പത്തനംതിട്ട: തെരുവ് നായ്‌ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ രൂപീകരിച്ച ജസ്റ്റിസ് എസ്. സിരിജഗന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം നിലച്ചു. നഷ്ടപരിഹാര അപേക്ഷകള്‍ സ്വീകരിക്കുന്നത് താത്കാലികമായി കമ്മിറ്റി നിര്‍ത്തി. 2016 സപ്തംബറിലാണ് റിട്ട. ജസ്റ്റിസ് എസ്. സിരിജഗന്‍ ചെയര്‍മാനും ആരോഗ്യവകുപ്പ് ഡയറക്ടര്‍, നിയമകാര്യ സെക്രട്ടറി എന്നിവര്‍ അംഗങ്ങളായും കമ്മിറ്റിയെ നിയോഗിച്ചത്.
സുപ്രീംകോടതി നിരീക്ഷണത്തില്‍ കമ്മിറ്റി രൂപീകരിച്ചെങ്കിലും ഓഫീസിന് മതിയായ സൗകര്യം ഒരുക്കാനോ ആവശ്യമായ സ്റ്റാഫിനെ നല്കാനോ ഫോണ്‍ നല്കാന്‍ പോലുമോ സര്‍ക്കാര്‍ തയ്യാറായില്ല. സംസ്ഥാനത്ത് നിത്യവും നൂറുകണക്കിനാളുകള്‍ക്കാണ് തെരുവുനായകളുടെ കടിയേല്‍ക്കുന്നത്. രാത്രിയാണ് ആക്രമണം രൂക്ഷം. വര്‍ഷം ഒരു ലക്ഷം പേരെങ്കിലും തെരുവ് നായകളുടെ ആക്രമണത്തിന് ഇരയാകാറുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
അസൗകര്യങ്ങളുടെ നടുവിലും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്മിറ്റിക്ക് 2022 ഡിസംബറില്‍ സെക്രട്ടറിയുടെ കാലാവധി അവസാനിച്ചപ്പോള്‍ പുതിയ സെക്രട്ടറിയെ അനുവദിക്കാതിരുന്നതിനാല്‍ പ്രവര്‍ത്തനം ഭാഗികമായി നിലച്ചിരുന്നു. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് വേണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചില്ല.
പിന്നീട് 2023 ജൂണിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി.ആര്‍. ചന്ദ്രികയെ സെക്രട്ടറിയായി നിയമിച്ചത്. പരാതി പരിഹാരവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് സിരിജഗന് സ്വന്തം കൈയില്‍ നിന്ന് തന്നെ വലിയ തുക ചെലവായിട്ടുണ്ട്.
2023 നവംബര്‍ 15ന് ശേഷം ഒരു കേസ് പോലും പരിഗണിക്കാന്‍ കമ്മിറ്റിക്ക് ആയിട്ടില്ല. നിലവില്‍ ഏഴായിരത്തോളം പരാതികളാണ് തീര്‍പ്പ് കല്‍പ്പിക്കാന്‍ ബാക്കിയുള്ളത്. കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എട്ടു ലക്ഷം പേരാണ് തെരുവുനായ്‌ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതേ കാലയളവില്‍ തെരുവ് നായ്‌ക്കളുടെ ആക്രമണത്തില്‍ 42 പേര്‍ക്ക് ജീവഹാനിയും സംഭവിച്ചു. തെരുവു നായ്‌ക്കള്‍ കാരണം ഇരുചക്ര വാഹന അപകടങ്ങളില്‍ ഉണ്ടായ മരണം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: