അമ്മയും ഉണ്ണിയും രണ്ടുവാക്കുകള്‍ മാത്രമല്ല. അര്‍ത്ഥത്തിന്റെ അനന്തതയില്‍, അനശ്വര വികാരങ്ങള്‍ പ്രസരിപ്പിക്കുന്നുണ്ട് അമ്മയും ഉണ്ണിയും. വികാരങ്ങള്‍ക്കുള്ള പേരിനേയും മറികടക്കുന്നുണ്ട് അവ. താരാട്ടു തൊട്ടിലിന്റെ പടിയില്‍നിന്ന് താരാപഥത്തിനപ്പുറവും നിറഞ്ഞുനില്‍ക്കുന്നുണ്ട് അമ്മയും ഉണ്ണിയും. കാരണം രണ്ടും അര്‍ത്ഥവും ഭാവനയും സങ്കല്‍പ്പങ്ങളും ഉല്ലേഖങ്ങളും കൊണ്ട് പല പല പ്രതീകങ്ങളായി വളരുന്നു. വീട്ടുമ്മറത്തെ വാത്സല്യത്തില്‍നിന്ന് ജഗത്താകെ നിറഞ്ഞ വാത്സല്യത്തിന്റെ പരമാത്മമൂര്ത്തിയായി അമ്മയും പരമഭക്തനായ ജീവാത്മാംശമായി ഉണ്ണിയും വളരുന്നു. അങ്ങനെ എല്ലാത്തരം ഭേദങ്ങള്‍ക്കും അപ്പുറം അഭയഭാവവും ആശ്രയ ഭാവവുമായി മാറുന്നു ആ വാക്കുകള്‍.
പുരാണത്തില്‍, ഇതിഹാസത്തില്‍, ഒട്ടേറെയുണ്ട് ഈ അമ്മയും ഉണ്ണിയും പലയിടങ്ങളിലായി. മലയാളത്തില്‍ പ്രസിദ്ധകവി ഇടശ്ശേരി ഗോവിന്ദന് നായരുടെ ‘പൂതപ്പാട്ട്’ എന്ന കവിതയിലുണ്ട് ഈ അമ്മയുടെയും ഉണ്ണിയുടെയും ഭാവം വിശ്വരൂപത്തില്‍ ദര്‍ശിക്കാന്‍ പാകത്തില്‍. പ്രസിദ്ധമായ ആ കവിതയില്‍ ആറ്റുനോറ്റുണ്ടായ ഉണ്ണിയെ, എഴുത്തു പഠിക്കാന്‍ വിട്ടപ്പോള്‍ ഒരു പൂതം കൊതിച്ച്, വേഷം മാറ്റി, ഉണ്ണിക്ക് വാത്സല്യം നല്കി തട്ടിയെടുക്കുന്നതും ആ ഉണ്ണിയെ വീണ്ടെടുക്കാന്‍ അമ്മ ആത്മത്യാഗത്തിനു പോലും തയാറാകുന്നതും ‘പൂത’വാത്സല്യം ‘അമ്മ’വാത്സല്യത്തിന് കീഴടങ്ങുന്നതും ഉണ്ണിയെ വര്‍ഷം തോറും വന്നു കാണാന്‍ അമ്മയുടെ അനുമതി വാങ്ങുന്നതും പക്ഷേ, വീടേത് എന്ന് ചോദിക്കാന്‍ പൂതം മറന്നുപോകുന്നതും അതിനാല്‍ പൂതം നാടായ നാടും വീടായ വീടും കയറിയിറങ്ങുന്നതുമാണ് കവിതയിലെ ‘കഥ.’ കവിതയിലെ വികാരത്തില്‍ അമ്മ ജഗദംബയും ഉണ്ണി അറിവിലൂടെ മോക്ഷം തേടുന്ന ജീവാത്മാവും പൂതം ആത്മീയതയിലെത്താതെ പോയ അമാനുഷികതയുമായി സങ്കല്‍പ്പിക്കാവുന്നതാണ്. ഇങ്ങനെ അമ്മയും ഉണ്ണിയും പരമാത്മാവും ജീവാത്മാവുമാകുന്നതിന്റെ പരമാവസ്ഥയാണ് നവരാത്രി- വിജയദശമിക്കാലത്തെ വിശാല വിശകലനത്തിലെ കാഴ്ച.
ആദിശങ്കരന് ആത്മീയതത്ത്വവും പ്രപഞ്ചദര്‍ശനവും ഗൂഢമായും അതേസമയം സുവ്യക്തവുമായും നിറച്ചുവച്ച ‘സൗന്ദര്യലഹരീസ്തോത്ര’ത്തില്‍ അമ്മയുടെ, ജഗദംബയുടെ സമഷ്ടി ഭാവത്തിലും സമസ്തത്തിലുമുള്ള രൂപം രചിച്ചുവച്ചിട്ടുണ്ട്. ഓരോ ശ്ലോകത്തിലും അമ്മയുടെ ആ അനന്താകാരവും ഭാവവുമുണ്ട്. പത്താം ശ്ലോകത്തില്‍ അമ്മചൈതന്യത്തെക്കുറിച്ചുള്ള ഒരു ഭാഗം, ”സുധാധാരാസാരൈശ്ചരണയുഗളാന്തര് വിഗളിതൈ…” എന്ന് വിവരിക്കുന്നുണ്ട്. സഹസ്രാരവും കുണ്ഡലിനിയും സഞ്ചരിക്കുന്ന മാര്‍ഗ്ഗത്തെക്കുറിച്ചാണ്, അവിടെയാണ് അമ്മയും ഉണ്ണിയും ഉദാത്താവസ്ഥയില് സാധനയും, സിദ്ധിയും സാധകനും ഒക്കെയായി നിറയുന്നത്.
‘പെറ്റമ്മ’യെക്കുറിച്ചുള്ള ശങ്കരാചാര്യരുടെ ‘മാതൃപഞ്ചക’വും ‘പ്രപഞ്ചമാതാ’വിനെക്കുറിച്ചുള്ള ‘സൗന്ദര്യലഹരി’യുമാണ് അമ്മയെന്ന സങ്കല്‍പ്പത്തിന്റെ പരമാവസ്ഥ വ്യാഖ്യാനിക്കുന്ന ഉദാത്ത രചനകള്‍. ‘യാദേവീ സര്‍വഭൂതേഷു മാതൃരൂപേണ സംസ്ഥിത’ എന്നാണ് ‘ദേവീ ഭാഗവത’ത്തിലെ അഞ്ചാം അദ്ധ്യായത്തിലെ സ്തുതിയുടെ അവസാന ഭാവം. ‘ശ്രീമാതാ’ എന്നാണ് ലളിതാസഹസ്രനാമത്തിന്റെ തുടക്കം, വിശ്വവ്യാപിയായ അമ്മ സങ്കല്‍പ്പം.
ഇങ്ങനെ അമ്മയെന്ന സങ്കല്‍പ്പത്തിനാണ്, ‘ശിവത്വം’ ലഭിക്കാന്‍, പ്രപഞ്ച സ്ഥിരത ഉറപ്പാക്കാന്‍ ആവശ്യമായ ‘ശക്തി’യുടെ പ്രാമുഖ്യമേറെ. ‘ശിവശക്ത്യായുക്തോ യദി ഭവതി ശക്തപ്രഭവിതും…’ എന്നാണല്ലോ, ശിവനും ശക്തിയും ചേര്‍ന്നാണ് ‘ശക്ത’മാകുന്നത്. അത് ‘സര്ഗ്ഗപ്രഭവിതം’ ആക്കുന്ന കാലമാകുന്നു നവരാത്രി ദശമിയിലെ ആഘോഷവേള.
സര്‍ഗ്ഗക്രിയയുടെ അടിത്തറയായി മാറുന്ന അമ്മയുടെ പ്രഭാവം അസാധാരണമാണ്. ഉല്‍പ്പാദനത്തിന്റെയും നിഷ്പാദനത്തിന്റെയും നിഗ്രഹത്തിന്റെയും ശക്തിക്കും അമ്മയെന്ന സങ്കല്‍പ്പം അന്വര്‍ത്ഥമാകുന്നത് അങ്ങനെയാണ്. നിഗ്രഹം പോലും വാസ്തവത്തില്‍ മറ്റൊന്നിന്റെ വിഗ്രഹവല്ക്കരണത്തിനുവേണ്ടിയാണല്ലോ. അപ്പോള്‍, അമ്മ വെള്ളത്താമര പൂവില്‍, വീണമീട്ടി, ഒരു കൈയില്‍ ഗ്രന്ഥവും മറ്റൊന്നില്‍ അക്ഷമാലയും ഇനിയൊന്നില്‍ അഭയമുദ്രയും മറ്റൊന്നില്‍ വരദമുദ്രയുമായി അവതരിക്കും- ‘യാ കുന്ദേന്ദു തുഷാരഹാര ധവളാ യാ ശുഭ്രവസ്ത്രാവൃതാ…” അതേ അമ്മ തന്നെ, മഹിഷാസുരനെ നിഗ്രഹിക്കാന്‍ രക്തനേത്രയും കണ്ഠത്തില് തലയോട്ടി മാലയും ധരിച്ചവളും ഘോരാട്ടഹാസിനിയും ത്രിനേത്രയുമായി ശത്രുനിഗ്രഹത്തിന് ഭദ്രകാളിയാകും. ”രക്താംഗി രക്ത നേത്രാം കരിവര വിലസദ് കുണ്ഡലാം ചണ്ഡദംഷ്ട്രാം…” രണ്ടും ദര്‍ശിക്കാനും തന്നില്‍ എത്തിച്ചേരാനും സാധന ചെയ്യുന്നവര്‍ക്കുള്ള വഴികള്‍ തെളിയിക്കാന്‍ അമ്മയ്ക്കാകുന്നു. അമ്മമാര്‍ അങ്ങനെയാണ്; പെറ്റ്, പോറ്റി, ലക്ഷ്യത്തിലെത്തിക്കാന്‍ ധാര്‍മ്മികമായി എന്തും ചെയ്യാന്‍ സന്നദ്ധയായിരിക്കുമല്ലോ, എന്നും.
സര്‍ഗ്ഗലോകത്തിന് അങ്ങനെയാണ് നവരാത്രിയോഘോഷം അമ്മയ്ക്കുള്ള അര്പ്പണമാകുന്നത്. സാഹിത്യം, സംഗീതം, കലകള്‍ എന്നല്ല എല്ലാ കര്‍മ്മവും അമ്മയ്ക്കുള്ള സമര്‍പ്പണമാകുന്നു. ആയുധത്തിന്, അഥവാ ഉപകരണത്തിന് പൂജ ചെയ്യുന്ന ഒരു സങ്കല്‍പ്പം മറ്റെവിടെയുണ്ട്. അങ്ങനെയാണ് സിദ്ധിയിലേക്കുള്ള പവിത്രവഴി തുറക്കുന്നതും.
ഈ അമ്മസങ്കല്‍പ്പം അദൃശ്യമെങ്കിലും അനുഭൂതികരമായ ഈശ്വരത്വത്തിലേക്ക് സമന്വയിപ്പിക്കുന്നതിനൊപ്പം സമൂഹത്തിലേക്കും അതിലൂടെ ജനപദത്തിലേക്കും രാഷ്ട്രത്തിലേക്കും രാജ്യത്തിലേക്കും വളര്‍ത്തുമ്പോഴാണ് മാതൃരാജ്യവും രാഷ്ട്രമാതാവും കവിസങ്കല്പ്പത്തിനപ്പുറം യാഥാര്‍ത്ഥ്യമാകുന്നത്. ‘ഭാരത മാതാവ്’ എന്ന് സങ്കല്പ്പിക്കുമ്പോള്, വിശ്വസിക്കുമ്പോള്‍, ആരാധിക്കുമ്പോള്‍ ഉണ്ടാകുന്നത് ഇത്തരത്തില്‍ അമ്മയും ഉണ്ണിയും തമ്മിലുള്ള വൈകാരികത കൂടിയാണ്. അതറിയാവുന്ന ആത്മീയബോധവാന്മാരായിരുന്നു രാഷ്ട്രമാതാവെന്ന സങ്കല്‍പ്പം രൂപപ്പെടുത്തിയത്. ആ സങ്കല്പ്പത്തിന് വികാരത്തിന്റെ തലത്തില്‍നിന്ന് വിചാരത്തിന്റെ പക്ഷത്തിലൂടെ ആകാരം നല്കി ആവിഷ്കരിക്കപ്പെട്ടത് ഒരു വിജയദശമി ദിനത്തിലായത് തികച്ചും യുക്തിഭദ്രമായി.
ആസൂത്രിതമായാലും ആകസ്മികമായാലും സര്ഗ്ഗാത്മകമായിമാറി, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ 1925 ലെ രൂപീകരണം. നൂറുവര്ഷമെടുക്കുമ്പോള് ജഗദംബയുടെ സകല അമ്മഭാവങ്ങളും ഉള്‍ക്കൊണ്ട് അതത് ഘട്ടങ്ങളില്‍ ആവിഷ്കരിക്കാനുള്ള വൈഭവം നേടാന്‍ അമ്മ സംഘടനയിലൂടെ മക്കള്‍ക്ക് കഴിയുന്നുവെന്നത് ശ്രദ്ധേയമാകുന്നു. അങ്ങനെയാണ് അടിസ്ഥാനമൂല്യങ്ങള്‍ ആത്മാക്കളായി ഓരോ രൂപങ്ങളിലൂടെ അനുവര്‍ത്തിക്കപ്പെടുന്നത്; ഭാരതാംബയുടെ മക്കളായി അമ്മയും ഉണ്ണിയും കാലാതിവര്‍ത്തിയാകുന്നത്. അത് ഇന്നിന്നയാളുകളിലൂടെ മാത്രമെന്നല്ല, അത് അനുസ്യൂതിയാണ്.
ആ അമ്മ ഭാവവും ഉണ്ണികളുടെ കര്‍ത്തവ്യവും ഒന്നിക്കുമ്പോള്‍ മഹാകവി കാളിദാസന് ജഗദംബയെ സ്തുതിച്ചും വര്‍ണ്ണിച്ചും എഴുതിയ ശ്യാമളാദണ്ഡകത്തില്‍ പാടുംപോലെ: ”കിന്ന സിദ്ധ്യേഭ്വവുഃ ശ്യാമളം കോമളം ചന്ദ്രചൂഡാന്വിതം താവകം ധ്യായതഃ തസ്യലീലാവരോവാരിധിഃ തസ്യകേളീവനം നന്ദനം, തസ്യ ഭദ്രാസനം ഭൂതലം, തസ്യവാഗ്ദേവതാ കിങ്കരീ തസ്യ ചാജ്ഞാകരീ ശ്രീഃ സ്വയം”- അര്‍ത്ഥം ഏതാണ്ടിങ്ങനെ: അമ്മയെ ശ്യാമള കോമളയായി, ചന്ദ്രക്കല ശിരസ്സില്‍ ചൂടിയവളായി, ധ്യാനിക്കുന്നവര്‍ക്ക് എന്താണ് സിദ്ധമാകാത്തത്. അവന് മഹാസമുദ്രം വെറും കളിപ്പൊയ്കയാകും, നന്ദനാരാമം വീട്ടുമുറ്റത്തെ ചെറുപൂന്തോട്ടമാകും, ഭൂലോകം അവന് ചെറിയ ഇരിപ്പിടം മാത്രമാകും, സരസ്വതീദേവി അവന് ആജ്ഞാനുവര്ത്തിയാകും…
അങ്ങനെയാണ്; അമ്മ ഭാരതത്തെ അത്തരത്തില്‍ വിശാലമായ വിശൈ്വകമായ ശക്തിയായി കാണാന്‍ കഴിയുമ്പോള്‍ അസാധ്യമായതൊന്നുമില്ലാതാകുന്നു. അമ്മയെ ലോകോത്തരമാക്കാനുള്ള കഴിവ്, വാക്കിലെ നയംകൊണ്ട്, കൈ-മെയ്ക്കരുത്തുകൊണ്ട്, സമുദ്രങ്ങള്‍ ഒരു ചെറുചാല് നീന്തിക്കടക്കും മട്ടില്‍ കടന്ന്, ലോകത്തെ ഇരിപ്പിടമാക്കാന്‍ സാധിക്കുകതന്നെ ചെയ്യും. ”ഭാരതമാതാവ് ഒരിക്കല്‍ ഇരുന്നിരുന്ന, പ്രൗഢവും മഹത്തും യശസ്വിയുമായ സൗവര്‍ണ്ണ സിംഹാസനത്തില്‍, ലോകത്തിനു നെറുകയില്‍, സര്‍വ്വൈശ്വര്യങ്ങളോടെയും വീണ്ടും വിരാജിക്കുന്ന കാലമുണ്ടാകു”മെന്ന് സങ്കല്‍പ്പം കാണാന്‍ സംന്യാസിമാരിലെ സംന്യാസി സ്വാമി വിവേകാനന്ദന് ആഗ്രഹിച്ചത് പ്രാവര്‍ത്തികമാകും. അതിന് സര്ഗ്ഗസാധനയുടെ നവരാത്രികളും ലയസിദ്ധിയുടെ വിജയദശമികളും ഉണ്ടാകും; അത് ആഘോഷങ്ങള്‍ക്കപ്പുറം ഓരോ വര്‍ഷത്തേയും പുനര്‍പ്പണം കൂടിയാകുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: