പാലക്കാട്: മഴയും മഞ്ഞും വകവെക്കാതെ ഒരുദിവസംപോലും ഒഴിവെടുക്കാന്‍ കഴിയാത്ത പത്ര ഏജന്റുമാരെ സന്ദര്‍ശിച്ചാണ് ഇന്നലെ പുലര്‍ച്ചെ എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്.
അര്‍ദ്ധരാത്രി കഴിയുന്നതോടെ ടൗണ്‍ ബസ് സ്റ്റാന്റ് പത്ര ഏജന്റുമാരുടെ സാന്നിധ്യത്താല്‍ മുഖരിതമാകും. നഗരത്തിലും പരിസരങ്ങളിലുമുള്ള നൂറുകണക്കിന് ഏജന്റുമാരാണ് രാവിലെ ടൗണ്‍ സ്റ്റാന്റിലെത്തുന്നത്. നേരത്തെ മുനിസിപ്പല്‍ ബസ് സ്റ്റാന്റിലായിരുന്നു ഇവരുടെ സംഗമം. നാടുണരും മുമ്പെ തങ്ങളുടെ ജോലിയില്‍ വ്യാപൃതരാവുന്ന ഏജന്റുമാര്‍ തങ്ങളെ കാത്തിരിക്കുന്ന വരിക്കാരുടെ അടുത്തേക്ക് എത്രയുംവേഗം പത്രമെത്തിക്കുവാനുള്ള വ്യഗ്രതയിലായിരിക്കും. ഈ സമയത്തായിരുന്നു ഇന്നലെ കൃഷ്ണകുമാറിന്റെ സന്ദര്‍ശനം.
സ്ഥാനാര്‍ഥിയെത്തിയതോടെ ഏജന്റുമാര്‍ തങ്ങളുടെ തിരക്ക് മറന്ന് കൃഷ്ണകുമാറിനടുത്തെത്തി കുശലാന്വേഷണം നടത്തി. മാത്രമല്ല, കിട്ടിയ സമയത്ത് ഏജന്റുമാര്‍ക്ക് പല പരാതികളും പരിഭവങ്ങളും കൃഷ്ണകുമാറിനോട് പറയാനുണ്ടായിരുന്നു. അവയെല്ലാം അദ്ദേഹം ക്ഷമയോടെ കേള്‍ക്കുകയും പരിഹരിക്കാന്‍ പറ്റുന്നവ പരിഹരിക്കാമെന്ന ഉറപ്പും നല്‍കി. പതിറ്റാണ്ടുകളായി പത്രം വിതരണം ചെയ്യുന്നവരും പുതിയവരുമായ നിരവധി പേരെയാണ് കൃഷ്ണകുമാര്‍ ഇന്നലെ സന്ദര്‍ശിച്ചത്.
ഏറെ നേരം അവരുമായി സൗഹൃദം പങ്കിട്ടശേഷം ജില്ലയിലെ ഏറ്റവും വലിയ പച്ചക്കറി മാര്‍ക്കറ്റായ മേലാമുറിയിലെ വലിയങ്ങാടിയിലെത്തി. ഓരോ കച്ചവടക്കാരിനടത്തും എത്തിയ അദ്ദേഹം അവരുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം കേട്ടു.
പച്ചക്കറി മാര്‍ക്കറ്റ് നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പുനല്‍കി. പല പദ്ധതികളും നഗരസഭയുടെ പരിഗണനയിലുണ്ടെന്നും അവ എത്രയുംവേഗം പ്രാവര്‍ത്തികമാക്കുമെന്നും വ്യക്തമാക്കി. അങ്ങാടിയിലെ വ്യാപാരികളെ അപേക്ഷിച്ച് പലര്‍ക്കും സുപരിചിതനാണ് കൃഷ്ണകുമാര്‍. അതിനാല്‍ത്തന്നെ വ്യാപാരികള്‍ക്ക് നിരവധി കാര്യങ്ങള്‍ അദ്ദേഹത്തോട് നിരത്താനായി. തുടര്‍ന്ന് നഗരത്തിലെ പുതിയ പച്ചക്കറി മാര്‍ക്കറ്റായ ശേഖരിപുരത്തുമെത്തി. പിന്നീട് പിരായിരിയിലെ കുറിച്ചാങ്കുളം, വാരാമ്പള്ളം, കിഴക്കഞ്ചേരിക്കാവ്, പുതിയ സ്റ്റോപ്പ്, മാത്തൂരില്‍ പാലപ്പൊറ്റ, ആലിന്‍ചുവട്, ചുങ്കമന്ദം, ചാത്തക്കാവ്, കൂമന്‍കാട് എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ കണ്ടു. കുടിവെള്ളവും റോഡുമായിരുന്നു ആളുകള്‍ക്ക് പറയാനുണ്ടായിരുന്നത്. പാലക്കാട്ടുകാരനായ ഒരാള്‍ വിജയിച്ചുവന്നാല്‍ ഇക്കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന ആശ്വാസമായിരുന്നു പലരും കൃഷ്ണകുമാറിനോട് പ്രകടിപ്പിച്ചത്.
ദേശീയസമിതിയംഗം എന്‍. ശിവരാജന്‍, സംസ്ഥാന കൗണ്‍സിലംഗം എം.പി. ശ്രീകുമാര്‍, മണ്ഡലം പ്രസിഡന്റ് കെ. വിജേഷ്, ട്രഷറര്‍ രാജേഷ്, ഒബിസി മോര്‍ച്ച മണ്ഡലം വൈ.പ്രസി. ഗിരീഷ്, പിരായിരി വെസ്റ്റ് ഏരിയ ജന.സെക്ര. അരുണ്‍, വൈ.പ്രസി. ഉണ്ണികൃഷ്ണന്‍, ഏരിയ വൈ.പ്രസി. വിനോദ്, മെമ്പര്‍ വിനോദ്, മണ്ഡലം സെക്രട്ടറി ഗോപിനാഥ്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസി. സുദേവന്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: