Kerala

ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് രാജ്ഭവനിലെത്താമെന്ന് ഗവര്‍ണര്‍, ഔദ്യോഗിക കാര്യത്തിന് മുഖ്യമന്ത്രിയുടെ അനുമതി വാങ്ങണം

തന്റെ കത്തുകളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറാകാത്തതു കൊണ്ടാണു ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ വന്നു വിശദീകരിക്കാന്‍ നിര്‍ദേശിച്ചതെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി

Published by

തിരുവനന്തപുരം : ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് എപ്പോഴും രാജ്ഭവനിലേക്ക് വരാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഔദ്യോഗിക കാര്യത്തിന് രാജ്ഭവനിലേക്ക് വരാന്‍ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയിരിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം സംബന്ധിച്ച് വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിയും ഡി ജി പിയും രാജ്ഭവനിലെത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഉദ്യോഗസ്ഥര്‍ രാജ്ഭവനില്‍ ചെല്ലുന്നത് സര്‍ക്കാര്‍ വിലക്കി.

തുടര്‍ന്ന് ചീഫ് സെക്രട്ടറിയും ഡി ജി പിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടതില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഈ നിലപാടിലാണ് ഗവര്‍ണര്‍ അയവ് വരുത്തിയത്.

തന്റെ കത്തുകളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറാകാത്തതു കൊണ്ടാണു ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ വന്നു വിശദീകരിക്കാന്‍ നിര്‍ദേശിച്ചതെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ചുമതലപ്പെടുത്താതെ തന്നെ എത്രയോ കാര്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ രാജ്ഭവനില്‍ വരാറുണ്ട്. നിയമസഭ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കെ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യവുമായി ഈയിടെ രണ്ട് വകുപ്പു സെക്രട്ടറിമാരെയും കൂട്ടി ചീഫ് സെക്രട്ടറി വന്നു. വിയോജിപ്പുണ്ടായിട്ടും അംഗീകരിച്ചതായും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക