നടന്‍ ശിവകാര്‍ത്തികേയന്‍ നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് അമരന്‍. ഈ സിനിമ മേജര്‍ മുകുന്ദ് വരദരാജന്റെ വീരമൃത്യുവിന്റെ കഥയാണ്. മേജന്‍ മുകുന്ദ് വരദരാജന്റെ മാത്രമല്ല, ഇളംപ്രായത്തില്‍ മുകുന്ദിനെ നഷ്ടപ്പെട്ട ഇന്ദുവിന്റെ കൂടി കഥ. അമരന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്ത അമരന്‍ ഒക്ടോബര്‍ 31ന് തീയറ്ററില്‍ എത്തും.
ഇന്ത്യൻ കരസേനയുടെ രാജപുത്ര റെജിമെന്‍റിൽ സൈനികനായിരുന്നു മേജർ മുകുന്ദ് വരദരാജൻ (12 ഏപ്രിൽ 1983 – 25 ഏപ്രിൽ 2014). 2014 ഏപ്രിൽ 25നു ജമ്മു കാശ്മീരിലെ ഷോപിയാൻ ജില്ലയിൽ തീവ്രവാദികളോട് ഏറ്റുമുട്ടി ധീരമൃത്യു വരിച്ച മുകുന്ദിനു, അതേ വർഷം തന്നെ മരണാനന്ദര ബഹുമതി ആയി അശോക് ചക്ര നൽകി രാജ്യം ആദരിച്ചു.
അമരന്‍ എന്ന സിനിമയുടെ ട്രെയിലര്‍:
2014 ഏപ്രിൽ 26, രാവിലെ ആറു മണി. ബെംഗളൂരുവിലെ ഓഫിസേഴ്സ് ക്വാർട്ടേഴ്സിൽ കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഇന്ദു മുകുന്ദ് ഉണർന്നത്. കതകു തുറന്ന ഇന്ദു കണ്ടത് സഹോദരൻ ഡോ. വിജു ഡാനിയലിനെ.
വെല്ലൂർ മെഡിക്കൽ കോളജിലെ ഓർത്തോപീഡിക് സർജനായ ഡോ. വിജു, വെല്ലൂരിൽനിന്നു കാർ ഓടിച്ചു പുലർച്ചെ ബെംഗളൂരുവിൽ എത്തിയതാണ്. മൊബൈലിൽ പലതവണ വിളിക്കാൻ ശ്രമിച്ചിട്ടും കിട്ടാത്തതു കൊണ്ടാണ് സഹോദരിയെത്തേടി വീട്ടിലെത്തിയത്. ഡോ. വിജു കൈമാറിയ സന്ദേശം ഞെട്ടിക്കുന്നതായിരുന്നു: ‘‘കശ്മീരിൽ ജോലി ചെയ്യുന്ന ഇന്ദുവിന്റെ ഭർത്താവ് മേജർ മുകുന്ദ് വരദരാജൻ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു’’.
ദുബായിലുള്ള ഇവരുടെ മൂത്ത സഹോദരൻ ദീപുവാണ് ഡോ. വിജുവിന് ആ ദുഃഖവാർത്ത കൈമാറിയത്. തലേന്ന് രാവിലെയും മുകുന്ദുമായി ഇന്ദു ഫോണിൽ സംസാരിച്ചിരുന്നു. അന്നു വൈകുന്നേരമാണ്, ഷോപിയാനിലെ ഒരു കെട്ടിടത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഭീകരരുമായി മേജർ മുകുന്ദ് വരദരാജന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ ഏറ്റുമുട്ടിയത്.
മുകുന്ദിന്റെ വീരമൃത്യു
2014 ഏപ്രിൽ. രാജ്യത്ത് തിരഞ്ഞെടുപ്പു നടക്കുന്ന സമയം. കശ്മീരിലെ ഷോപിയാനിൽ ബൂത്തുകൾക്കു നേരെ ഭീകരാക്രമണം ഉണ്ടായി. വോട്ടെടുപ്പു തടസ്സപ്പെട്ടു. ആക്രമണത്തിനു നേതൃത്വം നൽകിയത് ഹിസ്ബുൽ മുജാഹിദീൻ ഭീകരർ. ഇവരിൽ ചിലർ ഷോപിയാനിലെ ഖാസിപത്രി ഗ്രാമത്തിലെ ഒരു കെട്ടിടത്തിൽ ഒളിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് മേജർ മുകുന്ദ് വരദരാജന്റെ നേതൃത്വത്തിലുള്ള സംഘം 2014 ഏപ്രിൽ 25ന് ഉച്ചകഴിഞ്ഞ് ഇവിടം വളഞ്ഞത്.
വൈകുന്നേരം നാലിന് ആരംഭിച്ച ഏറ്റുമുട്ടൽ സന്ധ്യ മയങ്ങും വരെ തുടർന്നു. ആക്രമണത്തിൽ രണ്ടു ഭീകരരെ വകവരുത്തി. ഏറ്റുമുട്ടലിൽ തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഒളിച്ചിരുന്ന ഭീകരരിലെ മൂന്നാമനുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ മേജർ മുകുന്ദ് വീരമൃത്യു വരിക്കുകയായിരുന്നു. ഇതിനിടയിൽ മൂന്നാമനെ വകവരുത്താനും മുകുന്ദിനായി. സൈനിക ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആംബുലൻസിൽ വച്ചായിരുന്നു മുകുന്ദിന്റെ അന്ത്യം.
അവസാന വാക്കുകൾ
അവസാന ഭീകരനെയും വധിക്കുന്നതിനിടെ വയറിന്റെ വലതുവശത്തേറ്റ വെടിയുണ്ട കരളിൽ തുളച്ചുകയറിയതാണ് മുകുന്ദിന്റെ ജീവൻ അപഹരിച്ചത്. ‘‘എനിക്ക് മൂന്നു വയസ്സുള്ള മോളുണ്ട്, അമ്മയുണ്ട്. എനിക്കു ജീവിക്കണം.’’ ഇങ്ങനെ മുകുന്ദ് പറഞ്ഞതായി ആംബുലൻസിൽ ഉണ്ടായിരുന്ന ഡോക്ടർ സാക്ഷ്യപ്പെടുത്തിയത് ബന്ധുക്കൾ ഓർക്കുന്നു. മരണത്തിനു രണ്ടു ദിവസം മുൻപ് ഷോപിയാനിൽ ഭീകരർ ഇലക്‌ഷൻ ബൂത്ത് തകർത്ത കാര്യം മുകുന്ദിനോട് ഇന്ദു ചോദിച്ചിരുന്നു. ‘‘ഇത്തരം വാർത്തകളൊന്നും നീ വായിക്കേണ്ട എന്നായിരുന്നു മുകുന്ദിന്റെ ഉപദേശം’’.
രാജ്യത്തിന്റെ ആദരം
രാജ്യസുരക്ഷയ്‌ക്കായി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജനെ 2015ലെ റിപ്പബ്ലിക് ദിനത്തിൽ ‘അശോകചക്ര’ നൽകി ആദരിച്ചു. ന്യൂഡൽഹിയിൽ അന്നത്തെ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ രാഷ്‌ട്രപതി പ്രണബ് മുഖർജിയിൽ നിന്ന് ഇന്ദുവാണു ബഹുമതി ഏറ്റുവാങ്ങിയത്. മുകുന്ദിന്റെ പിതാവ് വരദരാജൻ, ഇന്ദുവിന്റെ മാതാപിതാക്കളായ ഡോ. ജോർജ് വർഗീസ്, അക്കാമ്മ (മണി) തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിന്റെ പ്രിയപുത്രൻ
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഉദ്യോഗസ്ഥനായ വരദരാജന്റെയും ഗീതയുടെയും മകനായി 1983 ഏപ്രിൽ 12ന് കോഴിക്കോട് പിവിഎസ് ആശുപത്രിയിലായിരുന്നു മുകുന്ദിന്റെ ജനനം.
മുകുന്ദിന്റെ അമ്മയുടെ അച്ഛൻ പരേതനായ എസ്.രാജഗോപാൽ മാവൂർ ഗ്വാളിയർ റയോൺസിൽ പഴ്സനേൽ മാനേജരായിരുന്നു. ഗുരുവായൂരപ്പന്റെ പേരായതിനാലാണ് മുകുന്ദ് എന്ന പേര് സഹോദരിയുടെ മകന് ഇട്ടതെന്നു അമ്മാവനും എസ്ബിഐ ചീഫ് മാനേജരുമായ ആർ.എസ്.വാസൻ ഓർക്കുന്നു.
ഇന്ദുവിന്റെ സ്വന്തം മുകുന്ദ്
മുകുന്ദിന്റെ കുടുംബാംഗങ്ങൾക്ക് പഠിക്കുന്ന സമയത്തുതന്നെ ഇന്ദുവിനെ അറിയാമായിരുന്നു. കാരണം കോളജിന്റെ അടുത്തു തന്നെയായിരുന്നു മുകുന്ദിന്റെ വീട്. എന്നാൽ, ഡോ. ജോർജ് വർഗീസിന്റെ കുടുംബത്തിന് മുകുന്ദുമായുള്ള ബന്ധം ‘ഒരു സർപ്രൈസ്’ ആയിരുന്നു. 2011 മാർച്ച് 17നാണ് മുകുന്ദ്–ഇന്ദു ദമ്പതികൾക്ക് മകൾ ആർഷ്യ ജനിക്കുന്നത്. ഭർത്താവിന്റെ മരണശേഷം 2014 മുതൽ 2017 വരെ ബെംഗളൂരുവിലെ ആർമി സ്കൂളിൽ അധ്യാപികയായി ജോലി നോക്കിയ ഇന്ദു, 2017ലാണ് എജ്യുക്കേഷനിൽ പിജി ചെയ്യാൻ ഓസ്ട്രേലിയയിൽ പോയത്. കോഴ്സിനു ശേഷം അവിടെ ജോലി ചെയ്ത ഇന്ദു, മകളുമൊത്ത് കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തി. മകൾക്ക് സ്വന്തം നാടിനോടുള്ള ഇഷ്ടം ഊട്ടിയുറപ്പിക്കുന്നതിനാണ് ഓസ്ട്രേലിയയിൽ നിന്നു തിരികെ നാട്ടിലെത്തിയതെന്ന് ഇന്ദു പറയുന്നു.
ഇപ്പോൾ തിരുവനന്തപുരം ഇന്‍റർ നാഷനൽ സ്കൂളിൽ അധ്യാപികയാണ് ഇന്ദു. മകളെയും അവിടെ മൂന്നാം ക്ലാസിൽ ചേർത്തു. അധ്യാപികയായി ജോലി ചെയ്യുന്നതിനൊപ്പം, ചിത്രരചനയിലും എഴുത്തിലും മുഴുകിയാണ് ഇന്ദുവിന്റെ ഇപ്പോഴത്തെ ജീവിതം.
മരണവിവരം അറിഞ്ഞ 2014 ഏപ്രിൽ 26നു രാത്രി മുകുന്ദിനെക്കുറിച്ച് ഇന്ദു എഴുതിയ കവിത ദേശീയമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു. ദേശഭക്തിയും സൈനി കനായ ഭർത്താവിനോടുള്ള സ്നേഹവും തുളുമ്പുന്ന കവിത ഇങ്ങനെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: