ആലത്തൂര്‍: എഎസ്എംഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പാചകപ്പുരയില്‍ നിന്നും നൂര്ജഹാന് ഉമ്മ സഞ്ചരിച്ചത് കരകൗശല വിദ്യയുടെ വര്‍ണ്ണ ലോകത്തേക്കാണ്. സ്കൂളും കുട്ടികളും ബഹളങ്ങളും ഇല്ലാത്ത കൊറോണ കാലത്തെ ഒറ്റപ്പെടലില്‍ നിന്നും രക്ഷ നേടാന്‍ യു ട്യൂബില്‍ പരതിയപ്പോഴാണ് പാഴ്വസ്തുക്കളും പേപ്പറും ഉപയോഗിച്ചുള്ള കരകൗശല വിദ്യ ശ്രദ്ധയില്‍പ്പെട്ടത്.ചെറുപ്പത്തില്‍ സ്വായത്തമാക്കിയ കുഞ്ഞ് കുഞ്ഞ് അറിവുകള്‍ ഉപയോഗിച്ച് ശ്രമിച്ചപ്പോള്‍ അത്രക്ക് അങ്ങോട്ട് ഭംഗിയായില്ല. വീണ്ടും വീണ്ടും ശ്രമിച്ചപ്പോള്‍ സംഗതി ഗംഭീരമായി. പഴയ രണ്ട് സാരി ഉപയോഗിച്ചാണ് ചവിട്ടി നിര്‍മ്മിച്ചത്. ഉണ്ടാക്കിയ വസ്തുക്കള്‍ സ്കൂളിലെ അധ്യാപകര്‍ക്ക് തന്നെ സമ്മാനമായി നല്കി.
കൊറോണക്ക് ശേഷവും ഉമ്മ തന്റെ പ്രവര്‍ത്തനം തുടര്‍ന്നു. ആയിരങ്ങ ള്‍ക്ക് ഭക്ഷണം ഒരുക്കി പണി കഴിഞ്ഞ് ലഭിക്കുന്ന സമയമത്രയും ഉപയോഗിച്ചു. കുട്ടികളുടെ ശാസ്ത്രമേളയില്‍ കുട്ടികളോടൊപ്പം പാചക തൊഴിലാളിയായ ഉമ്മക്കും സ്കൂള്‍ അധികൃതര്‍ സ്റ്റാള്‍ ഒരുക്കി നല്കി. കുട്ടികളെ പോലെ മികച്ച മത്സരാര്‍ത്ഥിയെ പോലെ ഉമ്മയും സ്റ്റാളിനു മുന്നില്‍ നിന്നു. ആപ്പിള്‍ ഫോട്ടോ ബീഢി കമ്പനിയിലെ ബീഢി തൊഴിലാളിയായിരുന്ന ആലത്തൂര്‍ പള്ളി പറമ്പ് പരേതനായ അബ്ദുള്‍ സുക്കൂര്‍ ആണ് ഭര്‍ത്താവ്. സൈബുന്നിസ, പ്യാരിജാന്, നൗഷാദ്, പരേതനായ മന്‍സൂര്‍ എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: