കഠിന തപസ്സുചെയ്യ്തു നേടുന്ന വരങ്ങള്‍ ലോകോപകാരത്തിന് ഉതകുന്നവയല്ലായെങ്കില്‍ അതു നിഷ്ഫലം തന്നെയാകുന്നു. അസുരര്‍ ഘോരതപസ്സു ചെയ്ത് വരം വാങ്ങി ശേഷം ലോകോപദ്രവകാരികളായി വിനാശം വിതക്കുന്നു. സത്വഗുണമുള്ളവരാകട്ടെ യഥാര്‍ത്ഥ തപസ്വികള്‍ തന്നെയാകുന്നു. ക്രോധത്തെ ജയിച്ച അവര്‍ ശാന്തചിത്തന്മാരുമാകുന്നു. ആത്മസാക്ഷത്ക്കാരത്തിനും വിഷയവിരക്തിക്കും ഇഷ്ടദേവതാപ്രീതിക്കുമെല്ലാം തപസ് അനുഷ്ഠിക്കാം.
വരലബ്ധിയില്‍ അഹങ്കരിച്ചു വരദാതാവിനെ വിഷമവൃത്തത്തിലാക്കിയ ഭാസ്മാസുരന്റെ കഥ പ്രസിദ്ധമാണല്ലോ. തപസ്സിലൂടെ മഹാസിദ്ധികള്‍ പ്രാപ്തമായാലും രാജോഗുണികളുടെ ചിത്തം സ്ഫടികജലം പോലെ നിര്‍മലമായിരിക്കില്ല. കോപാവേശവും സ്പര്‍ദ്ധയും അവരുടെ മനസ്സിനെ നാള്‍ക്കുനാള്‍ ദുഷിപ്പിക്കും. മനസ് സത്വഗുണ പ്രധാനമാകുമ്പോള്‍ ആരോടും പകയും പ്രതികാരവും ഉണ്ടാവില്ല. ബ്രഹ്മാത്മജനായ വസിഷ്ഠമുനി അത്തരത്തില്‍ സത്വഗുണപ്രധാനന്‍ ആയ മഹാഋഷിയായിരുന്നു. അദ്ദേഹത്തിന്റെ സത്വഗുണം വ്യക്തമാക്കുന്ന സംഭവം മഹാഭാരത്തിലുണ്ട്.
വേട്ടയ്‌ക്കായി സൈന്യസമേതം വനാന്തരത്തിലേക്ക് പുറപ്പെട്ടു. മൃഗങ്ങളെ വേട്ടയാടി രസിച്ചു നടന്നപ്പോഴേക്കും മദ്ധ്യാഹ്നസൂര്യന്‍ തീക്ഷ്ണമായി. വിശപ്പുംദാഹവും കൊണ്ട് രാജാവും പരിവാരങ്ങളും വലഞ്ഞു. അടുത്തുള്ള വസിഷ്ഠാശ്രമത്തില്‍ രാജാവും സംഘവും എത്തി.
വസിഷ്ഠമഹര്‍ഷി അവരെ സ്വീകരിച്ച് സത്ക്കരിച്ചു. വിഭവ സമൃദ്ധമായ സദ്യയും വിശ്രമിക്കാന്‍ ശയ്യയും നല്‍കി. സമ്മാനങ്ങളും നല്‍കിയാണ് അവരെ യാത്രയാക്കിയത്. പര്‍ണശാലയിലെ ഈ സത്ക്കാരങ്ങള്‍ കുറച്ചൊന്നുമല്ല വിശ്വാമിത്രനെ ആശ്ചര്യപ്പെടുത്തിയത്. കൊടുംകാട്ടില്‍ വളരെവേഗം ഇവയൊരുക്കാന്‍ എങ്ങനെ സാധിച്ചെന്ന് വിശ്വമിത്രന്‍ അത്ഭുതപ്പെട്ടു. ഞൊടിയിടയില്‍ ഇതെല്ലാം സാധിച്ചതിന്റെ രഹസ്യമറിയാന്‍ രാജാവ് താല്‍പ്പര്യം പ്രകടിപ്പിച്ചു.
ആശ്രമത്തില്‍ ഉള്ള നന്ദിനി എന്ന കാമധേനുവിന്റെ അനുഗ്രഹത്തലാണ ്ഇതെല്ലാം സാധിച്ചതെന്ന് വസിഷ്ഠന്‍ വിശ്വാമിത്രനെ അറിയിച്ചു. ആഗ്രഹിക്കുന്നതെന്തും ചുരത്തിത്തരുന്ന ദിവ്യ പശു രാജാവിനുള്ളതെന്ന വാദമുയര്‍ത്തി കാമധേനുവിനെ തനിക്കു നല്‍കാന്‍ വസിഷ്ഠനോട് കല്‍പ്പിച്ചു. എന്നാല്‍ കാമധേനു വസിഷ്ഠാശ്രമം വിട്ടു പോകുകയില്ലെന്ന് ബ്രഹ്മര്‍ഷി സവിനയം അറിയിച്ചെങ്കിലും രാജാവ് പിന്‍തിരിയാന്‍ തയ്യാറായില്ല.
ക്രുദ്ധനായ വിശ്വാമിത്രന്‍ ഭടന്മാരുടെ സഹായത്തോടെ പശുവിനെ പിടിച്ചു കെട്ടി കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും പെട്ടന്നു തന്നെ പശുവിന്റെ ദേഹത്തുനിന്നും ആയുധധാരികളായ യോദ്ധാക്കള്‍ ഇറങ്ങി വന്ന് രാജാവിനേയും സൈന്യത്തേയും തോല്‍പ്പിച്ചോടിച്ചു.
ബ്രഹ്മശക്തിക്കു മുന്നില്‍ ക്ഷാത്രശക്തിയുടെ അസ്ത്രങ്ങളും അടവുകളും ഒന്നുമല്ലെന്നു രാജാ വിശ്വാമിത്രന്‍ തിരിച്ചറിഞ്ഞത് അപ്പോഴാണ്. വിശ്വാമിത്രന്‍ ലജ്ജിതനായി മടങ്ങുമ്പോള്‍ ഉറച്ചൊരു തീരുമാനം കൈക്കൊണ്ടിരുന്നു.
ബ്രഹ്മതേജസ്സിനു മുന്നില്‍ ക്ഷത്രിയന്റെ ബാഹുബലം നിസ്സാരമാണെന്നതിനാല്‍ തപസ്സു ചെയ്തു ബ്രഹ്മശക്തി നേടുവാന്‍ രാജാവ് തീരുമാനിച്ചു. രാജ്യവും സകല ഐശ്വര്യങ്ങളും അനന്തരാവകാശിക്കു കൈമാറി കഠിന തപസ്സു തുടങ്ങി. ഇന്ദ്രന്റെ പരീക്ഷണങ്ങള്‍ അദ്ദേഹത്തെ വലച്ചെങ്കിലും ഒടുവില്‍ അദ്ദേഹം ലക്ഷ്യം നേടുക തന്നെ ചെയ്തു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായെങ്കിലും വിശ്വാമിത്രമുനിയുടെ മനസ്സില്‍ പഴയ വൈരം കെട്ടടങ്ങിയിരുന്നില്ല. വസിഷ്ഠമുനിയെ ദ്രോഹിക്കാന്‍ ഒരവസരം നോക്കി വിശ്വാമിത്രമുനി കഴിഞ്ഞു.
ഒരിക്കല്‍ വസിഷ്ഠന്റെ ആദ്യജാതനായ ശക്തിയും ഇക്ഷാകുവംശജനായ കല്‍മഷപാദരാജാവും വഴിയില്‍ അഭിമുഖമായി എത്തിയപ്പോള്‍ വഴി മാറാന്‍ കൂട്ടക്കാതെ രണ്ടു പേരും ശാഠ്യബുദ്ധിയോടെ തര്‍ക്കിച്ചു. രാജാവ് ചമ്മട്ടികൊണ്ട് ശക്തിയെ അടിച്ച് വഴിയില്‍ നിന്നകറ്റി.
മനോനിയന്ത്രണമില്ലാത്തവര്‍ക്ക് ഞാനെന്ന ഭാവം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. ഗുരു പുത്രനായ തന്നെ മര്‍ദ്ദിച്ച രാജാവ് നരഭോജിയായ രാക്ഷസനായി തീരട്ടെ എന്ന് അപമാനിതനായ ശക്തി രാജാവിനെ ശപിച്ചു.രാജാവ് തെറ്റു മനസ്സിലാക്കി മാപ്പു പറഞ്ഞെങ്കിലും ശക്തി അവിടെ നിന്നും പോയി. ഇതെല്ലാം ശ്രദ്ധിച്ച വിശ്വാമിത്ര മഹര്‍ഷി വസിഷ്ഠനോട് പകവീട്ടാന്‍ കിട്ടിയ അവസരം മുതലെടുത്ത് രാജാവിന്റെ ശരീരത്തിലേക്ക് ഒരു രക്ഷസനെ സന്നിവേശിപ്പിച്ചുു. അതോടെ കല്‍മഷപാദന്‍ ഘോരരാക്ഷസനായി വനത്തിലേക്കു പോയി. ഒരു ദിവസം വിശന്നു വലഞ്ഞ കല്‍മഷപാദന്‍ ശക്തിയെ തന്റെ ഭക്ഷണമാക്കി. അങ്ങനെ ശക്തിയുടെ ശാപം തനിക്കു തന്നെ വിനയായി ഭവിച്ചു.
ഇതറിഞ്ഞ വിശ്വാമിത്രന് സന്തോഷമായി. വസിഷ്ഠന്റെ മറ്റു പുത്രന്മാരെയും കൊന്നു തിന്നുവാന്‍ കല്‍മഷപാദനെ വിശ്വാമിത്രന്‍ നിയോഗിച്ചു. തന്റെ നൂറ് മക്കളുടെയും മരണത്തിനു പിന്നില്‍ വിശ്വാമിത്രന്‍ ആണെന്നറിഞ്ഞിട്ടും വസിഷ്ഠമുനി അദ്ദേഹത്തോട് പകരം വീട്ടാന്‍ തുനിഞ്ഞില്ല. വസിഷ്ഠന്‍ തികഞ്ഞ തപസ്വി ആയതിനാല്‍ പ്രതികാരബുദ്ധി തീരെയുണ്ടായില്ല. മക്കള്‍ നഷ്ടപ്പെട്ട ഏതൊരു പിതാവിനെപ്പോലെയുംഅതീവ ദുഃഖിതനായി അദ്ദേഹം ശരീരമുപേക്ഷിക്കാന്‍ തീര്‍ച്ചപ്പെടുത്തി.
അതിനായി അദ്ദേഹം മഹാമേരു ശൃംഗത്തില്‍ നിന്നു ചാടി. എന്നാല്‍ അദ്ദേഹത്തിന് ഒരു പോറല്‍ പോലുമുണ്ടായില്ല. പിന്നീട് കാട്ടുതീയില്‍ പ്രവേശിച്ചു. എന്നാല്‍ പൊള്ളലേറ്റില്ല. ശേഷം ദേഹത്തു കയറു വരിഞ്ഞു കെട്ടി നദീപ്രവാഹത്തില്‍ ചാടിയെങ്കിലും നദി പാശബന്ധനം തകര്‍ത്ത് അദ്ദേഹത്തെ രക്ഷിച്ചു. ആ നദിയാണ് പിന്നീട് ‘വിപാശ’ എന്ന പേരില്‍ പ്രസിദ്ധമായത്. ഒടുവില്‍ നിരാശയോടെ മുനി ദേഹത്തു കല്ലു കെട്ടി ഗംഗയില്‍ ചാടി മരിക്കാന്‍ നോക്കി. വസിഷ്ഠന്‍ പതിച്ച ഉടനെ ഗംഗ നൂറു കൈവഴിയായി (ശതദ്രു) പിരിഞ്ഞു താന്‍ കരയില്‍ തന്നെ നില്‍ക്കുന്നതു കണ്ട് മുനി മരണചിന്ത ഉപേക്ഷിച്ച് ആശ്രമത്തിലേക്കു തിരിച്ചു പോയി.
അപ്പോള്‍ ശക്തിയുടെ ഭാര്യ അദൃശ്യന്തി ഗര്‍ഭിണിയാണെന്നറിഞ്ഞ് അതീവ സന്തുഷ്ടനായി. ഒരിക്കല്‍ പുത്രവധുവിനെയും കൊണ്ട് വനത്തിലൂടെ സഞ്ചരിക്കേണ്ടി വന്നപ്പോള്‍ കല്‍മഷപാദന്‍ അവരുടെ മുന്നില്‍ ചാടി വീണു. വസിഷ്ഠന്‍ കമണ്ഡലുവില്‍ നിന്നും മന്ത്രപൂരിതമായ ജലം രാക്ഷസന്റെ മേല്‍ തളിച്ചപ്പോള്‍ കല്‍മഷപാദ രാജാവ് പൂര്‍വ്വസ്ഥിതിയിലായി. ശക്തിയുടെ ശാപമകന്ന് ശുദ്ധനായി രാജാവ് മുനി പാദങ്ങളില്‍ സാഷ്ടംഗം നമസ്‌കരിച്ചു. തന്റെ നൂറു പുത്രന്മാരുടെ മരണത്തിനു ഹേതുവായ രാജാവിനോട് മുനി തെല്ലും പരിഭവമില്ലാതെ അദ്ദേഹത്തെ അനുഗ്രഹിച്ചു. രാജാവിന്റെ രാക്ഷസഭാവം അകന്നതറിഞ്ഞു പ്രജകളും ആനന്ദതുന്ദിലരായി.
തപസോത്തമന്മാര്‍ ആരോടും വൈരാഗ്യമോ പ്രതികാരചിന്തയോ മനസ്സില്‍ സൂക്ഷിക്കില്ല. സാത്വിക ഭാവം അവരുടെയുള്ളില്‍ നക്ഷത്രപ്രഭയോടെ ശോഭിക്കും. തന്‍കാര്യത്തിനായി അവര്‍ തപഃശക്തിയെ ഒരിക്കലും ദുരുപയോഗം ചെയ്യില്ല. ഭൂമിയിലെ സകല ജീവജാലങ്ങളും അവര്‍ക്ക് ഒരു പോലെയാണ്.
തന്നെ ഏറെ വേദനിപ്പിച്ച വിശ്വാമിത്രനോടു പോലും വസിഷ്ഠന്‍ ക്ഷമിക്കുകയാണു ചെയ്തത്. പിന്നീട് തെറ്റു മനസ്സിലാക്കി വിശ്വാമിത്രന്‍ പകയും വിദ്വേഷവും കളഞ്ഞ് വാസിഷ്ഠ മഹര്‍ഷിയെ വണങ്ങി. അതുവരെ രാജര്‍ഷിയായിരുന്ന വിശ്വാമിത്രനും അങ്ങനെ ബ്രഹ്മര്‍ഷിയായി ഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: