ആലപ്പുഴ ജില്ലയിലെ മണ്ണാറശാല നാഗരാജ ക്ഷേത്രം അന്യാദൃശ്യവും വൈവിധ്യ പൂര്‍ണ്ണവുമായ ആചാരാനുഷ്ഠാനങ്ങളാല്‍ സമ്പന്നമാണ്. വൃക്ഷങ്ങളും വള്ളികളും നിറഞ്ഞ കാവുകളുടെ നടുവിലാണ് ക്ഷേത്രം. സര്‍പ്പയക്ഷിയും നാഗരാജാവുമാണ് പ്രധാന പ്രതിഷ്ഠകള്‍. ക്ഷേത്രത്തിനു പുറത്ത് തെക്കു പടിഞ്ഞാറായിട്ട് നാഗചാമുണ്ഡിയുടെയും നാഗയക്ഷിയുടെയും പ്രതിഷ്ഠകള്‍. മണ്ണാറശാലയിലെ നാഗരാജ സങ്കല്പം വാസുകിയായിട്ടാണ്. മണ്ണാറശാലയില്‍ വാസുകി സങ്കല്പത്തില്‍ അധിഷ്ഠിതമായ പൂജാക്രമങ്ങളാണ് ഇന്നുള്ളത്.
നാലമ്പലത്തിനുള്ളില്‍ നാഗരാജ പ്രതിഷ്ഠയ്‌ക്കു തെക്കു പടിഞ്ഞാറായി ഒരു തേവാരപ്പുരയുണ്ട്. ഈ പുരയിലാണ് മണ്ണാറശാലയിലെ വലിയമ്മ ക്ഷേത്രത്തിലെത്തുമ്പോള്‍ ഭക്തര്‍ക്ക് ദര്‍ശനമരുളി ധ്യാനനിരതയായി വിശ്രമിക്കുന്നത്. വലിയമ്മയാണ് ക്ഷേത്രത്തിലെ പ്രധാന പൂജാരി. ക്ഷേത്രത്തിനു വടക്കു ഭാഗത്താണ് മണ്ണാറശാല ഇല്ലം. ഇല്ലത്തിന്റെ നിലവറയില്‍ അനന്തന്റെ സാന്നിധ്യമുണ്ടെന്നു വിശ്വാസം. ആണ്ടിലൊരിക്കല്‍ മാത്രമേ നിലവറയില്‍ നൂറും പാലും പൂജയുള്ളൂ. ശിവരാത്രിയുടെ അടുത്ത ദിവസമാണ് ഈ പൂജ. മാതൃപുത്രബന്ധത്തിന്റെ മഹനീയ സാക്ഷാത്ക്കാരമാണ് മണ്ണാറശാലയിലെ പൂജകളിലുള്ളത്. സന്താനസൗഭാഗ്യമില്ലാതെ ദുഃഖിതയായിരുന്ന അമ്മയ്‌ക്ക് നാഗരാജാവ് പുത്രനായി പിറന്നുവെന്ന് ഐതിഹ്യം. മണ്ണാറശാല നാഗരാജക്ഷേത്രത്തിന്റെ ജീവാത്മാവും പരമാത്മാവുമാണ് ഇല്ലത്തിലെ ഏറ്റവും മുതിര്‍ന്ന അമ്മ.
കന്നി, തുലാം, കുംഭ മാസങ്ങളിലെ ആയില്യപൂജയും മഹാശിവരാത്രിയുമാണ് മണ്ണാറശാലയിലെ പ്രധാന ആഘോഷദിനങ്ങള്‍. കന്നിമാസത്തിലെ ആയില്യം നാഗരാജാവിന്റെയും കുംഭമാസത്തിലേത് നിലവറയിലെ അനന്തന്റെയും ജന്മദിനങ്ങളാണ്. തുലാമാസത്തിലെ ആയില്യമാണ് ഇന്ന് കെങ്കേമമായി ആഘോഷിക്കപ്പെടുന്നത്. കന്നിമാസത്തിലെ ആയില്യത്തിന് തിരുവിതാംകൂര്‍ മഹാരാജാവ് ദര്‍ശനം നടത്തുന്ന പതിവുണ്ടായിരുന്നു. ഏതോ കാരണവശാല്‍ ഒരു പ്രാവശ്യം കന്നിയിലെ ആയില്യത്തിന് അന്നത്തെ മഹാരാജാവായിരുന്ന ആയില്യം തിരുനാളിന് എത്താനായില്ല. തുലാമാസത്തിലെ ആയില്യത്തിന് മഹാരാജാവ് എഴുന്നെള്ളി പ്രായശ്ചിത്തം ചെയ്തു. അങ്ങനെ തുലാമാസത്തിലെ ആയില്യത്തിന് രാജകീയ പ്രൗഢിയും പ്രസിദ്ധിയും കൈവന്നു. ആയില്യം നാളില്‍ വിശേഷാല്‍ പൂജകള്‍ കഴിഞ്ഞ് ഉച്ചയ്‌ക്ക് 1.30-നും 2.30-നും ഇടയ്‌ക്ക് മണ്ണാറശാല വല്യമ്മയുടെയും അടുത്ത അവകാശിയായ ഇളയമ്മയുടെയും നേതൃത്വത്തില്‍ ഇല്ലത്തേക്കുള്ള നാഗരാജ എഴുന്നെള്ളത്ത് നടക്കും. നയനമോഹനവും അനുഷ്ഠാന പ്രധാനവുമാണ് ഈ എഴുന്നള്ളത്ത്. വല്യമ്മ നാഗരാജാവിന്റെയും ഇളയമ്മ സര്‍പ്പയക്ഷിയുടെയും വിഗ്രഹങ്ങള്‍ വഹിക്കും. വാദ്യമേളവും വായ്‌ക്കുരവയും ആര്‍പ്പുവിളികളും കൊണ്ട് ധന്യമായ, ദൃശ്യചാരുത നല്കുന്നതാണ് ഇല്ലത്തേയ്‌ക്കുള്ള എഴുന്നള്ളത്ത്. തുടര്‍ന്ന് ഇല്ലത്തെ നിലവറയുടെ തിരുമുമ്പില്‍ ആയില്യ പൂജ. നൂറും പാലും, ഗുരുതിയുമാണ് പൂജയിലെ പ്രധാന ഇനങ്ങള്‍. രാത്രി വൈകി തട്ടിന്മേല്‍ നൂറും പാലും സമര്‍പ്പിക്കും. ആകാശസര്‍പ്പങ്ങള്‍ക്ക് ബലി നല്കുന്നു എന്ന സങ്കല്പമാണ് ഇതിനു പിന്നിലുള്ളത്.
പുള്ളുവന്റെ വീണയിലൂടെ പുള്ളുവത്തിയുടെ പുള്ളോര്‍ക്കുടത്തിലൂടെ തോറ്റിയുണര്‍ത്തപ്പെടുന്ന നാഗദൈവങ്ങള്‍ കാവും കുളവും ചേര്‍ന്ന കേരളപ്രകൃതിയുടെ സംരക്ഷകരാണ്. മലനാട്ടിലെ നാഗാരാധനയ്‌ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജൈനസംസ്‌കാരത്തിലേയ്‌ക്ക് അതിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയിരിക്കുന്നു. ഒരു മഹാസംസ്‌കൃതിയുടെ നിറസാന്നിധ്യം മണ്ണാറശാലയിലെ ഓരോ മണ്‍തരിയിലും അനുഭവവേദ്യമാണ്.
25,000-ല്‍ അധികം നാഗവിഗ്രഹങ്ങള്‍
മണ്ണാറശാല കാവില്‍ 25000ത്തിലധികം നാഗവിഗ്രഹങ്ങളാണുള്ളത്. നൂറ്റാണ്ടുകള്‍ പഴക്കമുളളതും കാലദേശ നിര്‍ണ്ണയം നടത്താന്‍ കഴിയാത്തവയും ധാരാളമുണ്ട്. കൃഷ്ണശിലയില്‍ തീര്‍ത്ത അത്യപൂര്‍വ്വമായ വിഗ്രഹങ്ങളുമുണ്ട്.
ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ പ്രതിഷ്ഠാകാവിലാണ് വിഗ്രഹങ്ങള്‍ കൂടുതലുള്ളത്. കാവുകളുടെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതും നിരനിരയായുള്ള സര്‍പ്പവിഗ്രഹങ്ങളാണ്.
കാവുമാറ്റം വഴി മണ്ണാറശാലയിലെത്തിക്കുന്ന നാഗവിഗ്രഹങ്ങള്‍ പ്രതിഷ്ഠാക്കാവിലാണുള്ളത്. ഇവിടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.
സര്‍പ്പവിഗ്രഹങ്ങള്‍ കാഴ്ചയില്‍ ഒരുപോലെയാണ്. എന്നാല്‍ സൂക്ഷ്മ നിരീക്ഷണത്തിലൂടെ വ്യത്യാസം കണ്ടുപിടിക്കാം. ശൈവ സങ്കല്‍പ്പത്തിലുള്ള വിഗ്രഹങ്ങളില്‍ ശിവലിംഗം കൊത്തിയിട്ടുണ്ടാവും. വൈഷ്ണവ സങ്കല്‍പ്പത്തിലുള്ളതില്‍ ശ്രീകൃഷ്ണരൂപം കാണാം.
സര്‍പ്പയക്ഷി വിഗ്രഹത്തിന്റെ വലതുകയ്യില്‍ സര്‍പ്പത്തിന്റെ ശിരസ്സും ഇടതുകയ്യില്‍ ശരീരവും താങ്ങിയ നിലയിലായിരിക്കും. നാഗയക്ഷിയുടെ ഇരുകൈകളിലും സര്‍പ്പങ്ങളെ ഉയര്‍ത്തിപ്പിടിച്ചിരിക്കും. നാഗചാമുണ്ഡി പ്രതിഷ്ഠയുടെ കയ്യില്‍ വാളും മറ്റൊന്നില്‍ ഒരു പാത്രവുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: