മധ്യപ്രദേശിലെ വലിയൊരു അണക്കെട്ടിന്റെ പേരാണ് സത്പുര. അണക്കെട്ടിനോട് ചേര്‍ന്ന ജലാശയത്തിന്റെ പേരും അത് തന്നെ. ഏതാണ്ട് പതിനായിരം ഹെക്ടര്‍ വിസ്തൃതിയുള്ള ആ ജലാശയം നാട്ടുകാരുടെ ജീവിതം കരുപ്പിടിപ്പിച്ചു. വെള്ളവും വൈദ്യുതിയും കൃഷിയും മത്സ്യബന്ധനവുമൊക്കെ സത്പുര അവര്‍ക്കു നല്കി.
ഒരു നാള് ആരുടെയോ കൈപ്പിഴകൊണ്ട് അവിടെയൊരു ആപത്കാരിയായ അതിഥി എത്തി. ബ്രസീലില്‍ ജനിച്ച് ലോകമാകെ പരന്ന ഒരു ഭീകര ജലസസ്യം. പേര് സാല്‍വീനിയ. ചൈനീസ് ജലാര്‍ എന്നും രാക്ഷസന് സാല്‍വീനിയ (ജയന്റ് സാല്‍വീനിയ) എന്നു നാട്ടുകാര്‍ വിളിച്ച സാല്‍വിനിയ മൊളസ്റ്റ.
സത്പുര തടാകത്തെ ഞെക്കിക്കൊല്ലാന്‍ ‘അതിഥി’ സസ്യത്തിന് വേണ്ടിവന്നത് കൃത്യം അഞ്ച് വര്‍ഷം മാത്രം. ആകാശത്തുനിന്നു നോക്കിയാല്‍ തടാകം കാണാനാവാത്ത അവസ്ഥ. പച്ചപ്പട്ടു വിരിച്ചപോലെ സാല്‍വിനിയ തടാകമാകെ നീണ്ടുപരന്നു കിടന്നു. വെള്ളം എടുക്കാനോ മീന്‍പിടിക്കാനോ തോണി ഇറക്കാനോ സാധ്യമല്ലാത്ത അവസ്ഥ. ജലസേചന കുഴലുകള്‍ പോലും സാല്‍വിനിയ തടസ്സപ്പെടുത്തി.
ബ്രസീല്‍ സ്വദേശിയായ ജല സസ്യത്തിന്റെ സംഹാര രൂപത്തില്‍ ഗ്രാമീണര്‍ പകച്ചുനിന്നു. ഒരിക്കലും ഉണങ്ങി നശിക്കാതെ ഓളങ്ങളുടെ താരാട്ടില്‍ തല ചായ്ച്ചുറങ്ങുന്ന ജലസസ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലങ്കാര സസ്യമായും അലങ്കാര മത്സ്യക്കൂട്ടിലെ അഹങ്കാരത്തിന്റെ പ്രതീകമായും ഒക്കെ കടല്‍ കടന്നെത്തിയ സാല്‍വിനിയ, അക്രമി സസ്യം അഥവാ ‘ഇന്‍വേസീവ് വീഡ്’ എന്നറിയപ്പെടാന്‍ അധികകാലം വേണ്ടിവന്നില്ല. ഭാരതവും ശ്രീലങ്കയും ഇന്‍ഡോനേഷ്യയും മുതല്‍ ആസ്ട്രേലിയയിലും ആഫ്രിക്കന്‍ രാജ്യങ്ങളായ മഡഗാസ്കറിലും പപ്പുവാന്യൂഗിനിയിലും വരെ എത്താന്‍ സാല്‍വിനിയയ്ക്ക് അധികകാലം വേണ്ടിവന്നില്ലെന്ന് ചരിത്രം.
ആവശ്യത്തിന് ചൂടും നൈട്രജന്‍ അഥവാ യൂറിയയുടെ സമൃദ്ധ സാന്നിദ്ധ്യവും ഉണ്ടെങ്കില്‍ സാല്‍വിനിയ കാട്ടുതീപോലെ പടരും. ഒരാഴ്ചകൊണ്ട് ഇരട്ടിയാവുമെന്ന് കണക്ക്. വെള്ളത്തില്‍ ഒരു മീറ്റര്‍ വരെ കനത്തില്‍ ചങ്ങാടം പോലെ വ്യാപിക്കും. അതോടെ ജലയാത്ര മുടങ്ങും. മത്സ്യബന്ധനം തടസ്സപ്പെടും. വെള്ളമൊഴുക്ക് നിലയ്ക്കും. വെള്ളത്തില്‍ പ്രാ
ണവായുവിന്റെ അളവ് വല്ലാതെ കുറയും. പ്രാണവായു കുറയുന്നതോടെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങും. സത്പുരയിലും അതുതന്നെ സംഭവിച്ചു.
വാരിക്കളയാനോ കോരിമാറ്റാനോ കഴിയില്ലെന്ന് അധികൃതര്‍ക്ക് മനസ്സിലായി. അതിന് വേണ്ടിവരിക കോടികളുടെ ചെലവാണ്. കീടനാശിനി പ്രയോഗം നടത്തിയാല്‍ ജലമാകെ വിഷമയമാകും. അതിലെ ജൈവ സന്തുലനം തകരും. അങ്ങനെയാണ് ജൈവ നിയന്ത്രണം എന്ന ആശയം പ്രയോഗത്തില്‍ വരുത്താന്‍ കൃഷി വിദഗ്ദ്ധര്‍ തീരുമാനിച്ചത്. അവര്‍ സാല്‍വിനിയ ചെള്ളുകളെ (വീവിള്‍) രംഗത്തിറക്കി. ഇലയുടെ മുകുളങ്ങള്‍ തിന്നൊടുക്കുന്ന കടും തവിട്ട് നിറമുള്ള ചെള്ളുകള്‍. അവയുടെ മുട്ടവിരിഞ്ഞിറങ്ങുന്ന ലാര്‍വകള്‍ സാല്‍വിനിയ കളകളുടെ ഭൂകാണ്ഡത്തിലേക്ക് തുളച്ചിറങ്ങും. അതോടെ വേരു പടലവും തണ്ടും തമ്മിലുള്ള ബന്ധം മുറിയുന്ന സാല്‍വിനിയ സസ്യം മരിക്കും. കളകള്‍ പൂര്‍ണമായും ഉണങ്ങി ജലാശയം ശാന്തമാകുന്നതിന് ആനുപാതികമായി വണ്ടുകളുടെ സംഖ്യയും കുറയും.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ സാല്‍വിനിയ ചെള്ളുകള്‍ 1982 ല്‍ ആണ് ആസ്ട്രേലിയയില്‍ നിന്നെത്തിയത്. ബാംഗ്ലൂരിലെ കളബാധിത തടാകങ്ങളിലായിരുന്നു ആദ്യ പരീക്ഷണം. അത് വിജയിച്ചു. ആ ആത്മവിശ്വാസമാണ് സ്തപുരയില്‍ 5000 സാല്‍വിനിയ ചെള്ളുകളെ തുറന്നുവിടാന്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്. പിന്നെ ഒന്നൊന്നര വര്‍ഷം സത്പുരയില്‍ അവയുടെ തേരോട്ടമായിരുന്നു. അവ രാക്ഷസന് സാല്‍വിനിയ കളകളെ വളഞ്ഞിട്ടാക്രമിച്ചു. മുച്ചൂടും മുടിച്ചു. കളകള്‍ കരിഞ്ഞുണങ്ങി വെള്ളത്തില്‍ മറഞ്ഞു.
വലിയൊരു പരീക്ഷണത്തിന്റെ വിജയമായിരുന്നു സത്പുരയില്‍ നാം കണ്ടത്. മുള്ളിനെ മുള്ളുകൊണ്ട് നേരിടുന്ന പരീക്ഷണം. പരിസ്ഥിതിയെ അല്പ്പവും നോവിക്കാത്ത പരീക്ഷണം. അന്തരീക്ഷത്തില്‍ വിഷ മാത്രകളെ അല്പ്പവും സന്നിവേശിപ്പിക്കാതെ നടത്തിയ പരീക്ഷണം അധിനിവേശ സസ്യമായ ബന്തി അഥവാ ലന്താനക്കെതിരെ ഒഫിയോ ലന്താനയും പാര്‍ത്തിനിയം ഹിസ്റ്റിരിയോ ഫോറസിനെതിരെ സൈഗോ ഗ്രമ്മ ബൈകളരേറ്റയും പ്രയോഗിച്ച് വിജിയിച്ചത് ജൈവ സസ്യ നിയന്ത്രണത്തിന് മികച്ച ഉദാഹരണം. നമ്മുടെ ജലാശയങ്ങളിലെ നിത്യ ശാപമായ കുളവാഴ നിയന്ത്രിക്കുന്നതിന് ഐസിഎആറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച് അമേരിക്കയില്‍നിന്ന് കൊണ്ടുവന്ന കുളവാഴച്ചെള്ളുകളും വിജയകഥ രചിച്ചു. പക്ഷേ മറുനാട്ടില്‍ നിന്നുവന്ന രക്ഷകര്‍ക്കൊക്കെയും അവരുടെതായ പരിമിതികള്‍ ഉണ്ടെന്നതാണ് സത്യം. ഭൂമിയുടെ കിടപ്പ്, കാലാവസ്ഥ, ഊഷ്മാവ് തുടങ്ങിയ ഘടകങ്ങള്‍ അവയുടെ പ്രവര്‍ത്തനത്തെ വലിയ തോതില്‍ സ്വാധീനിക്കും. കാര്‍ഷിക ഉല്‍പ്പാദന ക്ഷമതയ്ക്കും മനുഷ്യന്റെ ആരോഗ്യത്തിനും വന്‍ ഭീഷണി ഉയര്‍ത്തിയ പാര്‍ത്തിനിയം ഹിസ്റ്റിമോ ഫോറസ് നിയന്ത്രിക്കാന്‍ കൊണ്ടുവന്ന സൈഗോ ഗ്രമ്മ ബൈ കളറേറ്റ മഴക്കാലത്താണ് കൃത്യമായി പ്രവര്‍ത്തിക്കുക. മറ്റ് ചിലവ മറിച്ചും. പക്ഷേ ജൈവ നിയന്ത്രണത്തിന് ഭാരതത്തില്‍ ഇറക്കുമതി ചെയ്ത മൂന്ന് ഡസനോളം കീടങ്ങളില്‍ രണ്ട് ഡസനും വളരെ നന്നായി. അധിനിവേശ കളകളെ നിയന്ത്രിച്ചുവെന്നതാണ് സത്യം.
യന്ത്രക്കഴുതകള്‍
പര്‍വതമേഖലയിലെ മുന്തിര യുദ്ധങ്ങളില്‍ സഹായിക്കാന്‍ 100 റോബോട്ടിക് കഴുതകള്‍ സൈന്യത്തിലേക്ക്. അനന്യ സാധാരണമായ സഹനശേഷി. ചടുലമായ നീക്കം. ഏത് കാലാവസ്ഥയിലും പ്രവര്‍ത്തിക്കാനുള്ള മികവ് എന്നിവയാണിവയുടെ പ്രത്യേകത. തടസ്സങ്ങളെ തട്ടിമാറ്റും; വെള്ളത്തിലൂടെ നടന്ന് നദി കടക്കും; നട കയറും; വസ്തുക്കളെ തിരിച്ചറിയും; മൂന്നുവര്‍ഷം സുഗമമായി പ്രവര്‍ത്തിക്കും. ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയായ സിയാചിന്‍ മേഖലയില്‍ ഏറെ അനുയോജ്യം. വില 300 കോടി രൂപ മാത്രം. ഈയിടെ ടിബറ്റിലെ ലേയില്‍ നടന്ന ഹിംടെക് സിമ്പോസിയത്തില്‍ ഈ യന്ത്രക്കോവര്‍ കഴുതകള്‍ ഗംഭീര പ്രകടമാണത്രെ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: