Cricket

ടെസ്റ്റില്‍ കളിക്കണമെന്നത് ആഗ്രഹം; ക്യാപ്റ്റന്റെ പിന്തുണ ഭാഗ്യം: സഞ്ജു സാംസണ്‍

കളിയിലായാലും ജീവിതത്തിലായാലും ശാരീരികക്ഷമതയൊടൊപ്പം മാനസികക്ഷമതയ്‌ക്കൊപ്പം നിര്‍ണായക സ്ഥാനമുണ്ട്.

Published by

തിരുവനന്തപുരം: ടെസ്റ്റ് ക്രിക്കറ്റിലും കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരായി മൂന്നാം ടി 20യില്‍ സെഞ്ചുറി നേടിയ ശേഷം തിരുവനന്തപുരത്തെത്തിയ സഞ്ജു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സന്തോഷകരമായ സാഹചര്യമാണ് ഇപ്പോള്‍. ആ സന്തോഷം പങ്കുവയ്‌ക്കുകയാണെന്നും സഞ്ജു പറഞ്ഞു.

”ടൂര്‍ണമെന്റില്‍ എല്ലാ മത്സരങ്ങളിലും കളിക്കാന്‍ പറ്റുമെന്നും തന്റെ റോള്‍ എന്താണെന്നും കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞിരുന്നു. അത് തയ്യാറെടുപ്പിന് ഗുണം ചെയ്തു. ആദ്യ രണ്ടു കളിയില്‍ നല്ല തുടക്കം കിട്ടിയെങ്കിലും അത് മുതലെടുക്കാനായില്ല. അതില്‍ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. മൂന്നാമത്തെ മത്സരത്തിന്റെ ആദ്യ രണ്ട് മൂന്നു ഓവര്‍ കഴിഞ്ഞതോടെ ആത്മവിശ്വാസം വര്‍ധിച്ചു. അര്‍ധസെഞ്ച്വറി കഴിഞ്ഞ് ഒരോവറില്‍ അഞ്ച് സിക്‌സ്ടിക്കാന്‍ കഴിഞ്ഞതും സന്തോഷം തന്നെ. എന്നെങ്കിലും ഇത് ചെയ്യണമെന്ന് ഉണ്ടായിരുന്നു. അതിനു സാധിച്ചു. അഞ്ച് സിക്‌സ് അടിച്ചുകഴിഞ്ഞ് സ്‌കോര്‍ ബോര്‍ഡ് നോക്കിയപ്പോള്‍, 60 ല്‍ നിന്ന് പെട്ടെന്ന് 90 ല്‍ എത്തി. അപ്പോഴാണ് 90 എത്തിയല്ലോ എന്നു തിരിച്ചറിഞ്ഞത്.

സെഞ്ചറിയടിക്കുകയെന്നത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു സംഭവം തന്നെയാണ്. നൂറിലേക്ക് ഫോറടിച്ച് എത്തണോ, സിംഗിള്‍ എടുക്കണോ എന്നൊക്കെ മനസ്സില്‍ ഇങ്ങനെ ഓടിക്കൊണ്ടിരിക്കുകയാണ്. അഗ്രസീവായി കളിച്ച് 100 ല്‍ എത്താം എന്നു തീരുമാനിച്ചു. അതിനിടെ ഒരു ബോള്‍ മിസ്സാക്കി. ഇതോടെ എന്താണു ചിന്തിക്കുന്നതെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ വന്നു ചോദിച്ചു. അടിക്കാന്‍ തന്നെയാണു ശ്രമമെന്നു ഞാന്‍ പറഞ്ഞു. നീ ഒരു സെഞ്ച്വറി അര്‍ഹിക്കുന്നുണ്ട് എന്നാണ് സൂര്യ അതിനു മറുപടി നല്‍കിയത്. ഒരു ക്യാപ്റ്റന്‍ അതു പറയുമ്പോള്‍ ഒന്നു രണ്ടു പന്തുകള്‍ കൂടുതല്‍ എടുത്താലും കുഴപ്പമില്ല എന്നാണു തോന്നിയത്. സെഞ്ച്വറി കഴിഞ്ഞപ്പോള്‍ എങ്ങനെ ആഘോഷിക്കണമെന്ന ആശയക്കുഴപ്പം ഉണ്ടായി. ഹെല്‍മറ്റ് ഊരണോ വേണ്ടയോ എന്നൊക്കെ ചിന്തിച്ചു നില്‍ക്കുമ്പോഴാണ് സൂര്യ അദ്ദേഹത്തിന്റെ ഹെല്‍മറ്റും ഊരി ഓടി അടുത്തെത്തിയത്. സൂര്യയുടെ ആ ആഘോഷം എന്റെ സന്തോഷം ഇരട്ടിയാക്കി. ഒരു ക്യാപ്റ്റന്‍ ഇത്രയേറെ പിന്തുണ നല്‍കുന്നത് ഒരു താരത്തിന്റെ ഭാഗ്യം തന്നെയാണ്.” സഞ്ജു മാധ്യമങ്ങളോടു പറഞ്ഞു.

സൂര്യകുമാര്‍ യാദവുമായി വര്‍ഷങ്ങളായുള്ള ബന്ധമാണ് തനിക്കുള്ളതെന്നും സഞ്ജു പറഞ്ഞു. ജൂനിയര്‍ ക്രിക്കറ്റില്‍ ഒരുമിച്ച് കളിക്കുന്നതു മുതലുള്ള ബന്ധമാണ് സൂര്യകുമാര്‍ യാദവുമായുള്ളത്. അതിലുപരി തങ്ങള്‍ രണ്ടുപേരും ഒരേ കമ്പനിക്കാണ് ജോലി ചെയ്യുന്നത്. ബിപിസിഎല്ലിനുവേണ്ടി. അവര്‍ ഒരുപാട് മത്സരങ്ങളില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. പിന്നെ ഇന്ത്യ എക്കായും ഒരുമിച്ച് കളിച്ചു. സൂര്യ എങ്ങനെയാണ് ഇന്നത്തെ സൂര്യകുമാര്‍ യാദവായതെന്ന് കൂടെ നിന്ന് കണ്ടിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ സൂര്യയുടെ വലിയ ഗുണമായി കാണുന്നത് ആശയവിനിമയത്തിനുള്ള കഴിവാണ്. ഉള്ള കാര്യം ഉള്ളതുപോലെ മുഖത്തു നോക്കി പറയുക എന്നതാണ് സൂര്യയുടെ ശൈലി. അതുകൊണ്ട് തന്നെ ഡ്രസ്സിംഗ് റൂമിലുള്ള എല്ലാ കളിക്കാരും ഹാപ്പിയാണ്.”

കളിയിലായാലും ജീവിതത്തിലായാലും ശാരീരികക്ഷമതയൊടൊപ്പം മാനസികക്ഷമതയ്‌ക്കൊപ്പം നിര്‍ണായക സ്ഥാനമുണ്ട്. കളിയുടെ മൂന്നു ഫോര്‍മാറ്റിലും കളിക്കാനാണ് താല്‍പര്യം. ഓപ്പണര്‍ റോള്‍ മുതല്‍ ആറു വരെയുള്ള സ്ഥാനങ്ങളില്‍ എവിടെ വേണമെങ്കിലും തനിക്ക് ബാറ്റ് ചെയ്യാന്‍ കഴിയും എന്ന ആത്മവിശ്വാസമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് തന്നെ മാറി തുടങ്ങി. ടെസ്റ്റ് ക്രിക്കറ്റിലും ശൈലി മാറി തുടങ്ങിയിട്ടുണ്ട്. 10 ഓവറില്‍ നൂറു റണ്‍സ് എന്ന കാഴ്ചപ്പാടായി. ഇന്ത്യന്‍ വനിതാ ടീമില്‍ മൂന്നു മലയാളികളുണ്ടായി. കേരള ക്രിക്കറ്റും മാറുകയാണ്. കേരളത്തിനുവേണ്ടി അടുത്ത രഞ്ജിട്രോഫി മത്സരം കളിക്കുന്നുണ്ട്. അവസരം കിട്ടുമ്പോഴൊക്കെ കേരളത്തിനുവേണ്ടി കളിക്കുകയെന്നത് ഇഷ്ടമുള്ള കാര്യമാണ്. 15 വര്‍ഷത്തെ സുഹൃദ്ബന്ധം കേരള ടീമിലെ പലരുമായിട്ടുണ്ട്. അവരോട് ഇന്ത്യന്‍ ടീമിലെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കാനും കഴിയും. കെഎസിഎല്‍ കേരള ക്രിക്കറ്റില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. കെസിഎല്ലില്‍ കളിച്ച പലര്‍ക്കും ഐപിഎല്‍ കളിക്കാനാവും. ആറേഴു പേര്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ട്രയല്‍സിനെത്തിയിരുന്നു. ഇവരില്‍ ചിലര്‍ക്ക് ഐപിഎല്‍ കളിക്കാനാവും. രഞ്ജി ട്രോഫി പോലുള്ള മത്സരങ്ങളില്‍ പ്രതിഭയുള്ള യുവതാരങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി അവസരം നല്‍കുന്നത് കേരള ക്രിക്കറ്റിനു ഗുണം ചെയ്യുമെന്നും സഞ്ജു പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by