രാഷ്ട്രീയ പാര്‍ട്ടികളെയും അവരുടെ നയപരിപാടികളെയും മുന്‍വിധിയോടെ സമീപിക്കുന്ന മാധ്യമങ്ങള്‍ക്കുള്ള മറുപടി കൂടിയായിരുന്നു പോയവാരം പുറത്തുവന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. മൂന്നാംവട്ടം ഭാരതീയ ജനതാ പാര്‍ട്ടി ഹരിയാനയില്‍ അധികാരത്തിലേറുക അസംഭവ്യമാണെന്ന് ദല്‍ഹി മാധ്യമങ്ങളും തെരഞ്ഞെടുപ്പ് വിശാരദന്മാരും മുന്‍കൂട്ടി പ്രഖ്യാപിച്ചു. സ്വതവേ ബിജെപി വിരുദ്ധരായ മലയാള മാധ്യമങ്ങള്‍ അത് കുറേക്കൂടി പൊലിപ്പിച്ചു. അങ്ങനെ ഫലപ്രഖ്യാപനത്തിന് മുന്നേ എല്ലാവരും ചേര്‍ന്ന് കോണ്‍ഗ്രസിനെ അധികാരത്തിലേറ്റി!
സര്വെക്കാരെ കണ്ണടച്ച് വിശ്വസിച്ച മലയാള മാധ്യമങ്ങള്‍ക്ക് ഫലപ്രഖ്യാപന ദിവസം കയ്പുനിറഞ്ഞതായി. ആദ്യ മണിക്കൂറുകളില്‍ ‘പോസ്റ്റല്‍ ബാലറ്റില്‍ ‘ തന്നെ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം കടക്കുന്നു തുടങ്ങിയ പരിഹാസ്യമായ വാദങ്ങളുയര്‍ന്നു. പോസ്റ്റല്‍ ബാലറ്റുകളെക്കുറിച്ച് അടിസ്ഥാന ധാരണപോലുമില്ലാത്തവരുടെ ആക്രോശങ്ങള്‍ നമ്മുടെ സ്വീകരണ മുറികളില്‍ നിറഞ്ഞു. മുക്കാല്‍ മണിക്കൂറില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം കടന്നു എന്ന് പ്രഖ്യാപിച്ചവരെ അമ്പരപ്പിച്ച് തെരഞ്ഞെടുപ്പു കമ്മിഷന് യഥാര്‍ഥ ലീഡ് നില പുറത്തുവിട്ടു. ഒടുവില്‍ നാടകാന്ത്യം ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണത്തുടര്ച്ചയിലേ്ക്ക്.
കിസാന്‍ (കര്‍ഷകര്‍), ജവാന്(സൈനികര്‍), ഫയല്വാന് (ഗുസ്തിക്കാര്‍) ഈ മൂന്നുകൂട്ടരും ബിജെപിക്ക് എതിരെന്നായിരുന്നു മാധ്യമങ്ങളും കോണ്‍ഗ്രസും ഒരുപോലെ പ്രചരിപ്പിച്ചത്. അതുയര്‍ത്തി കേന്ദ്രസര്‍ക്കാരിനെതിരെ സമരങ്ങള്‍ സംഘടിപ്പിച്ചെങ്കിലും കര്‍ഷകരുടെ പിന്തുണ നേടാന്‍ കോണ്‍ഗ്രസിനായില്ല. പ്രധാന സമരനായകന് ഗുരുനാം സിങ് ചരുണിക്ക് പെഹോവയില്‍ കെട്ടിവച്ച കാശ് പോലും കിട്ടിയില്ല. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരനായകന് എന്ന് മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടിയ ചരുണിക്ക് ആകെ കിട്ടിയത് 1,170 വോട്ടുകള്‍. കോണ്‍ഗ്രസ് തിരക്കഥയായിരുന്നു മലയാള മാധ്യമങ്ങള്‍ ദിവസങ്ങളോളം ആഘോഷിച്ച കര്‍ഷകസമരത്തിന് പിന്നിലെന്ന് ഹരിയാനക്കാര്‍ രാജ്യത്തെ ബോധ്യപ്പെടുത്തി.
ഗുസ്തി താരങ്ങളുടെ സമരമായിരുന്നു മറ്റൊരു വിഷയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഒളിംപിക്സിലെ അയോഗ്യതയുടെ പാപഭാരമടക്കം നരേന്ദ്രമോദിക്കു മേല്‍ ചുമത്തുന്ന ഹീനതന്ത്രമാണ് അക്കാര്യത്തില്‍ പ്രതിപക്ഷം പയറ്റിയത്. ഗുസ്തിതാരങ്ങളുയര്ത്തിയ എല്ലാ വിഷയങ്ങളിലും കാലതാമസമില്ലാത്ത നിയമ നടപടിക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ തയാറായതാണ്. താരങ്ങളുടെ ആവശ്യം മാനിച്ച് ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ഭരണസമിതിയെ കേന്ദ്രകായിക മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു. ആരോപണ വിധേയനായ ബ്രിജ് ഭൂഷണ് ചരണ്‍ സിങ്ങിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കിയില്ല. ഇത്രയെല്ലാം ചെയ്തിട്ടും ഗുസ്തി താരങ്ങളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. അതും ഗുസ്തിയുടെ നാടായ ഹരിയാനയിലെ സാമാന്യജനം തള്ളി.
സൈന്യത്തിന്റെ കാര്യശേഷി വര്‍ധിപ്പിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ അഗ്നി
വീര്‍ പദ്ധയിയാണ് ബിജെപിക്കെതിരായ പ്രചാരണത്തിന് കോണ്‍ഗ്രസ് ഉപയോഗിച്ച മറ്റൊരു വിഷയം. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു നുണപ്രചാരണങ്ങള്‍. അഗ്നിവീറുകള്‍ക്ക് സേവനത്തിന് പ്രതിഫലമൊന്നും ലഭിക്കില്ല എന്ന പ്രചാരണത്തിലൂടെ സൈനിക സേവനത്തില്‍ തല്പരരായ ഹരിയാന യുവതയുടെ വോട്ട് തട്ടുകയായിരുന്നു ലക്ഷ്യം. ഒറ്റത്തവണ സേവാനിധി പാക്കേജിന് കീഴില്‍ 12 ലക്ഷം രൂപയും 44 ലക്ഷം രൂപ എക്സ്ഗ്രേഷ്യ തുകയും അഗ്നിവീരന്മാര്ക്ക് ലഭിക്കുമെന്നിരിക്കെയായിരുന്നു ഈ പ്രചാരണം. പോലീസ്, ഫോറസ്റ്റ് ഗാര്‍ഡ് തുടങ്ങിയ ജോലികളില്‍ ഹരിയാന സര്‍ക്കാര്‍ അഗ്നിവീരന്മാര്ക്ക് 10 ശതമാനം തൊഴില്‍ സംവരണവുമേര്പ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് മനക്കോട്ട കെട്ടിയ മൂന്ന് കാര്യങ്ങളെയും പൊളിക്കാന്‍ കഴിഞ്ഞു എന്നതാണ് ബിജെപിയുടെ വിജയത്തിന് അടിസ്ഥാനം.
അതേസമയം ജനങ്ങളുടെ പള്‍സ് അറിഞ്ഞ് പ്രവര്‍ത്തിക്കാനും തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനും ബിജെപിക്കായി. പത്തുവര്‍ഷം ഭരിച്ച പാര്‍ട്ടിക്കെതിരെ ഉണ്ടാകാവുന്ന സ്വാഭാവിക ഭരണവിരുദ്ധവികാരം ഹരിയാനയിലുമുണ്ടായി. അതിനെ മറികടക്കാന്‍ ആര്‍ജവമുള്ള തീരുമാനങ്ങള്‍ പാര്‍ട്ടിയെടുത്തു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദളിത് പിന്നാക്ക വിഭാഗങ്ങളുടെ ആവശ്യപ്രകാരം അവരിലൊരാളെ മുഖ്യമന്ത്രിയാക്കി. മനോഹര്‍ ലാല്‍ ഖട്ടറുടെ നേതൃത്വത്തില്‍ നടത്തിവന്ന ജനക്ഷേമ പദ്ധതികള്‍ കൂടുതല്‍ ഊര്‍ജസ്വലമായി തുടരാന്‍ നയാബ് സിങ് സൈനിക്കായി.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉറച്ച പിന്തുണ ഹരിയാന സര്‍ക്കാരിന് കരുത്തായി. ഇരട്ട എന്ജിന് സര്‍ക്കാരിന്റെ ബലത്തില്‍ 56 ദിവസത്തിനുള്ളില്‍ ജനപക്ഷത്തുനിന്നുള്ള 126 തീരുമാനങ്ങളാണ് സൈനി സര്‍ക്കാരെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്തിക്കാട്ടുന്ന ദരിദ്രര്‍, കര്‍ഷകര്‍, യുവാക്കള്‍, വനിതകള്‍ എന്നീ നാല് വിഭാഗങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ ക്ഷേമപദ്ധതികള്‍. സൗജന്യപാചകവാതക സിലിണ്ടറുകള്‍ മുതല്‍ ലാഡോ ലക്ഷ്മി പദ്ധതിവരെയുള്ളവ നടപ്പാക്കിയതോടെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനത സര്‍ക്കാരിന്റെ കരുതല്‍ നേരിട്ടറിഞ്ഞു.
കിസാനും ജവാനും ഫയല്‍വാനും ചേര്‍ന്ന് ജയിപ്പിക്കും എന്ന് കരുതിയ കോണ്‍ഗ്രസ് ജാട്ട് വിഭാഗത്തെ മാത്രം ഒപ്പം നിര്‍ത്തി. പിന്നാക്ക ദളിത് വിഭാഗത്തെ അപ്പാടെ അവഗണിച്ചു. ഹരിയാനയിലെ ജനസംഖ്യയുടെ 20 ശതമാനം ദളിത് വിഭാഗങ്ങളാണ്. ”ജാതി സെന്‍സസ് ജീവിത ലക്ഷ്യമാണെന്ന്” പ്രഖ്യാപിച്ച അതേ രാഹുല്‍, കുമാരി സെല്‍ജ എന്ന ദളിത് നേതാവിനെയും അവരുടെ അനുയായികളെയും അപമാനിച്ചുവിട്ടു. അവര്‍ ചോദിച്ച നാല് സീറ്റു പോലും നല്‍കേണ്ടതില്ല എന്ന പത്താം ജന്‍പഥിന്റെ ഉത്തരവ് ദളിത് സമുദായത്തെയാകെ അധിക്ഷേപിക്കുന്നതായി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാട്ട്് മേധാവിത്വമാവുമെന്നും പിന്നാക്ക ദളിത് വിഭാഗങ്ങള്‍ പൂര്‍ണമായും അവഗണിക്കപ്പെടുമെന്നും ആ വിഭാഗങ്ങള്‍ക്ക് ബോധ്യം വന്നു. സീറ്റ് നിര്‍ണയത്തിലടക്കം ബിജെപി, ദളിത് വിഭാഗങ്ങള്‍ക്ക് മുന്തിയ പരിഗണന നല്കി.
വസ്തുത ഇതാണെന്നിരിക്കെ തെരഞ്ഞെടുപ്പ് തോറ്റതില്‍ വോട്ടിങ് മെഷീനെ പഴിക്കുന്ന പതിവ് തന്ത്രവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. ആ പാര്‍ട്ടി ജയിക്കുന്ന മണ്ഡലങ്ങളിലൊന്നും ഇവിഎം വിശ്വാസ്യതയില്‍ കോണ്‍ഗ്രസിന് സംശയമില്ല. 99 ശതമാനം ബാറ്ററി ചാര്‍ജുള്ള മെഷീനില്‍ ബിജെപിയും 70 ശതമാനം ചാര്ജുള്ളിടത്ത് കോണ്‍ഗ്രസും ജയിക്കുന്നു എന്ന വിചിത്രവാദമാണ് ഉന്നയിക്കുന്നത്. സ്ഥാനാര്‍ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് മെഷീനുകളില്‍ ബാറ്ററി ഇടുന്നത്. വോട്ടെടുപ്പിന് ശേഷം ഇവിഎമ്മുകള്‍ സൂക്ഷിക്കുന്നിടത്ത് ശക്തമായ സുരക്ഷയും സിസിടിവി നിരീക്ഷണവുമുണ്ട്. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി സാധ്യമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും ഇവിഎമ്മിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന് എന്ന ഭരണഘടനാ സ്ഥാപനത്തെ തന്നെയാണ് അപമാനിക്കുന്നത്.
ജനാധിപത്യത്തില്‍ ജനങ്ങളെ കബളിപ്പിച്ച് അധികാരത്തിലേറാം എന്ന കോണ്‍ഗ്രസിന്റെ ധാരണ ഒരിക്കല്‍ കൂടി തെറ്റിക്കുന്നതായി ഹരിയാന ഫലം. ജാതി അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് ഭരണം നേടാനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നീക്കത്തിനാണ് ജനം തിരിച്ചടി നല്‍കിയത്. ബിജെപിയാകട്ടെ ജയസാധ്യതയും ജനക്ഷേമവും മുന്‍നിര്‍ത്തിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രചാരണവും നടത്തിയത്. വരാനിരിക്കുന്ന മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും കേരളത്തിലെ ഉപതെരഞ്ഞെടുപ്പിലും അത് തന്നെയാകും പാര്‍ട്ടി ലൈന്‍.
(മുന്‍ കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററി കാര്യ സഹമന്ത്രിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: