Kerala

ആഞ്ചലോസിനെ സിപിഎം പുറത്താക്കിയത് കള്ള റിപ്പോര്‍ട്ടിലൂടെ: ജി. സുധാകരന്‍

Published by

ആലപ്പുഴ: സിപിഐ വേദിയിലെത്തി സിപിഎമ്മിനെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍. 28 വര്‍ഷം മുന്‍പുള്ള സിപിഎം നടപടിയില്‍ ചതിയുണ്ടായെന്ന് സിപിഐ വേദിയില്‍ സുധാകരന്‍ തുറന്നു പറഞ്ഞു.

സിപിഎം മുന്‍ എംപി ടി.ജെ. ആഞ്ചലോസിനെ പുറത്താക്കിയത് കള്ള റിപ്പോര്‍ട്ടിലൂടെയെന്നാണ് ജി.സുധാകരന്റെ വെളിപ്പെടുത്തല്‍. 1996ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.എസ്. സുജാതയുടെ തോല്‍വിയില്‍ ആയിരുന്നു നടപടി. ജില്ലാകമ്മിറ്റി യോഗത്തില്‍ അധ്യക്ഷനായിരുന്ന തന്നോട് പറയാതെ ആണ് അജണ്ട ചര്‍ച്ചയ്‌ക്ക് വെച്ചത്.

സുജാതയുടെ തോല്‍വിയില്‍ ബോധപൂര്‍വം പ്രവര്‍ത്തിച്ചു എന്നാരോപിച്ച കള്ള റിപ്പോര്‍ട്ടിലൂടെയാണ് ആഞ്ചലോസിനെ പുറത്താക്കിയതെന്നും സുധാകരന്‍ പറഞ്ഞു. അന്നത്തെ ആ സംഭവം ജീവിതത്തില്‍ ഞാന്‍ നേരിട്ട വലിയ തിരിച്ചടിയായിരുന്നു. അത് വല്ലാത്ത ഹൃദയ വേദനയുണ്ടാക്കി, സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി അന്ന് ചെയ്യാന്‍ പാടില്ലാത്തത് ചെയ്തു. തന്നെ ചതിച്ചു. ചതിച്ചയാള്‍ പിന്നെ നല്ല രീതിയില്‍ അല്ല മരിച്ചതെന്നും സുധാകരന്‍ പറഞ്ഞു. നിലവില്‍ സിപിഐ ജില്ലാ സെക്രട്ടറിയാണ് ആഞ്ചലോസ്. അന്ന് സിപിഎം പുറത്താക്കിയതുകൊണ്ട് സിപിഐയ്‌ക്ക് നല്ല സെക്രട്ടറിയെ ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്യാട് നടന്ന സിപിഐ മുന്‍ ജില്ലാ സെക്രട്ടറി എ. ശിവരാജന്‍ അനുസ്മരണ പരിപാടിയിലായിരുന്നു ആഞ്ചലോസിനെ സാക്ഷിയാക്കി സുധാകരന്‍ സിപിഎമ്മിനെ വിമര്‍ശിച്ചത്. സര്‍ക്കാരിനെതിരെയും സുധാകരന്‍ പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ തുടര്‍ച്ചയ്‌ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പണം കണ്ടെത്താന്‍ ധനകാര്യവകുപ്പും ഞാനും നടത്തിയ പോരാട്ടം തനിക്കേ അറിയൂ. ചരിത്രബോധമുള്ളവരാണ് പാര്‍ട്ടി നേതാക്കളാകേണ്ടതെന്നും സുധാകരന്‍ ഓര്‍മിപ്പിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by