കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ആനിമല്‍ ക്വാറന്റൈന്‍ & സര്‍ട്ടിഫിക്കേഷന്‍ സര്‍വീസ് സെന്ററിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിച്ചു. വിദേശത്തുനിന്ന് എത്തുന്ന മൃഗസ്‌നേഹികള്‍ക്ക് നായ, പൂച്ച എന്നിവയെ നാട്ടിലേക്കു കൊണ്ടുവരാന്‍ ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഗുണകരമാകും.
നിലവില്‍ വിദേശത്തുനിന്നുള്ള വളര്‍ത്തുമൃഗങ്ങളെ ന്യൂദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എയര്‍ പോര്‍ട്ടുകളില്‍ സ്ഥിതി ചെയ്യുന്ന ആനിമല്‍ ക്വാറന്റൈന്‍, സര്‍ട്ടിഫിക്കേഷന്‍ സര്‍വീസ് സ്റ്റേഷനില്‍ കൂടെ മാത്രമേ കൊണ്ടുവരാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. മലയാളികളടക്കം ഇതിനാല്‍ വളര്‍ത്ത് മൃഗങ്ങളെ കേരളത്തിലെത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. നെടുമ്പാശ്ശേരിയില്‍ ക്വാറന്റൈന്‍ സെന്റര്‍ ആരംഭിച്ചതോടെ ഇനി മുതല്‍ മലയാളികള്‍ക്കും മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇവിടേക്ക് വിനോദ സഞ്ചാരത്തിനെത്തുന്നവര്‍ക്കും വളര്‍ത്ത് മൃഗങ്ങളെ എത്തിക്കാനാകും. ഇതുസംബന്ധിച്ചു നേരത്തെ അനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് ഡയറി ഡിപ്പാര്‍ട്ട്‌മെന്റ് അഡീ. സെക്രട്ടറി വര്‍ഷ ജോഷി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി കരാര്‍ ഒപ്പുവച്ചിരുന്നു. ഈ തീരുമാനത്തോടുകൂടി യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യം പൂര്‍ത്തീകരിച്ചതായി എയര്‍പോര്‍ട്ട് എംഡി എസ്. സുഹാസ് പറഞ്ഞു.
രാജ്യത്ത് രോഗവ്യാപ്തി തടയുന്നതിനു വേണ്ടി 1898ലെ ലൈവ്-സ്റ്റോക്ക് ഇറക്കുമതി നിയമം, 2001ലെ ഭേദഗതി നിയമം എന്നിവ പ്രകാരം കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോല്‍പാദന മന്ത്രാലയമാണ് അവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: