ന്യൂദല്‍ഹി: ബംഗ്ലാദേശിനെതിരായ ഭാരതത്തിന്റെ മൂന്ന് മത്സര ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഗ്വാളിയാറിലെ ആദ്യ മത്സര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാര്‍ യാദവും സംഘവും ഇന്ന് വൈകീട്ട് ഏഴിന്
ദല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഇറങ്ങുക. ജയിച്ചാല്‍ പരമ്പര സ്വന്തം.
ആദ്യ മത്സരത്തിലെ മിന്നും വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മലയാളി താരം സഞ്ജു വി. സാംസണ്‍ ഇന്നും ഓപ്പണറായി ടീമിലുണ്ടാകും. 19 പന്തില്‍ 29 റണ്‍സുമായി കളം നിറഞ്ഞ സഞ്ജു എന്നും ഓര്‍ത്തുവയ്‌ക്കാവുന്ന ഏതാനും ഷോട്ടുകള്‍ പായിച്ച് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. അഭിഷേക് ശര്‍മയും സഞ്ജുവും ആയിരിക്കും ഭാരതത്തിന്റെ ഇന്നിങ്‌സ് തുറക്കുക. ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് ഭാരതത്തിന് ഒരു മാറ്റത്തിന് മാത്രമേ സാധ്യതയുള്ളൂ. മികച്ച വിജയം നേടിയതിനാല്‍ അതേ ഇലവനെ തന്നെ ഇറക്കുകയെന്നതാണ് പൊതുവിലുള്ള തീരുമാനം. എന്നാല്‍ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഹര്‍ഷിത് റാണയ്‌ക്ക് അവസരം നല്‍കിയേക്കുമെന്ന സൂചനകളുണ്ട്. ദല്‍ഹിയില്‍ നടക്കുന്ന കളിയായതിനാല്‍ നാട്ടുകാരന്‍ എന്ന നിലയ്‌ക്ക് ഹര്‍ഷിതിന് അരങ്ങേറ്റത്തിനുള്ള അവസരമൊരുക്കാന്‍ ആലോചനയുണ്ട്.
അതേസമയം വിജയടീമിനെ നിലനിര്‍ത്തി പരമ്പര പിടിക്കുന്നതിനിടെ പരീക്ഷണത്തിന് മുതിരുമോയെന്നതും കണ്ടറിയണം. ഇന്നലെയും പരിശീലന സെഷനില്‍ ഹര്‍ഷിത് സജീവമായിരുന്നു. പേസ് ബൗളറായ ഹര്‍ഷിതിന് അവസരം നല്‍കിയാല്‍ ആദ്യ മത്സരത്തിലെ ടീമില്‍ നിന്നും ഒഴിവാക്കുന്നത് വാഷിങ്ടണ്‍ സുന്ദറിനെയായിരിക്കും.
ആദ്യകളി തോറ്റ സാഹചര്യത്തില്‍ ബംഗ്ലാദേശ് നിരയില്‍ കാര്യമായ മാറ്റത്തിന് സാധ്യതയുണ്ട്. അതേ കുറിച്ചുള്ള പ്രിതരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ട്വന്റി20യില്‍ ഇതുവരെ 14 കളികളിലാണ് ഭാരതവും ബംഗ്ലാദേശും ഏറ്റുമുട്ടിയത്. അതില്‍ 13ഉം ഭാരതം സ്വന്തമാക്കിയപ്പോള്‍ ബംഗ്ലാദേശ് ജയിച്ചത് ഒരേയൊരു കളിയില്‍ മാത്രം. ആ മത്സരം നടന്നത് ഇന്നത്തെ അതേ വേദിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: