Cricket

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തി; കേരളത്തിന് മേല്‍ക്കൈ

Published by

തിരുവനന്തപുരം: പഞ്ചാബിന് എതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് നേരിയ മുന്‍തൂക്കം. മഴ തടസ്സപ്പെടുത്തിയ ആദ്യദിനം ഉച്ചവരെ മാത്രമാണ് മത്സരം നടന്നത്. കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയിലാണ് പഞ്ചാബ്. അതിഥി താരങ്ങളായ ആദിത്യ സര്‍വതെയുടെയും ജലജ് സക്‌സേനയുടെയും ബൗളിങ് മികവാണ് മത്സരത്തില്‍ കേരളത്തിന് മേല്‍ക്കൈ നല്കിയത്. ആദിത്യ സര്‍വതെ മൂന്നും ജലജ് സക്‌സേന രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അഭയ് ചൗധരിയെ മടക്കി ആദിത്യ സര്‍വതെ കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചു. സര്‍വതെയുടെ പന്തില്‍ സച്ചിന്‍ ബേബി ക്യാച്ചെടുത്താണ് അഭയിനെ പുറത്താക്കിയത്. വൈകാതെ ഓപ്പണര്‍ നമന്‍ ധിറിനെയും(10) ക്യാപ്റ്റന്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിനെയും(12) സര്‍വാതെ മടക്കി. തുടര്‍ന്നെത്തിയ അന്‍മോല്‍ പ്രീത് സിങ്ങിനെയും(28) നേഹല്‍ വധേരയെയും(ഒമ്പത്) ജലജ് സക്‌സേന ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. മോശം കാലാവസ്ഥ കാരണം മത്സരം ഇന്നത്തേക്ക് പിരിയുമ്പോള്‍ ആറ് റണ്‍സുമായി ക്രിഷ് ഭഗത്തും 28 റണ്‍സുമായി രമണ്‍ദീപ് സിങ്ങും ആണ് ക്രീസില്‍.

ഫാസ്റ്റ് ബൗളറായി ബേസില്‍ തമ്പിയെ മാത്രം ഉള്‍പ്പെടുത്തിയാണ് കേരളം സീസണിലെ ആദ്യ മത്സരത്തിന് തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ കേരളം ഇറങ്ങിയത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് പുറമെ രോഹന്‍ കുന്നുമ്മല്‍, ബാബ അപരാജിത്, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍ എന്നിവരാണ് കേരളത്തിന്റെ ബാറ്റിങ് കരുത്ത്. വത്സല്‍ ഗോവിന്ദും അക്ഷയ് ചന്ദ്രനും ആണ് പ്ലേയിങ്ങ് ഇലവനിലെ മറ്റ് താരങ്ങള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by