വൈഷ്ണവ മതം കൂടുതല്‍ പുഷ്ടിപ്രാപിച്ചത് മദ്ധ്യകാലത്ത് ഭാരതത്തില്‍ പരക്കെ ശക്തിയാര്‍ജിച്ച് മുന്നേറിയ ഭക്തി പ്രസ്ഥാനത്തോടൊപ്പമായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയില്‍ പടര്‍ന്നു പിടിച്ച വൈഷ്ണവ ശാഖയ്‌ക്ക് നേതൃത്വം നല്‍കിയത് രാമാനുജാചാര്യനായിരുന്നു. വൈഷ്ണവ ഭക്തി സമ്പ്രദായത്തിന് രാമാനുജന്‍ തത്ത്വജ്ഞാനത്തിന്റെ അടിത്തറ നല്‍കിയത് ബൃഹത്തായ സംഭാവനയാണ്. ബ്രഹ്മസൂത്രത്തെ വ്യാഖ്യാനിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ശ്രീവൈഷ്ണവ സമ്പ്രദായത്തെ കെട്ടിപ്പടുക്കുകയും ചെയ്ത രാമാനുജന്‍ വൈഷ്ണവ പണ്ഡിതന്മാരില്‍ അഗ്രഗണ്യനുമാകുന്നു. ഈ ആചാര്യന്റെ വ്യാഖ്യാനം ‘ശ്രീഭാഷ്യം’ എന്ന പേരിലും ദര്‍ശനം ‘വിശിഷ്ടാദൈത്വം’ എന്ന പേരിലും അറിയപ്പെടുന്നു.
രാമാനുജന്റെ സിദ്ധാന്തമനുസരിച്ച് ആത്യന്തിക സത്യം സച്ചിദാനന്ദം മാത്രമല്ല, അത് ശുഭകരമായിട്ടുള്ള അനേകം ഗുണങ്ങളോടുകൂടിയതും അനന്തശക്തിയും ചേര്‍ന്ന സ്വരൂപമാണ്. ഉത്തമ വ്യക്തിത്വത്തോടു കൂടിയ ഈ സ്വരൂപം തന്നെയാണ് ബ്രഹ്മം അഥവാ വിഷ്ണു. ബ്രഹ്മം ഇപ്രകാരമുള്ള ഗുണങ്ങളാല്‍ വിശേഷിപ്പിക്കപ്പെട്ടതിനാലാണ് രാമാനുജന്റെ വേദാന്ത ശാഖ വിശിഷ്ടാദൈ്വതം എന്ന പേരില്‍ അറിയപ്പെട്ടത്. വിഷ്ണുവിന്റെ വിശേഷഗുണങ്ങളില്‍പ്പെടുന്നതാണ് ജീവാത്മാക്കളും പ്രപഞ്ച ശക്തിയും. ഇവ അവിടുത്തെ ആവരണങ്ങള്‍ അഥവാ ശരീരങ്ങളാകുന്നു. വിഷ്ണുവിന്റെ ശരീരമാകുന്ന ആത്മാക്കളും പ്രപഞ്ച ശക്തിയും ശാശ്വത സത്യങ്ങളാണ്. എന്നാല്‍ അവയ്‌ക്ക് വിഷ്ണുവില്‍ നിന്ന് സ്വതന്ത്രമായ അസ്തിത്വമില്ല. വിഷ്ണുമാത്രമാണ് സ്വതന്ത്രമായിട്ടുള്ള ശാശ്വത സത്യം.
കര്‍ണാടകത്തില്‍ ഭക്തിപ്രസ്ഥാനം നയിച്ചത് പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മധ്വന്‍ എന്ന ‘ബ്രഹ്മ സമ്പ്രദായ’ക്കാരനായ വൈഷ്ണവാചാര്യനായിരുന്നു. ഉഡുപ്പിയിലെ പ്രസിദ്ധമായ കൃഷ്ണക്ഷേത്രം സ്ഥാപിച്ചത് മധ്വാചാര്യനാണ്. ഈ ആചാര്യന്‍ പ്രചരിപ്പിച്ച വേദാന്ത ശാഖയായ ദൈ്വതം സൃഷ്ടിയില്‍ അഞ്ചുവിധത്തിലുള്ള ഭേദങ്ങള്‍ അംഗീകരിക്കുന്നു- ആത്മാക്കള്‍ തമ്മില്‍, ആത്മാവും ദൈവവും തമ്മില്‍, ആത്മാവും പ്രപഞ്ചശക്തിയും തമ്മില്‍, ശക്തിയും ദൈവവും തമ്മില്‍, ശക്തികള്‍ തമ്മില്‍. തത്ത്വങ്ങള്‍ തമ്മിലുള്ള ഈ ഭേദങ്ങള്‍ അവയുടെ ശാശ്വത സ്വഭാവമാണ്. ബ്രഹ്മവും വ്യക്തിത്വത്തിന്നുടമയായ ഈശ്വരനും ഒന്നാണെന്ന കാര്യത്തിലും, ആത്മാക്കള്‍ക്കും ശക്തിക്കും ഈശ്വരനില്‍ നിന്നു സ്വത്രന്ത്രമായ അസ്തിത്വമില്ലെങ്കിലും ഇവ മൂന്നും ശാശ്വത സത്യങ്ങളാണെന്നതിലും മധ്വന്‍ രാമാനുജനോട് യോജിക്കുന്നു.
തെലുങ്കുദേശത്ത് ‘സനക സമ്പ്രദായ’ പ്രകാരമുള്ള വൈഷ്ണവ പ്രസ്ഥാനം നയിച്ച ആചാര്യനാണ് നിമ്പാര്‍ക്കന്‍. അടിസ്ഥാന സിദ്ധാന്തങ്ങളില്‍ രാമാനുജന്റെയും മധ്വന്റെയും പിന്‍ഗാമിയായ നിമ്പാര്‍ക്കന്റെ വേദാന്തം ‘ദൈ്വതാദൈ്വതം’ അഥവാ ‘ഭേദാഭേദം’ എന്നറിയപ്പെട്ടു. ഈശ്വരന്റെയും സൃഷ്ടിയുടെയും സ്വഭാവം ഒരേസമയം ഭേദവും അഭേദവുമാകുന്നു. സൂര്യനും സൂര്യപ്രകാശവും തമ്മിലുള്ള ബന്ധം ഇതിനുദാഹരിക്കുന്നു. സൂര്യന്‍ തന്നെയാണ് പ്രകാശവും പ്രകാശത്തിന്റെ ഉറവിടവും. ഇപ്രകാരം സൂര്യനും പ്രകാശവും ഒന്നാണെങ്കിലും അവ തമ്മില്‍ ഭേദമുണ്ടുതാനും.
പതിനഞ്ചാം നൂറ്റാണ്ടില്‍ തെലുങ്കു ദേശത്ത് ‘രുദ്രസമ്പ്രദായ’ പ്രകാരമുള്ള വൈഷ്ണവ മതം പ്രചരിപ്പിച്ചവരില്‍ പ്രമുഖനാണ് വല്ലഭാചാര്യന്‍. മായയുടെ സ്പര്‍ശമേശാത്ത ശുദ്ധതത്ത്വമായ ശ്രീകൃഷ്ണന്‍ ഒരേ സമയം വ്യക്തിഗത തത്ത്വവും, സച്ചിദാനന്ദ സ്വരൂപത്തിലുള്ള ബ്രഹ്മവുമാകുന്നു. ‘ശുദ്ധാദൈ്വതം’ എന്ന പേരില്‍ അറിയപ്പെടുന്ന വല്ലഭാചാര്യന്റെ വേദാന്തത്തിലും രാമാനുജന്റേതു പോലെ ആത്മാക്കളും ശക്തിയും ബ്രഹ്മത്തിന്റെ ഭാഗമാകുന്നതിനാല്‍ ശാശ്വത സത്യങ്ങളാകുന്നു. ഈ ദര്‍ശനത്തില്‍ ജഗത്തും സംസാരവും തമ്മിലുള്ള ഭേദം എടുത്തു പറയുന്നു. ജനന-മരണ ചക്രമാകുന്ന സംസാരം ശാശ്വത സത്യമല്ല, അജ്ഞാനബദ്ധമാകുന്ന ആത്മാവിന്റെ അനുഭവം മാത്രമാണ്. എന്നാല്‍ ജഗത്ത് ഈശ്വര ശക്തിയുടെ പരിണാമഫലമാണ്. ആത്മജ്ഞാനമുണരുമ്പോള്‍ സംസാരം അസ്തമിക്കുന്നു, എന്നാല്‍ ജഗത്ത് നിലനില്‍ക്കുന്നു.
വൈഷ്ണവ സമ്പ്രദായം ഉത്തരഭാരതത്തിലേക്ക്
പുരാതന കാലത്ത് ദക്ഷിണേന്ത്യയില്‍ പ്രചരിച്ച വൈഷ്ണവ പാരമ്പര്യം മദ്ധ്യകാലമായതോടെ ഉത്തരേന്ത്യയിലും പടര്‍ന്നുപിടിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനുമിടയ്‌ക്ക് ഭക്തി പ്രസ്ഥാനത്തിന്റെ ഭാഗമായി വൈഷ്ണവ മതം ഭാരതത്തിലാകെ പ്രചരിപ്പിക്കപ്പെട്ടു. ഹൈന്ദവ സമുദായത്തിനുള്ളില്‍ത്തന്നെ ഉടലെടുത്ത ജാതി വിവേചനം പോലുള്ള ദുരാചാരങ്ങളെയും, ഭാരതത്തിന്റെ ആത്മീയ സംസ്‌കാരത്തിനുമേലുണ്ടായ വൈദേശിക അധിനിവേശ ശക്തികളുടെ സ്വാധീനത്തെയും ചെറുക്കുകയെന്നതായിരുന്നു ഇക്കാലത്തെ ഭക്തി പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം. ഈ ലക്ഷ്യം സഫലമാക്കുന്നതില്‍ വൈഷ്ണവരുടെ പങ്ക് ഏറെ വിലപ്പെട്ടതായിരുന്നു.
പതിനാലാം നൂറ്റാണ്ടില്‍ വൈഷ്ണവ മതം ഉത്തരഭാരതത്തിലും കിഴക്കുദേശത്തും പ്രചരിപ്പിച്ചതിന് നേതൃത്വം നല്‍കിയത് രാമാനന്ദാചാര്യനായിരുന്നു. രാമാനുജന്റെ ദര്‍ശനമുള്‍ക്കൊണ്ടുള്ള രാമാനന്ദന്റെ പ്രവര്‍ത്തനഫലമായി സിതാ-രാമ ഭക്തി ഭാരതത്തിന്റെ വടക്കും കിഴക്കും പ്രദേശങ്ങളില്‍ ബഹുജനപ്രസിദ്ധിയാര്‍ജിച്ചു. അലഹബാദില്‍ ജനിച്ച രാമാനന്ദന്‍ ദക്ഷിണേന്ത്യയിലെ വിദ്യാനഗരം ജില്ലയുടെ ഗവര്‍ണറായി കുറെ വര്‍ഷങ്ങള്‍ അവിടെ താമസിക്കാനിടയായി. അക്കാലത്ത് രാമാനുജ ദര്‍ശനം സ്വാധീനിച്ചിരുന്നു. പിന്നീട് ബനാറസിലേക്ക് മടങ്ങിയ രാമാനന്ദന്‍ ഈ ദര്‍ശനത്തെ ഉത്തര ഭാരതത്തില്‍ വ്യാപകമായി പ്രസരിപ്പിച്ചു. കബീറും തുളസീദാസനും രാമാനന്ദന്റെ പ്രധാന ശിഷ്യന്മാരില്‍പ്പെടുന്നു. തുളസീദാസന്റെ ഹിന്ദിയിലുള്ള രാമായണത്തിന്റെ പുനരെഴുത്ത്, ‘രാമചരിതമാനസം’ പ്രസിദ്ധമാണല്ലോ. രാമാനന്ദന്‍ ആത്മീയ വിഷയത്തില്‍ ജാതി വ്യവസ്ഥയ്‌ക്ക് സ്ഥാനം നല്‍കിയില്ല. ജാതി മതഭേദമന്യേ ശിഷ്യന്മാരെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: