തിരുവനന്തപുരം: സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി കരമന പോലീസ് സ്റ്റേഷന്‍. 2005 ആഗസ്റ്റ് 23ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കരമന പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. അധികം താമസിയാതെ തന്നെ ആധുനിക സൗകര്യങ്ങളുള്ള പുതിയ മന്ദിരം നിര്‍മിക്കുമെന്നാണ് ഉദ്ഘാടനവേളയില്‍ പറഞ്ഞത്. ഇരുപത് വര്‍ഷം പൂര്‍ത്തിയാകാറായിട്ടും സ്റ്റേഷന് അനുയോജ്യമായ സ്ഥലം കണ്ടുപിടിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.
സ്വകാര്യവ്യക്തിയുടെ രണ്ട് നില കെട്ടിടത്തില്‍ വാടകയ്‌ക്കാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇടുങ്ങിയ വഴിയാണ് സ്റ്റേഷനിലേക്കുള്ളത്. എസ്എച്ച്ഒയുടെ ജീപ്പും രണ്ട് സ്റ്റേഷന്‍ ജീപ്പും ഒരു ബൈക്കുമടക്കം നാല് വാഹനങ്ങളാണ് സ്റ്റേഷനിലുള്ളത്. ബൈക്ക് മിക്കവാറും വഴിയില്‍ കിടക്കും. ബൈക്ക് ഉപയോഗിക്കുന്ന പോലീസുകാരുടെ കൈയ്യില്‍നിന്ന് പണം ചെലവാക്കിയാണ് അറ്റകുറ്റപണികള്‍. ജീപ്പുകള്‍ പാര്‍ക്ക് ചെയ്യുന്നത് റോഡിലാണ്. ട്രാഫിക് വാര്‍ഡന്‍മാരടക്കം 45 പോലീസുകാരാണ് സ്റ്റേഷനില്‍ ഉളളത്. അതില്‍ എട്ടുപേര്‍ വനിതകളാണ്. പോലീസുകാരുടെ വിശ്രമമുറിയുടെ സ്ഥിതി അതിദയനീയമാണ്. രണ്ടാം നിലയുടെ ടെറസ്സില്‍ ഷീറ്റ് മേല്‍ക്കൂരയിട്ട വിശ്രമമുറിയില്‍ മഴ പെയ്താല്‍ ചോര്‍ച്ചമൂലം മുറിയിലാകെ വെള്ളക്കെട്ടാണ്. ഒരു കുടുസ്സു മുറിയാണ് വനിതാ പോലീസുകാര്‍ക്ക് വിശ്രമിക്കാന്‍ ഉള്ളത്. ശുചിമുറി സൗകര്യവും അപര്യാപ്തമാണ്. സ്റ്റേഷന്‍ വാഹനങ്ങളും പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും നിര്‍ത്താന്‍ സൗകര്യമില്ല.
പോലീസ് വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടികൂടുന്ന വാഹനങ്ങള്‍ ദേശീയപാതയോരത്തും സ്റ്റേഷനിലേക്കുള്ള ഇടവഴിയിലുമാണ് ഇടുന്നത്. പോലീസുകാരുടെ വാഹനങ്ങളും സ്റ്റേഷനിലേക്ക് വരുന്നവരുടെ വാഹനങ്ങളും സ്‌റ്റേഷനിലേക്കുള്ള ഇടുങ്ങിയ വഴിയിലും മറ്റുമാണ് നിര്‍ത്തിയിടുന്നത്. കൂടുതല്‍ വാഹനങ്ങളെത്തിയാല്‍ സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കുന്ന അവസ്ഥയാണ്. പോലീസ് സ്‌റ്റേഷന്റെ അകത്തും സൗകര്യങ്ങളില്ല. ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ സ്‌റ്റേഷനിലേക്ക് എത്തിയാല്‍ നിന്ന് തിരിയാന്‍ ഇടമില്ലാത്ത അവസ്ഥയിലാകും പലപ്പോഴും സ്‌റ്റേഷന്‍. 2019 വരെ സബ് ഇന്‍സ്‌പെക്ടര്‍ക്കായിരുന്നു സ്റ്റേഷന്റെ ചുമതല. അതിനുശേഷം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് സ്റ്റേഷന്റെ ചുമതല നല്‍കിയപ്പോള്‍ എസ്‌ഐക്ക് ഇരിക്കാന്‍ മുറിയില്ലാതായി.
ഉദ്ഘാടനം ചെയ്ത് 19 വര്‍ഷം പൂര്‍ത്തിയായിട്ടും പ്രതികളെ പാര്‍പ്പിക്കാന്‍ സെല്‍ ഇല്ല എന്നതാണ് സ്റ്റേഷന്റെ പ്രധാന ന്യൂനത. രാത്രിയില്‍ പ്രതികളെ പാര്‍പ്പിക്കേണ്ടി വന്നാല്‍ സമീപ സ്റ്റേഷനുകളിലെ സെല്ലുകളാണ് ഉപയോഗിക്കുന്നത്. കൂടാതെ തോക്കുകള്‍ പോലുള്ള ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള സ്‌ട്രോങ്ങ് റൂമും സ്റ്റേഷനില്‍ ഇല്ല. സ്റ്റേഷന്റെ പരിമിതമായ സ്ഥലത്താണ് ഓഫീസും പ്രവര്‍ത്തിക്കുന്നത്. ഫയലുകളും മറ്റും സൂക്ഷിക്കാന്‍ നുള്ള സ്ഥലവും സ്റ്റേഷനിലില്ല. ക്രൈംഫയലുകളും കോടതി രേഖകളും സൂക്ഷിക്കാനുള്ള സേഫ് സൗകര്യവും ഇല്ല.
സര്‍ക്കാരിന്റെ കീഴിലുള്ള നിരവധി സ്ഥലങ്ങള്‍ സ്റ്റേഷന്‍ പരിധിയില്‍ ഒഴിഞ്ഞുകിടപ്പുണ്ട്. അവയിലേതെങ്കിലും സ്ഥലം സ്റ്റേഷനായി അനുവദിക്കണമെന്നാണ് സ്ഥലത്തെ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: