത്തോടുകൂടിയ പ്രപഞ്ചം എന്ന അടിസഥാന സത്യമുള്ച്ചേരുമ്പോള് ശാസ്ത്രപഠനം അതിന്റെ ലക്ഷ്യം കൈവരിക്കുമെന്നാണ് ഗ്രന്ഥത്തിലെ നിഗമനം. പ്രകൃതിയെ മനുഷ്യരുള്‍പ്പെടുന്ന അതിന്റെ ജൈവ വര്‍ഗ്ഗങ്ങളോടൊപ്പം ചേര്‍ത്തുവയ്ക്കുന്ന ആഴത്തിലുള്ള പരിസ്ഥിതി പഠനത്തെ ‘deep ecology’ എന്നു വിളിക്കുന്നതു പോലെ, ബോധത്തെക്കൂടി ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഭൗതിക ശാസ്ത്രത്തെ ഗ്രന്ഥകാരന് ‘റലുവേ രെശലിരല’ എന്ന് നിര്‍വചിക്കുന്നു.
പ്രപഞ്ചത്തെ മൊത്തമായി മനുഷ്യന് അനുഭവിക്കാനോ ശാസ്ത്രത്തിന് പഠിക്കാനോ സാധിക്കുന്നില്ല. മാത്രമല്ല എത്ര മെച്ചപ്പെട്ട സൂക്ഷ്മദര്‍ശിനികള്‍ രൂപപ്പെടുത്തിയാലും അവയിലൂടെയുള്ള ശാസ്ത്രജ്ഞന്റെ അനുഭവങ്ങളും ഇന്ദ്രിയബന്ധിതം തന്നെയാണ്. അയാള്‍ക്ക് ദൃശ്യമാകുന്ന ബാഹ്യലോകമാകട്ടെ നിശ്ചിത മാനങ്ങളോടുകൂടിയതുമാകുന്നു-നീളം, വണ്ണം, പൊക്കം, കാലം എന്നിങ്ങനെ. ഇപ്രകാരമുള്ള മാനങ്ങളുടെയും ഇന്ദ്രിയങ്ങളുടെയും സീമ ലംഘിച്ചു നില്ക്കുന്ന ലോകത്തിന്റെ തലങ്ങളും കൂടി അറിയാതെ പ്രപഞ്ചസമഷ്ടിയെ ഉള്‍ക്കൊള്ളാന്‍ സാധ്യമല്ല. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഭാരതീയ വൈദിക ഗ്രന്ഥങ്ങളില്‍ ഋഷിപരമ്പര സ്വീകരിച്ചിട്ടുള്ള രീതികള്‍ ആധുനിക ശാസ്ത്രത്തിനും അവലംബിക്കാം. ഇവയില്‍ മനസ്സിന്റെ വിസ്തൃതിയും ആഴവും കൂട്ടുന്നതിനായി കല്പിക്കപ്പെട്ടിട്ടുള്ള ആത്മീയ സാധനയുടെ പാരമ്പര്യം ആധുനിക മനഃശാസ്ത്രം ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകത ഈ പുസ്തകം എടുത്തുകാട്ടുന്നു. അതീന്ദ്രിയ തലത്തിലേക്കുള്ള മനഃശാസ്ത്രപഠനം അനുഭവത്തിന്റെ ആധികാരികത നല്കുന്നുവെങ്കില് ഭൗതിക ശാസ്ത്രം അത് ഗൗരവത്തോടെ കാണണമെന്ന നിര്‍ദേശമാണ് ഗ്രന്ഥകാരന് മുന്നോട്ടുവയ്ക്കുന്നത്. അതീന്ദ്രിയ ജ്ഞാനം, ഭൂമിയില്‍ ആത്മാക്കളുടെ സാന്നിധ്യം, പുനര്ജന്മം മുതലായവയെ സാധൂകരിക്കാന്‍ ഉതകുന്ന ചില അനുഭവകഥകളും പുസ്തകം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുസ്തകത്തിന്റെ പ്രധാന ആകര്‍ഷണം, ഭൗതിക ശാസ്ത്രസംബന്ധമായ ധാരാളം കണ്ടുപിടിത്തങ്ങള്‍ ഉദ്ധരിച്ചിട്ടുള്ളതും, അവയെ എപ്രകാരം ആത്മീയതയുമായി ബന്ധപ്പെടുത്താമെന്ന യുക്ത്യധിഷ്ഠിത ചിന്തകളുമാണ്. വര്‍ഷങ്ങളായി ഗവേഷണ ബുദ്ധിയോടുകൂടി ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിച്ചു കൊണ്ടിരുന്ന ഒരു അധ്യാപകനാണ് രാധാകൃഷ്ണ പണിക്കര്‍. ഭൗതിക ശാസ്ത്രത്തിലുള്ള തന്റെ അവഗാഹം രേഖപ്പെടുത്തുന്നതാണ് ഈ പുസ്തകം. വിദ്യാര്‍ത്ഥികള്‍ക്ക് ഭൗതിക ശാസ്ത്ര വിജ്ഞാനത്തിന് ഈ ഗ്രന്ഥം ഉപകരിക്കും. ശാസ്ത്രീയ വിജ്ഞാന കുതുകികള്‍ക്കും ശാസ്ത്രത്തിലെ അടിസ്ഥാന പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ ഈ പുസ്തകം സഹായിക്കുന്നു. സത്യാന്വേഷികള്‍ക്ക് ആത്മീയതയെ സംബന്ധിക്കുന്ന യുക്തിസഹവും ശാസ്ത്രസമ്മതവുമായിട്ടുള്ള വിവരം നല്കുന്നതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: