കൊല്ലം: ജന്മത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമായതെന്ന് അരുണ്‍ നമ്പൂതിരി. അയ്യപ്പനെ പൂജിക്കണമെന്ന് കുട്ടിക്കാലംതൊട്ട് തുടങ്ങിയ ആഗ്രഹമാണ്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അയ്യപ്പനെ പൂജ ചെയ്ത് തുടങ്ങിയതാണ്. എല്ലാം അയ്യപ്പന്റെ കൃപാകടാക്ഷം… വാര്‍ത്ത അറിഞ്ഞപ്പോള്‍ നിയുക്ത ശബരിമല മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയുടെ പ്രതികരണമിങ്ങനെ. നീണ്ടകര, പരിമണത്തില് തോട്ടത്തില്‍ മഠത്തില്‍ പരേതരായ ശങ്കരന് നമ്പൂതിരിയുടെയും- രാജമ്മ അന്തര്‍ജ്ജനത്തിന്റെയും മകന് എസ്. അരുണ്‍കുമാര്‍ നമ്പൂതിരി ഇപ്പോള്‍ കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. നേരത്തെ ആറ്റുകാല്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു.
ആറാം തവണയാണ് ശബരിമല മേല്‍ശാന്തിയാവാനുള്ള അപേക്ഷ നല്‍കിയത്. കഴിഞ്ഞ നാല് തവണയും അവസാന ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു. ഇത്തവണ പതിമൂന്ന് പേരില്‍ നിന്നാണ് അയ്യപ്പനെ പൂജിക്കാനുള്ള നിയോഗം അദ്ദേഹത്തെ തേടിയെത്തിയത്. അമ്പലപ്പുഴ ശാന്തി വിദ്യാപീഠത്തില്‍ നിന്നും ഒന്നാം റാങ്കോടെയാണ് അരുണ്‍കുമാര്‍ തന്ത്രവിദ്യ പഠിച്ചിറങ്ങിയത്. അമ്പലപ്പുഴ പുതുമന ഇല്ലത്തില്‍ ശ്രീധരന് നമ്പൂതിരിയാണ് ഗുരു. അച്ഛനോടൊപ്പം എട്ടാം വയസില്‍ ക്ഷേത്ര പൂജാരിയായി. നീണ്ടകര പരിമണം കൈയ്പ്പവിള ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് ആദ്യമായി പൂജാദികര്‍മ്മങ്ങള്‍ ആരംഭിച്ചത്.
മുപ്പത് വര്‍ഷമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ശാന്തിക്കാരനാണ്. കൊല്ലത്തെ പ്രധാന ക്ഷേത്രങ്ങളായ ആനന്ദവല്ലീശ്വരം മഹാദേവ ക്ഷേത്രം, തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം, ചിറ്റടീശ്വരം മഹാദേവ ക്ഷേത്രം, ശക്തികുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ ജോലി നോക്കിയിട്ടുണ്ട്.
അമ്പിളിയാണ് ഭാര്യ. മകള്‍ ഗായത്രി ബിരുദപഠനം പൂര്‍ത്തിയാക്കി എല്‍എല്‍ബി പഠനത്തിനുള്ള തയാറെടുപ്പിലാണ്. മകന് ജാതവേദന്‍ നമ്പൂതിരി ആലുവ തന്ത്ര വിദ്യാ പീഠത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.
മൂത്ത സഹോദരന് ശശിധരന് നമ്പൂതിരി ദേവസ്വം ബോര്‍ഡ് ശാന്തിക്കാരായിരുന്നു. ഇപ്പോള്‍ അരുണ്‍ നമ്പൂതിരിക്കൊപ്പം അദ്ദേഹവും ലക്ഷ്മിനട മഹാലക്ഷ്മി ക്ഷേത്രത്തില്‍ സഹ കര്‍മ്മിയായി ഒപ്പമുണ്ട്. രണ്ടാമത്തെ സഹോദരര്‍ ഉണ്ണികൃഷ്ണന് നമ്പൂതിരി സ്വകാര്യ ക്ഷേത്രത്തില്‍ പൂജാരിയാണ്. സഹോദരി: വിലാസിനി അന്തര്‍ജ്ജനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: