Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Published by

പ്രകൃതി സൗന്ദര്യം ആവോളമുള്ള, ഐതിഹ്യ കഥകളാല്‍ സമ്പുഷ്ടമാക്കപ്പെട്ട ഒരിടമാണ് പാഞ്ചാലി മേട്. ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനടുത്ത് മുറിഞ്ഞ പുഴ ഗ്രാമത്തിലാണ് പാഞ്ചാലിമേട്. സമുദ്ര നിരപ്പില്‍ നിന്നും രണ്ടായിരത്തി അഞ്ഞൂറ് അടിക്കു മുകളില്‍ സ്ഥിതി ചെയ്യുന്ന ഇവിടം സുഖ ശീതളമായ കാലാവസ്ഥയ്‌ക്ക് പ്രസിദ്ധമാണ്.പഞ്ചാലിമേട് അനുഭവിച്ചറിയാനുള്ളതാണ്.പാഞ്ചാലി മേട് എന്നാ പേരിനു പിന്നിലും ഒരു ഐതീഹ്യം ഉണ്ട്.ദ്വാപരയുഗത്തിൽ പാണ്ഡവർ പാഞ്ചാലിസമേതം വനവാസകാലത്ത് ഇവിടെ എത്തി എന്നാണ് വിശ്വാസം. പഞ്ചാലിമേട് എന്ന സ്ഥലനാമത്തിനും പിന്നിലുംനിറയുന്ന ചരിത്രവും ഇതുതന്നെ.പാണ്ഡവ പത്നിയായ പാഞ്ചാലി (ദ്രൗപദി) യുടെ പേരിനോട് ചേര്‍ത്താണ് ഈ മേട് അറിയപ്പെടുന്നത്. എതു കഠിനമായ വേനല്‍ക്കാലത്തും വറ്റാത്ത പഞ്ചാലി ഉപയോഗിച്ചിരുന്നതെന്ന് കരുതപ്പെടുന്ന ‘പാഞ്ചാലിക്കുളവും’ പഞ്ച പാണ്ഡവരിലെ മസില്‍മാനായിരുന്ന സാക്ഷാല്‍ ഭീമസേനന്റെ പാദങ്ങള്‍ പതിഞ്ഞ ഗുഹയും പാഞ്ചാലി മേട്ടിലുണ്ട്. പാഞ്ചാലി മേടിന്റെ താഴെ വരെ മാത്രമേ വാഹനങ്ങള്‍ ചെല്ലുകയുള്ളു. ശബരിമല മകരജ്യോതി മേട്ടില്‍ നിന്നും ദൃശ്യമാകുമെന്നതിനാല്‍ അയ്യപ്പ ഭക്തര്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണിത്.

പാണ്ഡവർ പാഞ്ചാലിയുമൊത്ത് വസിച്ചിരുന്നത് ഇവിടെയാണ്. അക്കാലത്ത് ഇവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിരുന്നത് ആദിവാസികളായിരുന്നു. ഇവിടെ നിന്ന് യാത്ര അടുത്ത സ്ഥലത്തേക്ക് തുടരും മുൻപ് തങ്ങൾ ആരാധിച്ചിരുന്ന ദുർഗദേവി വിഗ്രഹം ഭീമൻ ആദിവാസികൾക്കായി പ്രതിഷ്ഠിച്ചു നൽകി.ദേവിയെ ആരാധിക്കാനും അവർക്ക് നിർദേശം നൽകി. തുടർന്ന് ആ ദേവി വനദുർഗായായി അറിയപ്പെടാൻ തുടങ്ങി.

ഒരിക്കൽ ആദിവാസികൾ തമ്മിൽ ചേരിതിരിഞ്ഞ് കലാപം ഉണ്ടായി. ഒരു വിഭാഗം ആദിവാസികൾ ദേവി വിഗ്രഹം കൈവശപ്പെടുത്തി. അവർ കൗളാചാരപ്രകാരം പൂജകൾ നടത്തി. ഉൗഗ്രരൂപിണിയായി ദേവിവിഗ്രഹത്തെ മാറ്റി. കാലക്രമത്തിൽ പഞ്ചാലിമേട് വാസയോഗ്യമല്ലാതെയായി. അതോടെ ആദിവാസികൾ പടിഞ്ഞാറെ താഴ്വരയിലേക്ക് താമസം മാറ്റി. ദേവിയും കാട്ടുവള്ളിയിൽ ആടി താഴ്വാരത്തേക്കെത്തി. അങ്ങനെ ആ ദേശം വള്ളിയാടിക്കാവ് എന്നും പിന്നീട് വള്ളിയാങ്കാവ് എന്നും അറിയപ്പെട്ടു. കോട്ടയം- കുമളി ദേശീയപാതയിൽ നിന്ന് 15 കിലോ മീറ്റർ മാറി ട്രാവൻകൂർ റബർ ആൻഡ് ടീ കമ്പനിയാൽ ചുറ്റപ്പെട്ട വള്ളിയാങ്കാവ് കരയിൽ ഇന്നുള്ള ക്ഷേത്രം ഇതാണ്.

പാണ്ഡവരുടെ വരവിന്റെ ഓർമകൾ നിറയുന്ന അടയാളങ്ങൾ ഇന്നും ഇവിടെ കാണാം. പാഞ്ചാലിമേടിന്റെ കിഴക്കുവശത്തായി കുളം, പാഞ്ചാലിക്ക് കുളിക്കാനായി ഭീമൻ പണിതു നൽകിയതാണെന്നും അതല്ല ഭീമന്റെ കാൽപാദം പതിഞ്ഞ് കുളമായി രൂപപ്പെട്ടു എന്നതുമാണ് വിശ്വാസം. പഞ്ചാലിക്കായി ഒരുക്കിയ വെള്ളാരംകല്ലിൽ തീർത്ത നടപ്പാതയും പാണ്ഡവരെ ആക്രമിക്കാൻ എത്തിയ രാക്ഷസിയെ ശപിച്ച് ശിലയാക്കി മാറ്റിയ കല്ലും, അക്രമിക്കാൻ വന്ന ആനയെ പാഞ്ചാലി ശിലയാക്കി മാറ്റിയ കല്ലും പാണ്ഡവർ ഭക്ഷണം പാകം ചെയ്യുന്നതിനായി ഒരുക്കിയിരുന്നു എന്നു വിശ്വസിക്കുന്ന അടുപ്പുകല്ലുകളും ഇന്നും ഇവിടെ കാണാം.

നിത്യ പൂജയില്ലാത്ത ഒരു ദേവീ ക്ഷേത്രവും, അതി പുരാതനമായ സര്‍പ്പ പ്രതിഷ്ടകളുമാണ് കയറിച്ചെല്ലുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുക. പഴക്കമേറിയതും അപൂര്‍വ്വവുമായ ഒരു ശിവലിംഗവും ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തായി കാണാന്‍ കഴിയും. മേട്ടില്‍ നിന്നും തെക്കൊട്ട് തിരിഞ്ഞിറങ്ങിയാല്‍ പാഞ്ചാലിക്കുളത്തിലെത്താം. കല്ല് കൊണ്ട് കെട്ടിയ രണ്ട് കുളങ്ങള്‍ക്കും സമീപം പ്രകൃതിയൊരുക്കിയ കുളിര്‍ മരീചികയെന്ന് തോന്നിപ്പിക്കുന്ന പാഞ്ചാലിക്കുളം കാണാം. എത്ര കഠിനമായ വേനല്‍ക്കാലത്തും വറ്റാത്ത ഈ കുളത്തിലെ വെള്ളത്തിന് എപ്പോഴും തണുപ്പായിരിക്കും. പാറക്കെട്ടുകളും, ഉറച്ച മണ്ണും കൂടിക്കലര്‍ന്നതാണ് പാഞ്ചാലിമേടിന്റെ പ്രതലം.മകരസംക്രമ കാലത്ത് ഇവിടെ നിന്നു നോക്കിയാല്‍ മകര ജ്യോതി കാണാം .

ഇപ്പോൾ കൃത്യമായ അകലങ്ങളിൽ നിർമ്മിച്ചിരിക്കുന്ന കുരിശുകൾ കാണാം..ഈ സ്ഥലത്തിന് ആവശ്യത്തിനു പരിഗണന നല്‍കാൻ സർക്കാർ തയ്യാറാവുന്നില്ല എന്നതൊരു ദുഃഖ സത്യം.ഇവിടുത്തെ ക്ഷേത്രത്തിനെ കുറിച്ചുള്ള ഐതീഹ്യം ഇതാണ്.ദേവിയുടെ സാന്നിധ്യം അന്നത്തെ ഭരണകര്‍ത്താവായ വഞ്ചിപ്പുഴത്തമ്പുരാന്‌ സ്വപ്‌നദര്‍ശനത്തില്‍ ലഭിച്ചു. അതേത്തുടര്‍ന്ന്‌ ദേവിയെ പൂജിക്കാനുളള അധികാരം ആദിവാസിമൂപ്പനെ ഏല്‍പ്പിച്ചു.

ദേവിയുടെ ദൈനംദിനപൂജാദികള്‍ നടത്തുന്നതിന്‌ ഇരുപത്തിരണ്ടേക്കര്‍ സ്‌ഥലം കരമൊഴിവായി നല്‍കുകയും ചെയ്‌തു. പാഞ്ചാലിമേട്ടില്‍നിന്ന്‌ ദേവി ആടിവന്ന വള്ളി ഭീമാകാരമായി പടര്‍ന്നുകയറി വള്ളിക്കെട്ടായി രൂപം പ്രാപിച്ചു.വള്ളിക്കെട്ടിലെ അഞ്ചുമൂര്‍ത്തി സങ്കല്‌പം പാണ്ഡവരുടെ സാന്നിധ്യം വിളിച്ചോതുന്ന ഐതിഹ്യസൂചനയാണ്‌. ക്ഷേത്രത്തില്‍നിന്ന്‌ 10 കിലോമീറ്റര്‍ ദൂരെ ഉയരത്തില്‍ പാഞ്ചാലിമേട്‌ സ്‌ഥിതി ചെയ്യുന്നു.പാഞ്ചാലിയോടൊപ്പം പാണ്ഡവര്‍ തങ്ങിയ മേട്‌, പാഞ്ചാലിമേടായി. അവിടെ ഒരുഭാഗത്ത്‌ ഭീമന്‍ ചവിട്ടിയ പാട്‌ ഒരു കുളമായി രൂപാന്തരപ്പെട്ടുവെന്നാണ്‌ വിശ്വാസം. ആ കുളം ഇന്നും കാണപ്പെടുന്നു.അക്രമകാരിയായ ഒരു ആനയെ പാഞ്ചാലി ശപിച്ച്‌ പാറയാക്കി എന്നൊരു കഥയുമുണ്ട്‌. ആ ആനക്കല്ല്‌, ക്ഷേത്രത്തിന്‌ എതിരെയുള്ള മലമുകളില്‍ കാണാവുന്നതാണ്‌. പാണ്ഡവര്‍ അടുപ്പുകൂട്ടിയ മൂന്ന്‌ അടുപ്പുകല്ലുകള്‍ ഇപ്പോഴും ചരിത്രസ്‌മാരകമായി അവശേഷിക്കുന്നു.വനവിഭവങ്ങള്‍ നിവേദിച്ചും ആട്‌, കോഴി എന്നിവയെ ബലിനല്‍കിയും കാട്ടുവര്‍ഗ്ഗക്കാര്‍ അവരുടെ ആചാരരീതിയില്‍ ദേവിയെ പൂജിച്ചുവന്നു. തലമുറകള്‍ പിന്നിട്ടപ്പോള്‍ കാര്യസാധ്യത്തിനും യക്ഷിപ്രീതിക്കുമായി ഭദ്രാദേവിയെക്കൂടി പൂജിച്ചു. ശക്‌തി പൂജയിലൂടെയും, ആസുരകര്‍മ്മങ്ങളിലൂടെയും ഭദ്രയ്‌ക്ക് ചൈതന്യം വര്‍ദ്ധിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ വള്ളിയാംകാവ്‌ ദേവിയുടെ അത്ഭുതശക്‌തികളും മഹത്വവും കേട്ട്‌ ഭക്‌തജനങ്ങള്‍ വന്നുതുടങ്ങി.

വഞ്ചിപ്പുഴ സ്വരൂപത്തില്‍പ്പെട്ട തമ്പുരാക്കന്മാരുടെ അധീനതയിലുള്ള ദേവാലയങ്ങളെല്ലാം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‌ വിട്ടുകൊടുക്കുകയുണ്ടായി. ആദിവാസികളായ മലയരയ വിഭാഗക്കാരുടെ ആചാരാനുഷ്‌ഠാന കര്‍മ്മങ്ങളും പ്രാകൃതപൂജകളും നടത്തിവന്ന ഈ ക്ഷേത്രം, ആദിവാസികളുടെ എതിര്‍പ്പുമൂലം ദേവസ്വംബോര്‍ഡ്‌ ഏറ്റെടുക്കാതെ നിലനിന്നു. എന്നാല്‍ ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന മൃഗബലി, നരബലി തുടങ്ങിയ ദുഷ്‌കര്‍മ്മങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ചിലര്‍ ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌തു.വര്‍ഷങ്ങള്‍ക്കുശേഷം അന്നത്തെ ആദിവാസിമൂപ്പന്‍ കണ്ടന്‍കോന്തിയുടെ കാലത്തോളും ക്ഷേത്രവും ക്ഷേത്രസ്വത്തുക്കളും ആ ദേശത്തിന്‌ കൈവശംവച്ച്‌ അനുഭവിക്കാനും അദ്ദേഹത്തിന്റെ കാലശേഷം ദേവസ്വം ബോര്‍ഡ്‌ സ്വമേധയാ ഏറ്റെടുത്തുകൊള്ളാനും വിധിയുണ്ടായി.അരയമൂപ്പന്‍ കണ്ടന്‍ കോന്തിയുടെ മരണശേഷം 1993-ല്‍ ബോര്‍ഡ്‌ ക്ഷേത്രം ഏറ്റെടുത്തു. തുടര്‍ന്ന്‌ ജ്യോതിഷപണ്ഡിതന്‍ മണകുന്നം എം.ആര്‍. രമണന്റെ നേതൃത്വത്തില്‍ അഷ്‌ടമംഗലദേവപ്രശ്‌നം നടത്തി.

പ്രശ്‌നചിന്തയില്‍ തെളിഞ്ഞപ്രകാരം വനദുര്‍ഗ്ഗാദേവി സങ്കല്‍പ്പത്തിലുള്ള പരാശക്‌തിയെ അഥര്‍വവേദവിധിപ്രകാരമുള്ള പൂജകള്‍ നല്‍കി ആചരിച്ചുവരുന്നു.ശാക്‌തേയ പൂജകളായ ബലികളും മറ്റും നടത്തി ആചരിക്കയാല്‍ ഭദ്രകാളി ചൈതന്യത്തിന്‌ പ്രാധാന്യമേറിയെന്നും, അതു പരാശക്‌തിയായ ദുര്‍ഗ്ഗയ്‌ക്ക് ഹിതകരമല്ലാതായെന്നും പ്രശ്‌നത്തില്‍ തെളിഞ്ഞു. രണ്ടു ചൈതന്യവും ഒരേ ശ്രീകോവിലില്‍ കുടികൊള്ളുന്നത്‌ ഹിതകരമല്ലാത്തതിനാല്‍ തുല്യപ്രധാന്യത്തോടെ രണ്ടു ശ്രീകോവിലുകള്‍ നിര്‍മ്മിച്ച്‌ ഭദ്രകാളി, ദുര്‍ഗ്ഗാദേവി എന്നീ ഭാവങ്ങളിലുളള വിഗ്രഹപ്രതിഷ്‌ഠ നടത്തണമെന്നും മൃഗബലി-നരബലി മുതലായവ നിരോധിക്കണമെന്നും കണ്ടു.കൂടാതെ ഗണപതി, ശ്രീഭുവനേശ്വരിദേവി, ചെറുവള്ളി ഭഗവതി, ശിവന്‍, കാലയക്ഷി, നാഗരാജാവ്‌, നാഗയക്ഷി എന്നീ ഉപദേവസ്‌ഥാനവും തെളിഞ്ഞുകണ്ടു. 2001 ജൂലൈ എട്ടിന്‌ പ്രതിഷ്‌ഠാകര്‍മ്മങ്ങള്‍ തന്ത്രി താഴമണ്‍മഠം കണ്‌ഠര്‌ മഹേശ്വരരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു.പിന്നീട്‌ ദിവസേന ഭദ്രയ്‌ക്കും ദുര്‍ഗയ്‌ക്കും തുല്യപ്രാധാന്യത്തോടെ മൂന്നു പൂജകളും അത്താഴപ്പൂജയ്‌ക്കുശേഷം പുറത്തെ ഗുരുതിക്കളത്തില്‍ ഗുരുതിയും നടന്നുവരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by